രണ്ടാം കേരളപഠനത്തിലേക്ക്-ഐആര്‍ടിസി ശില്‍പശാലയില്‍ കെ.കെ.ജനാര്‍ദനന്റെ അവതരണം

0

ശാസ്ത്രസാഹിത്യ പരിഷത്ത് പഠനപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതും വ്യാപ്തിയിലും രീതിശാസ്ത്രത്തിലും ജനകീയ സംഘാടനത്തിലുമെല്ലാം ഏറെ സവിശേഷതയുള്ളതാണ് കേരളപഠനം. കേരളം എങ്ങനെ ജീവിക്കുന്നു? എങ്ങ നെ ചിന്തിക്കുന്നു? എന്ന അന്വേഷണത്തിന്റെ ഭാഗ മായി കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലുമായി ശാസ്ത്രീയമായി തെരഞ്ഞെടുത്ത വീടുകളില്‍ കുടുംബാംഗങ്ങളുടെമായി നടത്തിയ വിശദമായ ചര്‍ച്ചയുടേയും വസ്തുതാന്വേഷണങ്ങളുടേയും ഫലമായി ലഭിച്ച വിവരങ്ങളാണ് ഈ പഠനത്തിന്റെ നിഗമനങ്ങളിലേക്ക് നയിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്കിടയിലെ ദാരിദ്ര്യം, അസമത്വം, വരുമാനം, ജീവിതസൗകര്യങ്ങള്‍, തൊഴില്‍ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, തൊഴിലില്ലായ്മയുടെ സ്വഭാവം, ഉപഭോഗത്തിന്റെ പ്രവണതകള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രധാന സൂചകങ്ങള്‍ എന്നിവയെല്ലാം ഈ അന്വേഷണത്തിലുള്‍പ്പെട്ടു. അതോടൊപ്പം വിവിധ സാമൂഹ്യ-സാമ്പത്തിക വിഭാഗങ്ങളില്‍ അഭിപ്രായങ്ങളും നിലപാടുകളും പൊതുവായ രാഷ്ട്രീയ അനുഭാവവും എങ്ങനെ പ്രതിഫലിക്കുന്നു എന്ന അ ന്വേഷണവും ഈ പഠനത്തിന്റെ പ്രത്യേകതയാണ്.
സംസ്ഥാനത്തെ മുഴുവന്‍ പ്രദേശവും ഉള്‍പ്പെട്ട പരിശീലനം ലഭിച്ച അയ്യായിരത്തിലധികം പരിഷത്ത് പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നടത്തിയ ഈ ബൃഹദ്പഠനത്തില്‍ 5696 വീടുകളും 28038 വ്യക്തികളും ഉള്‍പ്പെട്ടിരുന്നു. നവലിബറല്‍ പരിഷ്കാരങ്ങള്‍ ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയ കാലത്ത് കേരളസമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും ഉയര്‍ന്നുവന്ന സവിശേഷപ്രവണതയെക്കുറിച്ച് വസ്തുതാന്വേഷണം നടത്തേണ്ടതിന്റെ അനിവാര്യത പരിഷത്തിന്റെ സജീവ ചര്‍ച്ചാവിഷയമായി മാറിയതിന്റെ സ്വാഭാവിക പരിണതിയായിരുന്നു കേരളപഠനം. 1987ലെ സമഗ്ര ആരോഗ്യ പഠനത്തിന്റെയും 1996 ലെ അതേ വിഷയത്തിലെ തുടര്‍പഠനത്തിന്റെയും മറ്റു നിരവധി പഠനപ്രവര്‍ത്തനങ്ങളുടേയും അനുഭവങ്ങളും കേരളപഠനത്തിന് പ്രേരണമായി.
കേരള വികസന അനുഭവത്തിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്തണം. കേരള സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അസമത്വങ്ങളെക്കുറിച്ചും, പൊതുസേവനങ്ങളുടെ സ്വകാര്യവത്കരണത്തെക്കുറിച്ചും, സ്വാശ്രയവിദ്യാഭ്യാസരീതികളെക്കുറിച്ചും പാര്‍ശ്വവത്കൃതവിഭാഗങ്ങളുടെ സാമൂഹ്യാവസ്ഥയെക്കുറിച്ചുമെല്ലാം ഏറെ ചോദ്യങ്ങളുയര്‍ന്ന അക്കാലയളവില്‍ ഊഹങ്ങള്‍ക്കപ്പുറം ശാസ്ത്രീയമായ വിവരങ്ങള്‍ തീരെ കുറവായിരുന്നു. പ്രകൃതിചൂഷണവും, റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളും വിദ്യാഭ്യാസ- ആരോഗ്യചെലവുകളിലെ അഭൂതപൂര്‍വ്വമായ വര്‍ധനയുമെല്ലാം സമൂഹവികാസത്തിന്റെ ദിശയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്ന നിരവധി ചോദ്യങ്ങളുയര്‍ത്തി. കമ്പോളവത്കരണത്തിന്റെ വ്യാപനം വിവിധ ജനവിഭാഗങ്ങളുടെ നിലപാടുകളിലും സാമൂഹ്യരാഷ്ട്രീയ സമീപനങ്ങളിലും അഭിപ്രായങ്ങളിലും പ്രതിഫലിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഈ അന്വേഷണങ്ങളുടെ പരിധിയില്‍ സ്വാഭാവികമായി കടന്നുവന്നു.
2004 അവസാനം നടത്തിയ ഈ ബഹുജന സര്‍വ്വേ വിവരങ്ങള്‍ 2006ല്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. A Snapshot of Kerala – Life and thoughts of the malayalee people എന്ന പേരില്‍ 2010ല്‍ ഇംഗ്ലീഷിലുള്ള ഗ്രന്ഥവും പരിഷത്ത് പ്രസിദ്ധീകരിച്ചു. അക്കാദമികമായ കൃത്യതയും സൂക്ഷ്മതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനകീയചര്‍ച്ചകള്‍ക്കും സഹായകമാകണമെന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥങ്ങള്‍ പുറത്തിറക്കിയത്.
പഠനത്തിലുള്‍പ്പെട്ട കുടുംബങ്ങളെ 4 സാമൂഹ്യസാമ്പത്തിക വിഭാഗങ്ങളിലായി തിരിച്ചുകൊണ്ടു നടത്തിയ വിശകലനങ്ങളാണ് കേരളപഠനത്തിന്റെ പ്രധാന സവിശേഷത, കുടുംബങ്ങളുടെ വരുമാനം, ചെലവ്, വീടിന്റെ അവസ്ഥ, വീട്ടുപകരണങ്ങളുടെ ഉടമസ്ഥത, ഉപഭോഗം എന്നിങ്ങനെയുള്ള വ്യത്യസ്തമായ അളവുകോലുകള്‍ സമന്വയിപ്പിച്ച് ശാസ്ത്രീയരീതിയില്‍ സാമ്പത്തികവിഭാഗങ്ങളായി തരംതിരിച്ചു നടത്തിയ വിശകലനങ്ങളോടൊപ്പം ജാതി, മതം, പ്രദേശം എന്നിവ ഓരോ കാര്യത്തിലും എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനെ ആധാരമാക്കിയുള്ള പൊതു വിശകലനങ്ങളും ഈ പഠനത്തെ വ്യത്യസ്തമാക്കി. Socio Economic Group (SEG) കളായി നടത്തിയ വിശകലനങ്ങളില്‍ SEGI അതി ദരിദ്രര്‍, SEGII ദരിദ്രര്‍, SEG III താഴ്ന്ന മധ്യവര്‍ഗം, SEG IV ഉയര്‍ന്ന മധ്യവര്‍ഗം,
ഒട്ടുമിക്ക സാമ്പത്തിക – സാമൂഹിക വ്യവഹാരങ്ങളും കൃത്യമായ പ്രവണതകള്‍ വരച്ചുകാട്ടുന്നതായി.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള കൃത്യമായ ചിത്രം ഈ പഠനം മുന്നോട്ടുവെച്ചു. സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന 10% വരുന്ന വിഭാഗം വരുമാനത്തിന്റെ 41.2% കൈയാളുമ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലുള്ള 10% വരുന്ന ജനവിഭാഗത്തിന് വരുമാനത്തിന്റെ 1.3% മാത്രമേഉള്ളളു എന്നത് അസമത്വത്തിന്റെ തോത് എത്രമാത്രമാണെന്ന് കാണിക്കുന്നു.
പൊതുസേവനങ്ങളുടെ വര്‍ധിച്ചുവരുന്ന സ്വകാര്യവത്കരണം, സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത, മനോഭാവങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം സമ്പത്തിന്റെ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട് പ്രവണ​തകളായി മനസ്സിലാക്കാന്‍ ഈ പഠനം വഴിയൊരുക്കി.
നവലിബറല്‍ പരിഷ്കാരങ്ങള്‍ വീണ്ടുമൊരു വ്യാഴവട്ടംകൂടി പിന്നിട്ടുകഴിഞ്ഞു. കമ്പോളവ്യവസ്ഥ രാജ്യത്തിന്റെ സമ്പത്തിന്റെ അസ്ഥിവാരങ്ങള്‍ തന്നെ തുരന്നെടുക്കുന്ന നിരവധി സംഭവവികാസങ്ങള്‍ നാം ദൈനംദിനം കാണുന്നു. ഭീമാകാരമായ അഴിമതികള്‍, സ്വകാര്യവത്കരണം, ബാങ്കിംങ് കുംഭകോണങ്ങള്‍, നോട്ട് നിരോധനം എന്നിങ്ങനെ സാമാന്യജനങ്ങളെ നിരാധാരമാക്കുന്ന നയങ്ങള്‍ പെരുകുന്നു. ജനാധിപത്യവും ഭരണഘടനയും തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുന്നു. വികസനം ഭ്രാന്തവും വന്യവും പ്രാകൃതവും ആയി മാറുന്നു. വര്‍ഗീയത എല്ലാ ദുഷ്ചെയ്തികള്‍ക്കും മറയാകുന്നു. ജനജീവിതത്തിന്റെ എല്ലാ അടരുകളിലേക്കും ഈ പ്രവണതകളും കാഴ്ചപ്പാടുകളും പടരുകയും ചെയ്യുന്നു.
ഏറെ വിശദീകരിക്കേണ്ടതില്ലാത്ത ഈ പുതിയ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ കേരളീയ സമൂഹത്തില്‍ എന്തെല്ലാം മാറ്റങ്ങളാണുണ്ടാകുന്നത്?. എന്ത് വ്യത്യസ്തതകളാണ് പ്രകടമാകുന്നത്. സാമ്പത്തികവികാസത്തിന്റെ തോത് ദേശീയ ശരാശരിയേക്കാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അസമത്വത്തിന്റെ തോത് എത്രമാത്രമുണ്ട് ? കേവലദാരിദ്ര്യത്തിന്റെ അവസ്ഥയെന്താണ്? പാര്‍ശ്വവത്കൃതവിഭാഗങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെന്താണ് ? വര്‍ഗീയതയുടെ വ്യാപനം എത്രമാത്രം സമൂഹശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു?. ഇങ്ങനെ ചോദ്യങ്ങളുടെ അന്വേഷണങ്ങളുടെ നീണ്ടനിരയാണ് നമ്മെ രണ്ടാം കേരളപഠനത്തിലേക്ക് നയിക്കുന്നത്.
ഈ പഠനത്തില്‍ ലഭിക്കുന്ന ഓരോ വിവരവും കേരളപഠനം ഒന്നിലെ വിവരങ്ങളുമായി താരതമ്യം ചെയ്യാവുന്ന വിധത്തില്‍ ശക്തമായ പ്രാഥമിക ദത്തങ്ങളുടെ ശേഖരം നമുക്ക് ലഭ്യമാണ്.
കേരളപഠനം I ല്‍ അനുഭവപ്പെട്ട ദൗര്‍ബല്യങ്ങള്‍/പോരായ്മകള്‍ ഈ പഠനത്തില്‍ പരിഹരിക്കേണ്ടതുണ്ട്. സ്ത്രീ പ്രശ്നങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കാന്‍ കഴിയാതെ വന്നതിനാല്‍ ‘സ്ത്രീപദവിപഠനം’ വളരെ ശ്രമകരമായ രീതിയില്‍ പിന്നീട് നടത്താനും നിഗമനങ്ങള്‍ വിശകലന വിധേയമാക്കുന്നതിനും കഴിഞ്ഞു
കേരളപഠനം II
2018 ഏപ്രില്‍ കേരളത്തിന്റെ പരിഛേദമായി ശാസ്ത്രീയമായി തെരഞ്ഞെടുത്ത കുടുംബങ്ങളില്‍ വിശദമായ പഠനം. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഉള്‍പ്പെടുന്ന വീടുകള്‍ – സംഘടനാപരമായും, സംഘാടനപരവുമായ വെല്ലുവിളി. 3000 ലധികം പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുടേയും ഗവേഷകരുടേയും ഉയര്‍ന്ന പങ്കാളിത്തം. കേരളസമൂഹം, സമ്പദ് വ്യവസ്ഥ, വികസനം എന്നിവയെ ആധാരമാക്കിയുള്ള പഠനങ്ങള്‍ക്കു വേദിയൊരുക്കുന്ന വെബ്പോര്‍ട്ടല്‍, സംഘാടനം പൂര്‍ണമായും സന്നദ്ധാടിസ്ഥാനത്തില്‍ ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരും ശാസ്ത്രാന്വേഷകരും മുഖ്യ പങ്കാളികള്‍. പഠനച്ചെലവിന് സംഘടനാപ്രവര്‍ത്തകരില്‍ നിന്നുള്ള സാമ്പത്തിക സമാഹരണം. ജനങ്ങളുടെ ജീവിതാവസ്ഥയുടെ വിശദവിവരങ്ങളോടൊപ്പം ജനങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും അറിയാനുള്ള അന്വേഷണം. പൂര്‍ണമായും പ്രാഥമികവിവരങ്ങളുടെ ശേഖരം (Primary data). കേവലനിഗമനങ്ങള്‍ക്കപ്പുറം ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പഠനവിശകലനങ്ങള്‍, അതിലേക്ക് നയിക്കുന്ന വിദഗ്ധരുമായുള്ള സംവാദങ്ങള്‍ ‍സാമ്പത്തികാവസ്ഥ, മതം, ജാതി, പ്രദേശം, ഗ്രാമം, നഗരം, എന്നിങ്ങനെയുള്ള അടിസ്ഥാനത്തില്‍ പ്രധാന വിശകലനങ്ങള്‍ ഒന്നാംകേരളപഠന വിവരങ്ങളുമായി താരതമ്യത്തിനുള്ള സാധ്യത, മറ്റു പഠനങ്ങളുമായി താരതമ്യം.
പൊതുവായ പഠനത്തില്‍ ആവശ്യമായത്ര സാമ്പിള്‍ പ്രാതിനിധ്യം വരാത്ത പട്ടികവര്‍ഗം, മത്സ്യതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, എന്നീ വിഭാഗങ്ങളെക്കുറിച്ചുള്ള വിശദമായ ഉപപഠനങ്ങള്‍.
പഠനവസ്തുതകളെ ബലപ്പെടുത്തുന്ന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും, പ്രത്യേക അന്വേഷണങ്ങളും, മേഖലാതലത്തില്‍ രൂപപ്പെടുന്ന പഠനസംഘങ്ങളുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ പ്രാദേശിക പഠനങ്ങള്‍ക്ക് സാധ്യത തുറക്കുന്നു.
പ്രാദേശിക പഠനസംഘം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിര്‍വഹിക്കുന്ന സാമൂഹ്യദൗത്യത്തിന്റെ ഭാഗമായ തനിമയാര്‍ന്ന അഥവാ മൗലികമായ പ്രവര്‍ത്തനമാണ് കേരളപഠനം. അങ്ങനെ പറയാന്‍ കാരണം ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ചുള്ള വസ്തുതാന്വേഷണമാണത് എന്നതിനാലാണ്. ഇത്തരം പഠനപ്രവര്‍ത്തനങ്ങളുടെ പിന്തുണയോടെ മാത്രമേ പരിഷത്ത് പോലുള്ള ജനകീയശാസ്ത്രപ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും സാധിക്കൂ. കേരളത്തിന്റെ ഭൗതിക-സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ ഉള്ളറകളെ ശാസ്ത്രീയമായ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യുക, നിഗമനങ്ങള്‍ സമൂഹത്തിന്റെ മുന്നാകെ കൊണ്ടുവരിക, ശാസ്ത്രീയമായ പ്രശ്‌നപരിഹാരങ്ങളിലേക്ക് നയിക്കുക എന്നിവയെല്ലാം ഈ പഠനത്തിന്റെ ലക്ഷ്യങ്ങളാണ്.
കേരളസമൂഹത്തെക്കുറിച്ചുള്ള വസ്തുതാന്വേഷണമെന്നത് വിപുലമായ ഒരു സര്‍വേയില്‍ മാത്രമൊതുങ്ങുന്നില്ല. പലതലങ്ങളില്‍ നടക്കേണ്ടതാണത്. പരിഷത്ത് പ്രാദേശിക തലത്തില്‍ അത്തരം നിരവധി അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രാദേശിക പഠനങ്ങള്‍ അഥവാ വസ്തുതാന്വേഷണങ്ങള്‍ പരസ്പരബന്ധിതമായി ചെയ്യാനാവുമ്പോഴാണ് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഴവും പരപ്പും വര്‍ധിക്കുക. ഇതിനാകട്ടെ വൈദഗ്ധ്യമുള്ളവരുടെ കൂട്ടായ്മ ആവശ്യമാണ്. ഏതെങ്കിലും തരത്തില്‍ ഗവേഷണ പരിചയമുള്ളവര്‍, ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളുടേതായ വൈദഗ്ധ്യം പങ്കിടാന്‍ തയ്യാറായവര്‍, റിട്ടയര്‍ ചെയ്ത വിദഗ്ധര്‍, എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, പ്രൊഫഷണല്‍, ഗവേഷണ യോഗ്യത നേടിയ ചെറുപ്പക്കാര്‍ ഇങ്ങനെയുള്ളവര്‍ക്കെല്ലാം കൂട്ടായി, അവരവരുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കിക്കൊണ്ട്, ഒട്ടേറെ വസ്തുതാന്വേഷണങ്ങള്‍ക്ക്, പഠനങ്ങള്‍ക്ക് വഴി തുറക്കാനാകും.
കേരളപഠനത്തോടൊപ്പവും അതിന്റെ തുടര്‍ച്ചയായും മേഖലാതലത്തില്‍ ഒരു പഠനഗ്രൂപ്പ് രൂപീകരിക്കണം.
ഇതിനായി മേഖലയിലുള്ള വിവിധ സ്ഥാപനങ്ങള്‍, പ്രൊ ഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വിദഗ്ധരെ ബന്ധപ്പെട്ട് അവരുടെ സേവനം ആവശ്യപ്പെടണം. ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ താത്പര്യമുള്ള, വൈദഗ്ധ്യമുള്ള ധാരാളം പേരുണ്ട്. അവര്‍ക്ക് അനുയോജ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്ത് പഠനഗ്രൂപ്പിലേക്ക് ക്ഷണിക്കണം. ഇപ്പോള്‍ പഠിച്ചിറങ്ങിയ ധാരാളം പ്രൊഫഷണലുകള്‍ മിക്കയിടങ്ങളിലുമുണ്ട്. റിട്ടയര്‍ ചെയ്തവരുമുണ്ട്. അവരെയെല്ലാം നേരില്‍ക്കണ്ട് സംസാരിച്ച് ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതിനായി മേഖലാതലത്തില്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കേണ്ടതുണ്ട്. റാലി ഫോര്‍ സയന്‍സ്, ജനോത്സവം എന്നിവയിലൂടെ ഇതിനനുകൂലമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. കുറെപ്പേരെയെങ്കിലും ഇതിനകം ബന്ധപ്പെടാന്‍ സാധിച്ചിട്ടുമുണ്ട്.
നിരന്തരമായും അതിവേഗത്തിലും മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹം. ജനജീവിതത്തിന്റെ സമസ്തമേഖലകളിലും പുതിയ പ്രശ്‌നങ്ങള്‍ ഉയരുന്നു. സാമൂഹികവും സാംസ്‌കാരികവുമായ പിന്‍നടത്തങ്ങള്‍ക്ക് നാം ദിവസവും സാക്ഷിയാകുന്നു. അത്യന്തം മാധ്യമവത്കൃതമായ, വസ്തുതകളെ മറച്ച് ഊഹാപോഹങ്ങള്‍ നിറയുന്ന സാമൂഹ്യ വ്യവഹാരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ പ്രാദേശിക പഠനഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെ ക്കൊണ്ടേ കഴിയൂ.. ശാസ്ത്രബോധം ജനങ്ങളുടെ സാമാന്യബോധമാക്കുന്ന പരിഷത്ത് ദൗത്യത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കാന്‍ കഴിയുക ഇത്തരം പഠനഗ്രൂപ്പുകള്‍ക്കാണ്. ഈ വര്‍ഷത്തെ മേഖലാസമ്മേളനത്തില്‍ ഇക്കാര്യത്തില്‍ സമൂര്‍ത്തമായ ഒരു പ്രവര്‍ത്തനപരിപാടിക്ക് രൂപം നല്‍കണം. പഠനസംഘത്തിന്റെ രൂപീകരണവും ആദ്യ ഇടപെടലും കേരളപഠനവുമായി ബന്ധപ്പെട്ട് നടക്കുമെന്ന് ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *