വികസന പഠന ശിബിരം സെപ്റ്റമ്പറിൽ സ്വാഗതസംഘം രൂപവത്കരിച്ചു

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന പഠനശിബിരം സെപ്റ്റമ്പർ ഒന്ന്, രണ്ട് തീയതികളിൽ മല്ലപ്പള്ളിയിലെ വട്ടശ്ശേരി പ്ലാസ്സയിൽ നടക്കും. ദേശീയ തലത്തിൽ നടക്കുന്നവിവിധ സാമ്പത്തിക നയപരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ അദ്ധ്വാനമിച്ചത്തെ കോർപ്പറേറ്റുകളിലേയ്ക്ക് വഴി തിരിച്ച് വിടുന്ന പശ്ചാത്തലത്തിലാണ് പഠനശിബിരം വിളിച്ച് ചേർക്കുന്നത്. രാജ്യത്ത് സ്ഥിരം തൊഴിലവകാശം ഇല്ലാതാക്കിയും ബാങ്കിംഗ് പരിഷ്കാരം വഴി ജനങ്ങളുടെ നിക്ഷേപത്തെ കുത്തകകളിലേയ്ക്ക് തിരിച്ചുവിടാനുമുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു. ചരക്ക് സേവന നികുതി വഴി ഇന്ത്യയുടെ ഫെഡറലിസത്തെ ദുർബലപ്പെടുത്തിയ കേന്ദ്ര സർക്കാർ നോട്ടു നിരോധനം വഴി അതിസമ്പന്നരിലേയ്ക്ക് പണം തിരിച്ച് വിടുകയാണ്.ഈ സാഹചര്യത്തിൽ ഒക്ടോബർ രണ്ടിന് സംസ്ഥാനത്ത് നൂറ്റിയമ്പത് കേന്ദ്രങ്ങളിൽ നടക്കുന്ന വികസന സംവാദസദസ്സിന്റെ പരിശീലന പരിപാടിയായാണ് പഠനശിബിരം ചേരുന്നത്.
പഠനശിബിരം സെപ്‌റ്റമ്പർ ഒന്നിന് രാവിലെ പത്തിന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡി.തോമസ് ഫ്രാങ്കോ ഉദ്ഘാടനം ചെയ്യും.നവലിബറൽ നയങ്ങളും ശാസ്ത്ര സാങ്കേതിക രംഗവും, മൂലധനസഞ്ചയത്തിന്റെ പുതുരൂപങ്ങൾ, ജി.എസ്.ടി.യും ഇന്ത്യൻ ഫെഡറലിസവും, ഇന്ത്യൻ കാർഷിക മേഖലയിലെ പരിഷ്ക്കാരങ്ങൾ ,വികസന രംഗത്ത് ഉദാരവത്ക്കരണത്തിന്റെ സാംസ്കാരിക സ്വാധീനങ്ങൾ ,വികസനവും പരിസ്ഥിതിയും കേരള സമൂഹം പഠിക്കേണ്ടത്എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും നടക്കും. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ, ജനറൽ സെക്രട്ടറി ടി.കെ മീരാ ബായ്, സി.പി.നാരായണൻ, പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ, ടി.കെ.ദേവരാജൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.ആർ. രാംകുമാർ ,ഡോ.കെ.എൻ ഹരിലാൽ , ഡോ.എസ് .ശ്രീകുമാർ എൻ ജഗജീവൻ, ജോജി കൂട്ടുമ്മേൽ എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകും.
ശിബിരം വിജയിപ്പിക്കാനുള്ള സ്വാഗത സംഘം മല്ലപ്പള്ളി മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് രൂപവത്കരിച്ചു.യോഗത്തിൽ ജില്ലാ വികസന സബ് കമ്മിറ്റി ചെയർമാൻ എം.കെ.വാസു അദ്ധ്യക്ഷനായിരുന്നു.പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി.മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവൽ, സി.പി.ഐ (എം) ഏരിയ സെക്രട്ടറി ബിനു വർഗ്ഗീസ്, കെ.കെ.രാജൻ (കെ.എസ്.ടി.എ) ,രമേശ് ചന്ദ്രൻ (കെ.ജി.ഒ.എ ), എസ്.വി.സുബിൻ (ജില്ലാ പഞ്ചായത്തംഗം)’ കിരൺ (ഡി.വൈ.എഫ്.ഐ) ആൽഫിൻ (എസ്.എഫ്.ഐ) കെ.പി.രാധാകൃഷ്ണൻ പ്രൊഫ. മധുസൂദനൻ നായർ, കെ.പി.രാധാകൃഷ്ണൻ, പി.കെ.നരേന്ദ്രൻ നായർ, പി.എൻ സുരേന്ദ്രൻ, ഡോ.കെ.പി. കൃഷ്ണൻകുട്ടി, കേന്ദ്ര നിർവാഹക സമിതിയംഗം കെ.ജി.ഹരികൃഷൻ , സെക്രട്ടറി ജി.സ്റ്റാലിൻ എന്നിവർ സംസാരിച്ചു. റെജി ശാമുവൽ ചെയർമാനും പ്രൊഫ.തോമസ് ഉഴുവത്ത് ജനറൽ കൺവീനറുമായി അമ്പത്തിയൊന്ന് അംഗ സ്വാഗത സംഘം രൂപവത്ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *