പുതിയകേരളം : ജനപങ്കാളിത്തത്തോടെ ജനുവരി 15ന് തൃശ്ശൂരില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ചര്‍ച്ചചെയ്ത രേഖ

0

കാലാവസ്ഥാമാറ്റത്താലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ലോകസാമ്പത്തിക പ്രതിസന്ധിമൂലമുള്ള ഉല്‍പ്പാദന തകര്‍ച്ചയും ചേര്‍ന്നുണ്ടായ വലിയൊരു പ്രതിസന്ധിയിലൂടെയാണ് ഇന്നത്തെ ലോകം കടന്നുപോകുന്നത്. ഇത് നാളിതുവരെയില്ലാത്ത പ്രതികൂലാവസ്ഥയിലേക്ക് രാജ്യങ്ങളെയെല്ലാം അകപ്പെടുത്തിയിരിക്കയാണ്. ഇവക്കെല്ലാം അടിസ്ഥാനം മുതലാളിത്ത വ്യവസ്ഥയുടെ അടങ്ങാത്ത ലാഭത്വരയും വിഭവധൂര്‍ത്തുമാണ്. ലോകം നേരിടുന്ന ഈ പൊതു സ്ഥിതിയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കവെയാണ്, കറന്‍സി അസാധുവാക്കലിലൂടെ ഉണ്ടായ സമാനതകളില്ലാത്ത പ്രശ്‌നങ്ങളിലേക്ക് ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നത്. ആസൂത്രണകമ്മീഷന്‍, ദേശീയ വികസന സമിതി എന്നിങ്ങനെയുള്ള സാമൂഹിക നിയന്ത്രണ സംവിധാനങ്ങളെയെല്ലാം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കലിലൂടെ ദരിദ്ര ജനങ്ങളുടെ കൂലിയിലും വരുമാനത്തിലും കയ്യിട്ടുവാരുകയാണ്. നാമമാത്രകൂലിയില്‍ ഉപജീവനം കഴിക്കുന്നവര്‍ കൂടുതലുള്ള കേരളത്തിലാകട്ടെ, മുന്‍പറഞ്ഞ എല്ലാ കാര്യങ്ങളും ഏറെ പ്രതികൂലമായിട്ടാണ് ബാധിച്ചിരിക്കുന്നത്.
കേരളത്തിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ള സംഘടനയെന്ന നിലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സംസ്ഥാനത്തിന്റെ ഒട്ടേറെ വികസന കാര്യങ്ങളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടപെട്ടിട്ടുണ്ട്. സാമൂഹ്യനീതിയിലും പാരിസ്ഥിതിക സുസ്ഥിരതയിലും ഊന്നിയതും ഉല്‍പ്പാദനാധിഷ്ഠിതവുമായ രീതിയില്‍ സമ്പത്തുല്‍പ്പാദനം വര്‍ധിപ്പിക്കുക, അതിന് വേണ്ട അന്തരീക്ഷമൊരുക്കുക, എന്ന നിലപാടിലാണ് പരിഷത്ത് കേരള വികസന രംഗത്ത് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, അധികാരവികേന്ദ്രീകരണം തുടങ്ങി വിവിധ രംഗങ്ങളിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈയൊരു നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്. ഈ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ അതോടൊപ്പം നിലകൊണ്ടിട്ടുണ്ട്. ഇതില്‍ എടുത്തുപറയാവുന്ന ഇടപെടലുകളായിരുന്നു സാക്ഷരതയും ജനകീയാസൂത്രണവും.
കേരത്തില്‍ ഈയിടെ ഉണ്ടായ ഭരണമാറ്റത്തെ വലിയ ആവേശത്തോടെയും അതിലുപരി പ്രതീക്ഷയോടെയുമാണ് ഇവിടുത്തെ ജനങ്ങള്‍ എതിരേറ്റത്. അതിനൊരു പ്രധാന കാരണം ഇടത് മുന്നണി ജനസമക്ഷം അവതരിപ്പിച്ച പ്രകടന പത്രികയും അത് തയ്യാറാക്കുന്നതിനായി നടത്തിയ പുതുമയാര്‍ന്നതും ജനപങ്കാളിത്തത്തില്‍ ഊന്നിയതുമായ ചര്‍ച്ചകളും ആശയരൂപീകരണ പ്രക്രിയയുമായിരുന്നു. ”കേരളത്തിന്റെ നിലവിലുള്ള സാധ്യതകളെ കണക്കിലെടുത്തുകൊണ്ടും രാജ്യത്തിന്റെ ഫെഡറല്‍ഘടന വിഭാവനം ചെയ്യുന്ന പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ടും ഒരു സംസ്ഥാന സര്‍ക്കാരിന് ജനാനുകൂലമായി നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളാണ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.” അധികാരം ഏറ്റ ഉടനെ തന്നെ ഈ പദ്ധതികള്‍ പ്രായോഗികമാക്കുന്നതിനുള്ള ഒരു പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കിക്കൊണ്ടായിരിക്കും പ്രവര്‍ത്തനമാരംഭിക്കുക, ഓരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇത് സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ചചെയ്യുകയും അവരുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിക്കുകയും ചെയ്തുകൊണ്ട് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നതുപോലുള്ള പ്രഖ്യാപനം വലിയ പ്രതീക്ഷകള്‍ നല്‍കി. ഇവയുടെ സാക്ഷാത്കാരം സ്വാഭാവികമായും താഴെത്തലത്തില്‍ പഞ്ചായത്തുകള്‍ വഴിയാണ് നടക്കുകയെന്നും എല്ലാവരും പ്രതീക്ഷിച്ചു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക വഴി കേരളം നേരിടുന്ന ഉല്‍പ്പാദന മുരടിപ്പിനെയും ആഗോള കമ്പോളത്തിന്റെ കടന്ന്‌വരവിനേയും കുറെയൊക്കെ പ്രതിരോധിക്കാന്‍ കഴിയുമെന്ന ജനകീയാസൂത്രണ കാലത്തെ അനുഭവമായിരുന്നു ഈ പ്രതീക്ഷയ്ക്ക് ഇടംനല്‍കിയത്. മാത്രമല്ല, ”ജനാധിപത്യവികേന്ദ്രീകരണത്തിന്റെ നഷ്ടപ്പെട്ട ജനകീയ പങ്കാളിത്തവും സുതാര്യതയും പുനഃസൃഷ്ടിച്ചുകൊണ്ട് പദ്ധതിനിര്‍വഹണവുമായി ബന്ധപ്പെടുത്തിയുള്ള വിപുലമായ ജനകീയ ക്യാമ്പയിന്‍ ആവിഷ്‌ക്കരിക്കുകയും, മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയെ ബന്ധിപ്പിച്ചുള്ള സംയോജിതവും സമഗ്രവുമായ സ്ഥലജല ആസൂത്രണം പ്രാദേശികതലത്തില്‍ ഏറ്റെടുക്കുകയും ചെയ്യുമെന്ന് അതുമായി ബന്ധപ്പെടുത്തിയും അതിന് പൂരകവുമായിട്ടായിരിക്കും മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നടക്കുകയെന്നും” മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നു.
ആസൂത്രണകമ്മീഷനെ ഇല്ലാതാക്കിയതോടെ 13-ാം പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ഇപ്പോള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടക്കുന്നില്ല. അതുകൊണ്ടുതന്നെ, വരും വര്‍ഷങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രദിശ എന്തായിരിക്കും എന്നതിനെപ്പറ്റിയുള്ള യാതൊരു ധാരണയും ഇന്നില്ല. എന്നാല്‍, കേരളത്തിലെ പുതിയ സര്‍ക്കാര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചിരിക്കയാണ്. ഈ നല്ല കാര്യം, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വികസനസമീപനത്തിലെ വ്യത്യാസം പ്രകടമാക്കുന്നുണ്ട്. അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പതിമൂന്നാം പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണബോര്‍ഡിന്റെ കുറെയേറെ പ്രവര്‍ത്തനങ്ങള്‍ ”വര്‍ക്കിങ്ങ് ഗ്രൂപ്പു”കള്‍ വഴി നടക്കുന്നുണ്ട്. എന്നാല്‍ ഇവ കേരളത്തില്‍ ഏത് ദിശയിലുള്ള ഒരു ഭാവി വികസനത്തെയാണ് ലക്ഷ്യമിടുന്നതെന്ന ഒരു സമീപനരേഖ സംസ്ഥാനത്തിന്റെ പതിമൂന്നാം പദ്ധതിക്ക് വേണ്ടി ആസൂത്രണബോര്‍ഡ് ഇതുവരെ തയ്യാറാക്കിയിട്ടില്ല. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം, ”നവകേരള നിര്‍മാണത്തിന്റെ സര്‍വതലസ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി” ആറ് രംഗങ്ങളില്‍ നാല് മിഷന്‍ സംവിധാനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ രൂപം നല്‍കിയത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മാലിന്യസംസ്‌ക്കരണം, കുടിവെള്ളം, പാര്‍പ്പിടം എന്നീ രംഗങ്ങളിലാണ് ഇവ നടപ്പാക്കാനുദ്ദേശിക്കുന്നത്. പ്രകടനപത്രികയില്‍ പ്രതിഫലിച്ച ആവേശം മിഷന്‍ പ്രവര്‍ത്തനം വഴി സഫലീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, അത്തരമൊരാവേശം ഉണ്ടാകത്തക്കവിധം ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ഘടനാപരമായ സംവിധാനം ഇതില്‍ കാണാനില്ലെന്നത് തന്നെ.
മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിക്കൊടുത്തിട്ടുള്ള നാല്‍പ്പതില്‍പ്പരം വികസന അധികാരങ്ങള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയാണ്. മിഷന്‍ എന്നത് പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തി സമയബന്ധിത പരിപാടിയായി നടപ്പാക്കാനുദ്ദേശിക്കുന്ന വികസന നയങ്ങളുടെ ആവിഷ്‌ക്കാരമായാണ് സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഈ സംവിധാനത്തിന് സമയബന്ധിതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന – ജില്ലാ ഔദ്യോഗിക സംവിധാനങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവുമുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ തലങ്ങളിലും ഉദ്യോഗസ്ഥ മേധാവിത്വം സ്വാഭാവികമായും കാണും.
കേരളത്തിലെ തദ്ദേശഭരണ സംവിധാനത്തിന്റെ അടിത്തറ ഏറെക്കുറെ ഭദ്രമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിലും നിര്‍വഹിക്കുന്നതിലും അവയ്ക്കുള്ള മേല്‍ക്കൈ തന്നെയാണ് ഇതിന് കാരണം. ജനപങ്കാളിത്തത്തോടെ പദ്ധതി രൂപീകരണവും നിര്‍വഹണവും നടത്തിയിരുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മാത്രമല്ല, കേരളത്തിന്റെ വികസനത്തില്‍ നിലവിലുള്ള പല പ്രാദേശിക പിന്നോക്കാവസ്ഥകളെയും (ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കൊക്കെ ഉള്ളതുപോലെ) അഭിമുഖീകരിക്കേണ്ടത് പ്രാദേശിക പ്രസക്തമായ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കുകയും വേണം. ഇവിടെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നത്.
എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇത്തരത്തിലേക്ക് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്നതൊരു വസ്തുതയാണ്. അതിന്റെ പ്രധാന കാരണം, ജനപങ്കാളിത്തം വര്‍ധിപ്പിക്കാനും പ്രാദേശിക വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്താനും അവര്‍ക്ക് കഴിയുന്നില്ല എന്നതു തന്നെയാണ്. മുന്‍ സര്‍ക്കാരിന്റെ അശാസ്ത്രീയമായ നിലപാടുകളും ഒരു പ്രശ്‌നമായിരുന്നു. പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും ജനപങ്കാളിത്തം വര്‍ധിപ്പിക്കുകയും വികസന പരിപാടികള്‍ വിജയിപ്പിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വേണ്ട പ്രാദേശിക വൈദഗ്ധ്യം എത്തിക്കുകയുമാണ് വേണ്ടത്. സംസ്ഥാന മിഷനുകള്‍ വിഭാവനം ചെയ്യുന്നത്, തദ്ദേശസ്ഥാപനങ്ങള്‍ വഴി രൂപപ്പെടുകയും നിര്‍വഹിക്കുകയും ചെയ്യുന്ന പദ്ധതികളല്ല. മറിച്ച്, ”സംസ്ഥാന ജില്ലാതലങ്ങളില്‍ നടക്കുന്ന മിഷനുകളുടെ ചിട്ടയായ പ്രവര്‍ത്തനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ശക്തി പകരുന്നതിനും വികസന പ്രവര്‍ത്തന രീതികള്‍ മെച്ചപ്പെടുന്നതിനും വഴിയൊരുക്കും” എന്ന നിലയ്ക്കാണ്. ഈരീതി പിന്‍തുടരുന്നതുവഴി പദ്ധതി രൂപീകരണ, നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ വഴി ചിലയിടങ്ങളിലെങ്കിലും കരുത്താര്‍ജിച്ചുവന്ന കേരളത്തിലെ പഞ്ചായത്ത് തല ആസൂത്രണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയേക്കുമോ എന്ന് ആശങ്കപ്പെടുന്നു. യഥാര്‍ഥത്തില്‍ പഞ്ചായത്തുകളും മറ്റും തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് അവയുടെ പരിധിയിലല്ലാത്ത ശാസ്ത്രസാങ്കേതിക വൈദഗ്ധ്യവും ആള്‍ശേഷിയും വേണമെന്നുണ്ടെങ്കില്‍ അവ എത്തിച്ച് സഹായിക്കാനുള്ള സംവിധാനമാണ് ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഉണ്ടാകേണ്ടത്. അതുതന്നെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതിന്നനുസരിച്ച് ആവുകയും വേണം. ചുരുക്കത്തില്‍ മിഷന്‍ പ്രവര്‍ത്തനം ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതും പഞ്ചായത്തുകള്‍ക്ക് ശക്തിപകരുന്നതുമായ രീതിയിലാവണം.
ആഗോളവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ ഫെഡറല്‍ ഘടനയേയും അതില്‍ അധിഷ്ഠിതമായ കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെയും തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, ഈ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ച് ജനപക്ഷമായൊരു ബദല്‍ വികസനനയത്തിന് രൂപംനല്‍കി പ്രചരിപ്പിക്കുകയും അതിനനുസൃതമായ കര്‍മ പരിപാടികള്‍ ഉണ്ടാക്കുകയുമാണ് വേണ്ടത്.
ഈ സാഹചര്യത്തില്‍, കേരളത്തിന്റെ അനുഭവങ്ങളിലൂടെ വാര്‍ന്നുവീണ വികസന സമീപനത്തിനനുസരിച്ച് ഭാവി വികസന പരിപാടികള്‍ ഉണ്ടാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പാരിസ്ഥിതിക സുസ്ഥിരതയും സാമൂഹിക നീതിയും ഉറപ്പാക്കുക വഴി സ്ഥായിത്വമാര്‍ന്ന; ഒപ്പം ആസൂത്രണത്തിലും വികേന്ദ്രീകരണത്തിലും ജനപങ്കാളിത്തത്തിലും ഊന്നുന്നതുമായ രീതിയില്‍ സമ്പത്തുല്‍പ്പാദനത്തിന് സഹായിക്കുന്ന നടപടികളാണ് അഭികാമ്യമായത്. അതുകൊണ്ടുതന്നെ, കേരളത്തിലെ മണ്ണ്, വെള്ളം, മനുഷ്യാധ്വാനം എന്നിവയെ അടിസ്ഥാന വിഭവങ്ങളായി കാണുന്ന നിലപാടാണ് വേണ്ടത്. ഈ രീതിയില്‍ പരിശോധിക്കുമ്പോള്‍, മനുഷ്യ – പ്രകൃതി വിഭവങ്ങളെ പ്രാദേശിക അടിസ്ഥാനത്തില്‍, പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിനിയോഗിക്കുന്ന, ഉപയോഗിക്കുന്ന, വികസിപ്പിക്കുന്ന ഒരു തന്ത്രം ശക്തിപ്പെട്ടുവരേണ്ടിയിരിക്കുന്നു. ഇത്തരം ഒരു വികസന സമീപനം ആദ്യം ഊന്നേണ്ടത് നാല് രംഗങ്ങളിലാവണം. വിദ്യാഭ്യാസം, ആരോഗ്യം, പരിസരം, അധികാരവികേന്ദ്രീകരണം എന്നിവയാണവ. ഈ നാല് രംഗങ്ങളിലെ പുതിയ പ്രവണതകളും പ്രവര്‍ത്തന സാധ്യതകളുമാണ് ഇനി പരിശോധിക്കുന്നത്.
വിദ്യാഭ്യാസം
പൊതുവിദ്യാഭ്യാസം വന്‍ഭീഷണിയെ നേരിട്ടുകൊണ്ടി രിക്കുന്ന കാലമാണിത്. മുന്‍ കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശനിയമം പാസാക്കിയിരുന്നു. പക്ഷേ, അത് നടപ്പാക്കാനാവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി -കാണിക്കുകയോ ആവശ്യമായ പണം വകയിരുത്തുകയോ ചെയ്തിരുന്നില്ല. പുതിയ കേന്ദ്രസര്‍ക്കാരാകട്ടെ ആര്‍.ടി.ഇ യുടെ ഭാവിയെക്കുറിച്ച് നാളിതുവരെ ചര്‍ച്ച ചെയ്തിട്ടുമില്ല. നവഉദാരവത്ക്കരണനയങ്ങള്‍ കൂടുതല്‍ വീറോടെ നടപ്പാക്കുന്നതിനാല്‍ ‘എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം’ എന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുപോലുമില്ല.
1958ല്‍ കെ.ഇ.ആര്‍ നടപ്പാക്കിയശേഷം സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഒരു വ്യത്യസ്ത ഇടപെടല്‍ 1997-98 ലെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണമായിരുന്നു. അത് വിവിധ വിഷയങ്ങളുടെ പഠനരീതി, ക്ലാസ്‌റൂം സങ്കല്പം, അധ്യാപികയുടെ റോള്‍, വിദ്യാര്‍ത്ഥിയുടെ പങ്ക്, സമൂഹത്തിന്റെ ഉത്തരവാദിത്തം, മൂല്യനിര്‍ണയം, മോണിറ്ററിംങ് മുതലായവയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചു. കേരളത്തില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട ഈ പരിഷ്‌ക്കരണം തുടര്‍ന്നുവന്ന ഭരണകൂടങ്ങള്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും ശക്തിയായ പ്രതിരോധം നിമിത്തം പിന്മാറേണ്ടിവന്നു. അന്ന് രൂപപ്പെടുത്തിയ പാഠ്യപദ്ധതിയാണ് ഇന്നുമുള്ളതെങ്കിലും അതിന്റെ അന്തസ്സത്ത ചോര്‍ന്നുപോയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മുമ്പൊന്നുമില്ലാത്തവിധം പാഠ്യപദ്ധതിയുടെ ഉള്ളടക്കവും സമീപനങ്ങളും വലിയതോതില്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തനാധിഷ്ഠിത, ശിശുകേന്ദ്രീകൃത, പരിസരബന്ധിത പാഠ്യപദ്ധതി സൈദ്ധാന്തികമായെങ്കിലും നിരാകരിക്കാന്‍ സാധിച്ചിട്ടില്ല.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. പ്രകടനപത്രികയില്‍ ഇക്കാര്യം സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുണ്ട്. പ്രകടനപത്രികയുടെ ആദ്യഭാഗത്തുളള 35 ഇന പരിപാടിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അതിനാവശ്യമായ സമ്പത്ത് സമൂഹത്തില്‍ നിന്ന് കണ്ടെത്തുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുംവിധം പിന്നീട് 28 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മിഷന്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പരിപാടിയുടെ ലക്ഷ്യങ്ങളായി ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇവയെല്ലാം എങ്ങിനെ നേടിയെടുക്കുമെന്ന് ഈ ഉത്തരവില്‍ സൂചിപ്പിക്കുന്നില്ല.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിച്ച് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കലാണല്ലൊ മിഷന്‍ പ്രവര്‍ത്തനത്തിന്റെ അന്തഃസത്ത. ക്ലാസ്‌റൂം പഠനത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്ന അത്തരമൊരു പ്രവര്‍ത്തനം സമഗ്രമായും ശാസ്ത്രീയമായും ജനകീയമായും ഏറ്റെടുക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തിക്കൂടാ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന പദ്ധതികളെല്ലാം നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയുമായിരിക്കണം. വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന ഏതൊരു പരിഷ്‌ക്കാരവും ദീര്‍ഘകാല കാഴ്ചപ്പാടോടുകൂടിയുള്ളതാവണം. മാത്രമല്ല ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ നേട്ടകോട്ട വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുതിയ പദ്ധതികള്‍ നടപ്പാക്കാവൂ.
ഉത്തരവില്‍ സൂചിപ്പിക്കുന്ന ‘അന്താരാഷ്ട്ര പഠനനിലവാരം’ എന്ന പദം തെറ്റിദ്ധാരണാജനകമാണ്. അങ്ങിനെയൊരു നിലവാരമുള്ളതായി അറിയില്ല. അതേസമയം ലോകത്തെവിടെയുമുള്ള സമവയസ്‌കരായ കുട്ടികളുടെ പഠനനിലവാരവുമായി എന്തുകൊണ്ടും കുറവില്ലാത്ത പഠനനേട്ടങ്ങള്‍ നമ്മുടെ എല്ലാ കുട്ടികളും ആര്‍ജിക്കണം. അതിനായുള്ള പ്രവര്‍ത്തനങ്ങളാകട്ടെ സമഗ്രവും വിദ്യാഭ്യാസത്തിലെ സര്‍വമേഖലകളെയും പുനഃസൃഷ്ടിക്കുന്നതുമാവണം. അതിനായി, പാഠ്യപദ്ധതി പരിഷ്‌കരണം, പാഠപുസ്തക നിര്‍മാണം, അധ്യാപകരെ തയാറാക്കാനുള്ള നിരന്തര പരിശീലനം, സ്‌കൂള്‍ അന്തരീക്ഷം പുനഃസൃഷ്ടിക്കല്‍, അധ്യാപകര്‍ക്കുള്ള തത്സമയസഹായം, വിദ്യാഭ്യാസ മാനേജ്‌മെന്റ്, സ്‌കൂള്‍ പ്രദേശത്തെ സമൂഹവുമായുളള ബന്ധം, അധ്യാപക – വിദ്യാര്‍ത്ഥി ബന്ധം – ഇവയെല്ലാം ഫലപ്രദമായും എളുപ്പത്തിലും ഏറ്റെടുക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ അധ്യാപകര്‍ക്ക് ലഭ്യമാക്കണം.
പാഠ്യപദ്ധതിയുടെ വിനിമയം വിദ്യാര്‍ത്ഥികേന്ദ്രിതമാവണം. പക്ഷേ, ഇപ്പോഴും ഈ ലക്ഷ്യം കേരളം നേടിയിട്ടില്ല. അത് ഇന്നും അധ്യാപകാശ്രിതമാണ്. അധ്യാപകര്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ പരിഷ്‌കരിച്ച് മെച്ചപ്പെടുത്തിയും നിലവില്‍ സര്‍വീസിലിരിക്കുന്നവരെ യോഗ്യതകള്‍ ഉയര്‍ത്താന്‍ പ്രേരിപ്പിച്ചും, അവര്‍ക്ക് പഠന – ബോധനത്തിന്റെ ആധുനികരീതി ശാസ്ത്രത്തെപ്പറ്റി പ്രയോഗതലത്തില്‍ പരിശീലനം കൊടുത്തും പ്രൊഫഷണലായ തത്‌സമയസഹായം ചെയ്തും മാത്രമെ അധ്യാപകരെ മെച്ചപ്പെടുത്താനാവൂ. അതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തണം.
‘യൂണിവേഴ്‌സല്‍ ഡി സൈന്‍ ഓഫ് ലേണിംഗ്’ തീരുമാനിക്കാനുള്ള ചുമതല ഐ.ടി.@സ്‌കൂള്‍, എസ്.ഐ. ഇ.ടി എന്നിവയ്ക്കാണ് എന്ന് പറയുന്നു. പാഠ്യപദ്ധതിയും അതിന്റെ വിനിമയവുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടത് എസ്.സി.ഇ. ആര്‍.ടി.ആണ്. മറ്റ് രണ്ട് സ്ഥാപനങ്ങളും യഥാര്‍ത്ഥത്തില്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കുന്ന സമീപനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കയാണ് വേണ്ടത്. അധ്യാപക പരിശീലനവും അതിന്റെ ഉളളടക്കവും എസ്.സി.ഇ.ആര്‍.ടി. ആവണം തീരുമാനിക്കേണ്ടത്. ഈ സ്ഥാപനം അതിന് ശക്തമല്ലെങ്കില്‍ അതിനെ ശക്തിപ്പെടുത്തണം; പുനഃസംഘടിപ്പിക്കണം. ഐ.ടി@സ്‌കൂളിനെയും എസ്.ഐ.ഇ.ടി.യെയും ഇത്തരമൊരു കാര്യം ഏല്പിക്കുക വഴി അക്കാദമിക പരിഹാരങ്ങള്‍ക്ക് പകരം സാങ്കേതികശേഷി വര്‍ധന മാത്രമേ ഉണ്ടാവൂ. ഇത് ശാസ്ത്രീയമല്ല.
73, 74 ഭരണഘടനാ ഭേദഗതിയോടെ പൊതുവിദ്യാഭ്യാസരംഗത്ത് വികേന്ദ്രീകരണം ശക്തി നേടിയിരുന്നു. ജില്ലാ പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് പല അധികാരങ്ങളും സമ്പത്തും വിട്ടുകിട്ടുകയുണ്ടായി. കേരളത്തിലെ വിദ്യാഭ്യാസ ഗുണമേന്മയുടെ കാര്യം ആദ്യം ഏറ്റെടുത്തത് ജില്ലാ കൗണ്‍സിലുകളും തുടര്‍ന്നുവന്ന ജില്ലാ പഞ്ചായത്തുകളുമായിരുന്നു. പൊതുവിദ്യാഭ്യാസത്തിനായുള്ള യജ്ഞത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ ഇനിയുളള പങ്ക് എന്തായിരിക്കുമെന്ന് വിശദമാക്കണം.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ മറ്റാരെക്കാളും അധ്യാപകര്‍ക്ക് പങ്കുണ്ട്. സാമൂഹികജ്ഞാന നിര്‍മിതിവാദത്തിന്റെ കാഴ്ചപ്പാടില്‍ കുട്ടികളെ പൂര്‍ണവ്യക്തികളും സാമൂഹ്യപ്രവര്‍ത്തകരുമാക്കി മാറ്റുന്ന ചുമതല അധ്യാപകര്‍ക്കാണ്. അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയതയും സാമൂഹികപരതയും പൊതുജനങ്ങളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താനുള്ള ചുമതല അവര്‍ക്കുണ്ട്. നല്ല അധ്യാപകര്‍ക്ക് മാത്രമേ മികവുറ്റ സ്‌കൂളുകള്‍ രൂപപ്പെടുത്താനാവൂ. അതില്‍ അധ്യാപകരും ഹെഡ്മാസ്റ്ററും ചേര്‍ന്ന് വളര്‍ത്തിയെടുക്കുന്ന കൂട്ടുനേതൃത്വം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഓരോ സ്‌കൂളും കേന്ദ്ര – സംസ്ഥാന കരിക്കുലത്തിനകത്തു നിന്നുകൊണ്ടുതന്നെ ഒരു ആഭ്യന്തര കരിക്കുലം രൂപപ്പെടുത്തണം. അതിനനുസരിച്ചുള്ള സ്‌കൂള്‍ കലണ്ടറും പ്രവര്‍ത്തനപരിപാടികളും ആവിഷ്‌ക്കരിക്കണം. അതിനാല്‍ അധ്യാപകര്‍ സമഗ്രമായ മാറ്റത്തിന് വിധേയമായേ പറ്റൂ. ഇക്കാര്യങ്ങള്‍ മിഷന്‍ ഉത്തരവിന്റെ ഭഗമാകണം.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടി(NCF)ന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്ത് രൂപപ്പെടുത്തിയ കേരള കരിക്കുലം ഫ്രെയിം വര്‍ക്കില്‍ (NCF 2009) ഉണ്ട്. അക്കാദമികവും ഭരണപരവുമായ നിര്‍ദേശങ്ങളാണ് അതിലുള്ളത്. (-) 2 മുതല്‍ +2 വരെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ രൂപപ്പെടുത്താന്‍ NCF ന് കഴിഞ്ഞിരുന്നു. അതില്‍ എട്ടാം ക്ലാസിനുശേഷം നടക്കേണ്ട വൈവിധ്യവല്‍ക്കരണം, +2, VHSE ഉദ്ഗ്രഥനം തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ അക്കാദമിക നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന ഭരണപരമായ മാറ്റങ്ങളും നിര്‍ദേശിച്ചിരുന്നു. ഇവയൊക്കെ പരിഗണിച്ചു കൊണ്ട് മാത്രമേ പുതിയ പ്രവര്‍ത്തന പരിപാടികളുമായി മുന്നോട്ടു പോകാവൂ. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എന്‍ട്രന്‍സ് പരീക്ഷ പരിഷ്‌ക്കരണ റിപ്പോര്‍ട്ട്, KER പരിഷ്‌ക്കരണറിപ്പോര്‍ട്ട്, എന്നിവ നടപ്പിലാക്കണം.
പൊതുവിദ്യാലയങ്ങളെ ഉയര്‍ന്ന നിലവാരത്തിലേക്ക് വളര്‍ത്തുക എന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ക്ലാസ് മുറികള്‍ ഹൈടെക് ആക്കുമ്പോള്‍ അതിനനുസൃതമായ മെറ്റീരിയലുകള്‍ തയ്യാറാക്കാനും അത് പ്രയോഗിക്കാനും അധ്യാപകരെ പ്രാപ്തരാക്കണം. അതിന് SCERT യെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ തദ്ദേശഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുകയും വേണം. ഇപ്പോള്‍ നിയോജക മണ്ഡലമാണ് അടിസ്ഥാന യൂണിറ്റ്. അത് പഞ്ചായത്തുകളായി മാറണം. അധ്യാപകസമൂഹത്തെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാവൂ! പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനകളിലെല്ലാം അക്കാദമിക വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കണം.
ഇതിനു പുറമെ നിലവില്‍ പൊതുവിദ്യാഭ്യാസ രംഗം നേരിടുന്ന താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
* വ്യവഹാര ഭാഷ തന്നെയാവണം ബോധന ഭാഷയും. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രമല്ല കേരളത്തിലെ എല്ലാ അണ്‍എയ്ഡഡ് സ്‌കൂളുകളിലും അത് നടപ്പാക്കണം.
* സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഇംഗ്‌ളിഷ് മീഡിയം ക്ലാസ്സുകള്‍ നിര്‍ത്ത ലാക്കണം.
* കേരള സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് അവസാനിപ്പിക്കണം.
* നവ ചേഷ്ടാവാദത്തിലധിഷ്ഠിതമായി തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിക്കണം.
* പാഠപുസ്തക പരിഷ്‌കരണ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പൊതു ചര്‍ച്ചയാകണം
* അധ്യാപക പരിശീലനങ്ങള്‍ ഗൗരവമുള്ളതാകണം. അധ്യാപക പരിശീലനപാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരിക്കണം.
* നിരന്തര മൂല്യനിര്‍ണയം ശക്തിപ്പെടുത്തുന്നതിന് പരിപാടികള്‍ തയ്യാറാക്കണം.
* എയിഡഡ് സ്‌കൂള്‍ നിയമനം പി.എസ്.സി.ക്ക് വിടണം.
* പ്രൊട്ടക്ഷന്‍ അവസാ നിപ്പിക്കണം.
* നിഷ്‌കര്‍ഷിച്ച പഠന സമയം കുട്ടികള്‍ക്ക് ലഭിക്കണം. 200-220 ബോധന ദിനങ്ങള്‍ ലഭ്യമാക്കണം.
* ബോധന പ്രവര്‍ത്തന സമയം, പഠനാനുബന്ധ പ്ര വര്‍ത്തനങ്ങള്‍, മേളകള്‍ എന്നിവ വേര്‍തിരിച്ച് കലണ്ടര്‍ തയ്യാറാക്കണം.
* സ്‌കൂള്‍ വാര്‍ഷിക കലണ്ടര്‍ അടക്കം വിദ്യാഭ്യാസ കാര്യങ്ങള്‍ ഗ്രാമസഭയില്‍ ചര്‍ച്ചയാകണം
* മേളകള്‍ അവധിക്കാലത്തേക്ക് മാറ്റണം. ഗ്രേസ്മാര്‍ക്ക് അതത് മേഖലകളില്‍ ഉന്നതപഠനത്തിന് പോകുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താം.
* ക്ലസ്റ്റര്‍ പരിശീലനമൊഴിച്ചുള്ള എല്ലാ അധ്യാപക പരിശീലനങ്ങളും അവധിക്കാലത്തേക്ക് മാറ്റണം.
* അധ്യാപക പരിശീലനങ്ങള്‍ സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാക്കണം.
* അധ്യാപകരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കരുത്.
* SMC, PTA, MPTA എന്നിവ ഏകോപിപ്പിച്ച് നിയമവിധേയമായ ഒറ്റ സംവിധാനമാക്കണം.
*വിദ്യാലയങ്ങളുടയും അധ്യാപകരുടെയും performance audit നടത്തണം.
* HS, HSS എന്നിവ ഒരേ ഭരണ സംവിധാനത്തിന്‍കീഴിലാക്കണം.
* പാഠപുസ്തകം അച്ചടി വികേന്ദ്രീകരിക്കണം.
* ഉന്നതവിദ്യാഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാകണം.
* സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വേതനം പറ്റുന്നവരുടെ മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാനുള്ള സാമൂഹികസമ്മര്‍ദം ഉയര്‍ത്തണം.
* മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമല്ല
ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. അവ പ്രത്യേകം ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. എങ്കിലും കേരളത്തില്‍ ഇന്ന് സജീവചര്‍ച്ചാവിഷയമായിട്ടുള്ള സ്വാശ്രയ പ്രൊഫഷണല്‍ മേഖലയെ ജനാധിപത്യവല്‍ക്കരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഘടനാപ്രവര്‍ത്തനം, കോളേജ് യൂണിയന്‍, അധ്യാപകരക്ഷാകര്‍തൃസമിതികള്‍ തുടങ്ങിയ വേദികള്‍ ഈ സ്ഥാപനങ്ങളിലും അനുവദിക്കണം.
ആരോഗ്യം
കാല്‍ നൂറ്റാണ്ട് മുന്‍പ് മൂന്നാം ലോക രാജ്യങ്ങള്‍ക്ക് അനുകരണീയമായ ഒരു കേരള ആരോഗ്യ മാതൃകയായിരുന്നു. അതിപ്പോള്‍ നിലവിലില്ല. വളര്‍ന്നു വന്നിരിക്കുന്നത് മുഖ്യമായും സ്വകാര്യ മേഖലയിലുള്ള, ചെലവേറിയ, കാര്യക്ഷമത കുറഞ്ഞ ചികിത്സാ സംവിധാനവും വളരെ കൂടിയ ചെലവില്‍ കഴിവും ഗുണനിലവാരവും കുറഞ്ഞ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉല്‍പ്പാദിപ്പിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്.
കേരളം ആരോഗ്യരംഗത്ത് ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണ്
1. ഉയര്‍ന്ന ചികിത്സാ ചെലവ്
2. ജീവിതശൈലി രോഗങ്ങളുടെ ഉയര്‍ന്ന തോത്
3. പരിസ്ഥിതി ബന്ധമായ രോഗങ്ങള്‍
4. ആരോഗ്യരംഗത്തെ മാനുഷിക വിഭവശേഷിയുടെ നിലവാര തകര്‍ച്ച
ഉയര്‍ന്ന ചികിത്സാ ചെലവ്
കേരളത്തിലെ കുതിച്ചുയരുന്ന ചികിത്സാ ചെലവിന്റെ രൂക്ഷത 1987 മുതലുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് പഠനങ്ങളില്‍ നിന്ന് ബോധ്യമാകും
ചികിത്സാ ചെലവിന്റെ ഭാരം ഏറ്റവും അധികം അനുഭവിക്കുന്നത് ദരിദ്ര ജനവിഭാഗങ്ങളാണെന്നത് വ്യക്തമാകും. അതി ദരിദ്രരില്‍ (ബി.പി.എല്‍ വിഭാഗത്തിനു തുല്യം) കുടുംബ വരുമാനത്തിന്റെ മൂന്നിലൊന്നോളം രോഗശമനത്തിനായി ഉപയോഗിക്കേണ്ടി വരുന്നു. ദരിദ്രരെ അവരുടെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ അനുവദിക്കാതെയും കുടുംബങ്ങളെ കടത്തിലേക്കും കൂടുതല്‍ ദാരിദ്ര്യത്തിലേക്കും തള്ളി വിടുകയും ചെയ്യുകയാണ് സംസ്ഥാനത്തിലെ ഉയര്‍ന്ന ചികിത്സാ ചെലവുകള്‍.
ഉയര്‍ന്ന ചികിത്സാ ചെലവിന്റെ കാരണങ്ങള്‍
കേരളത്തില്‍ എണ്‍പതുകള്‍ക്ക് ശേഷം ആരോഗ്യപരിപാലന ചെലവുകള്‍ അതിഭീമമായ തോതില്‍ വര്‍ധിച്ചതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.
1. രോഗഘടനയില്‍ വന്ന മാറ്റങ്ങള്‍
2. വൈദ്യശാസ്ത്ര സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍
3.ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ ചെലവില്‍ വന്ന ആപേക്ഷികമായ വന്‍ ഇടിവ്
ഒരു വശത്ത് ആളോഹരി ചികിത്സാ ചെലവ് ഏറ്റവുമധികം കേരളത്തിലാണ്. തൊട്ടടുത്തുള്ള ഹിമാചല്‍ പ്രദേശിനേക്കാള്‍ ഏതാണ്ട് ഇരട്ടി. ആപേക്ഷികമായ സര്‍ക്കാര്‍ നിക്ഷേപം ഏറ്റവും കുറവും കേരളത്തില്‍ തന്നെ; 9.7%. ഒരു കാലത്ത് ഏറ്റവുമധികം സര്‍ക്കാര്‍ ഓഹരി ഉണ്ടായിരുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ആശങ്കാജനകം തന്നെയാണ്.
ചികിത്സാ ചെലവ് ഇത്രയേറെ കൂടിയ കാലഘട്ടത്തില്‍ രോഗാതുരത കുറയുകയാണുണ്ടായത് എന്ന വിരോധാഭാസം കണക്കിലെടുക്കേണ്ടതുണ്ട്. സാധാരണ പകര്‍ച്ചപ്പനികള്‍, വയറിളക്ക രോഗങ്ങള്‍ എന്നിങ്ങനെയുള്ള പല പകര്‍ച്ചവ്യാധികളുടേയും തോത് ഗണ്യമായി കുറഞ്ഞതാണ് രോഗാതുരതാ നിരക്കിന്റെ കുറയലിനു കാരണം. എന്നാല്‍ ഈ രോഗാതുരതാ ഡിവിഡന്റ് നേട്ടമാക്കാന്‍ നമുക്കു കഴിഞ്ഞില്ല.
ലക്ഷ്യങ്ങള്‍ എന്തായിരിക്കണം?
1. സാര്‍വത്രികവും സൗജന്യവും സമ്പൂര്‍ണവും ആയ ആരോഗ്യ സംവിധാനം ഏര്‍പ്പെടുത്തുക
2. ശിശു, ബാല, മാതൃ മരണ നിരക്കുകള്‍ വികസിത രാജ്യങ്ങള്‍ക്കു സമാനമായ തോതില്‍ കുറച്ചു കൊണ്ടുവരിക
3.ആരോഗ്യപൂര്‍ണമായ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുക
എന്ത് ചെയ്യണം?
ഈ ലക്ഷ്യങ്ങള്‍ നേടാന്‍ ഒരു ദ്വിമുഖ തന്ത്രമാണ് വേണ്ടത്.
1. രോഗാതുരത പരമാവധി കുറച്ചു കൊണ്ടു വരിക
2. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം പടിപടിയായി വര്‍ധിപ്പിക്കുക.
രോഗാതുരത കുറച്ചു കൊണ്ടു വരാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ മുഖ്യമായും പ്രാഥമികാരോഗ്യത്തില്‍ ഊന്നി നിന്നു കൊണ്ടുതാണ്. ചുരുക്കത്തില്‍:
* ജീവിതശൈലീ രോഗങ്ങളുടെ തോത് കുറയ്ക്കുക
* അവ മൂലം അവയവങ്ങള്‍ കേടുവരുന്നതു തടയുക
* പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം
* ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യസേവനം
* മൂന്ന് പടവുകള്‍ ഉള്ള റഫറല്‍ സമ്പ്രദായം
* തെളിവിനെ അടിസ്ഥാനമാക്കിയുള്ള ചികിത്സ
* കൂടുതല്‍ പ്രാഥമികാരോഗ്യ സേവകര്‍
* കാര്യക്ഷമമായ നടത്തിപ്പു രീതികള്‍
* ഫലപ്രദമായ നിയമനിയന്ത്രണ സംവിധാനങ്ങള്‍
പ്രാഥമികാരോഗ്യ സംരക്ഷണം സബ്‌സെന്ററുകളില്‍ നിന്നു തുടങ്ങണം. സബ്‌സെന്ററുകള്‍ ആ പ്രദേശത്തെ സമൂഹത്തിന്റെ ജീവനാഡികള്‍ ആവണം. പ്രാഥമിക ആരോഗ്യത്തില്‍ പരിശീലനം ലഭിച്ച ഒരു നഴ്‌സും പൊതുജനാരോഗ്യ പ്രവര്‍ത്തകരും, കുടുംബാരോഗ്യ പ്രവര്‍ത്തകരും ഉള്ള ഈ ഉപകേന്ദ്രങ്ങള്‍ 1000 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ ഉണ്ടാവണം. ഏതാണ്ട് 6000 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വേണം. അവിടെ സമൂഹത്തില്‍ കാണപ്പെടുന്ന 80-90% ആരോഗ്യപ്രശ്‌നങ്ങളും അവിടെ പരിഹരിക്കാനാവണം. ഏറ്റവും ചുരുങ്ങിയത് 3 ഡോക്ടര്‍മാരെങ്കിലും വേണം. നല്ല ഫാര്‍മസി, ലബോറട്ടറി സൗകര്യങ്ങള്‍ വേണം. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു വേണം ദ്വിതീയ ത്രിതീയ തലങ്ങളിലേക്ക് റഫര്‍ ചെയ്യാന്‍. ഇങ്ങനെ റഫര്‍ ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ കൃത്യമായ സന്ദര്‍ശന സമയവും ലഭിച്ചിരിക്കണം. സ്വകാര്യ ഡോക്ടര്‍മാരില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കുടുംബ / പ്രാഥമികാരോഗ്യത്തില്‍ പരിശീലനം നല്‍കുകയും അവര്‍ക്ക് രോഗികളെ റഫര്‍ ചെയ്യാനുള്ള അനുവാദം കൊടുക്കുകയുമാകാം.
ദ്വിതീയ ത്രിതീയ തലങ്ങളില്‍ വേണ്ടത്ര ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഒരോ തലത്തിലും അതിന് അനുയോജ്യമായ സ്‌പെഷ്യലിസ്റ്റുകള്‍ ഉണ്ടായിരിക്കണം.
ഇതിനൊക്കെ വേണ്ട പണം അങ്ങനെ സ്വരൂപിക്കും എന്നതാണ് ഒരു മുഖ്യ പ്രശ്‌നം. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളത് ആരോഗ്യത്തിനുള്ള പൊതുചെലവ് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 0.6% എന്നുള്ളതില്‍ നിന്നും ഒരോ വര്‍ഷവും 1% വീതം കൂട്ടി അഞ്ചു വര്‍ഷം കൊണ്ട് 5% ആയി ഉയര്‍ത്തും എന്നാണ്. ഇതു യാഥാര്‍ത്ഥ്യമാക്കിയാല്‍ മേല്‍ പറഞ്ഞ ലക്ഷ്യങ്ങളെല്ലാം നിഷ്പ്രയാസം നേടാനാവും.
അരോഗ്യത്തിനു വേണ്ടിയുള്ള ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കുക എന്നതാണ് മുഖ്യമായുള്ള നിര്‍ദേശം. ഇതിലേക്ക് വരുമാനത്തിന് അനുസൃതമായി എല്ലാവരും നല്‌കേണ്ട ഒരു ആരോഗ്യ സെസ്സ് ആയിരിക്കും മുഖ്യ ഘടകം. കൂടാതെ ഇന്നുള്ള കാരുണ്യപോലുള്ള എല്ലാ സര്‍ക്കാര്‍ ഫണ്ടുകളും ഇതിലേക്ക് മാറ്റണം. ആരോഗ്യത്തിനു ഹാനികരമാകുന്ന എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും ഉള്ള ടാക്‌സില്‍ ഒരു ഭാഗം ഇതിലേക്കു മാറ്റപ്പെടണം. ഇതു കൂടാതെ അടിയന്തിരമായ മൂലധന ചെലവുകള്‍ക്ക് സര്‍ക്കാര്‍ ദീര്‍ഘകാല വായ്പ്പകള്‍ എടുക്കാവുന്നതാണ്.
ആര്‍ദ്രം മിഷന്‍
സര്‍ക്കാരിന്റെ ‘ആര്‍ദ്രം മിഷന്‍’ എന്ന പേരിലുള്ള പരിപാടി മേല്‍ സൂചിപ്പിച്ച കാഴ്ച്ചപ്പാടിന്റെ ചട്ടക്കൂടില്‍ നില്ക്കുന്നതാണ്. ഇതിന് രണ്ട് ഘടകങ്ങള്‍ ഉണ്ട്.
1. പ്രാഥമികാരോഗ്യ സംര ക്ഷണം
2. ദ്വിതീയ, ത്രിതീയ തലത്തിലുള്ള ആശുപത്രികളിലെ ചികിത്സ മെച്ചപ്പെടുത്തല്‍.
2020 ആവുമ്പോഴേക്ക് നേടേണ്ട ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
ഇവ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന എന്തിനായിരിക്കണം എന്നതാണ് പ്രധാനം. രോഗാതുരത കുറച്ചു കൊണ്ടു വന്ന് റഫറല്‍ സമ്പ്രദായം നടപ്പാക്കാതെ ദ്വിതീയ, ത്രിതീയ മേഖലകളില്‍ എത്ര പണം ചെലവാക്കിയാലും അതു മതിയാവാതെ വരികയേ ഉള്ളൂ. അതിനാല്‍ ആര്‍ദ്രം രണ്ടു ഘട്ടമായി നടപ്പാക്കുകയായിരിക്കും നല്ലത്. ആദ്യ ഘട്ടത്തില്‍ പ്രാഥമികാരോഗ്യ മേഖലക്കായിരിക്കണം മുന്‍ഗണന. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അവയുടെ ഉപകേന്ദ്രങ്ങളും മെച്ചപ്പെടുത്തുകയും സ്വകാര്യ ഡോക്ടര്‍മാര്‍ക്കടക്കം പ്രാഥമികാരോഗ്യത്തില്‍ പരിശീലനം നല്കുകയും ചെയ്യുക എന്നതായിരിക്കണം ആദ്യ പടി. രണ്ടാം ഘട്ടത്തില്‍ മൊത്തത്തിലുള്ള ആവശ്യങ്ങള്‍ക്കനുസരിച്ച്, വിഭവങ്ങള്‍ പാഴാക്കാതെ, ആസൂത്രിതമായി ദ്വിതീയ ത്രിതീയ മേഖലകള്‍ വികസിപ്പിക്കണം. ആശുപത്രികളിലെ ഹൈടെക്ക് വികസനത്തിനു വേണ്ടിയായിരിക്കും ഒരു പക്ഷെ ജനപ്രതിനിധികളും ജനങ്ങളിലെ വാചാലരായ വിഭാഗവും ആവശ്യപ്പെടുക. എന്നാല്‍ ഇതിനുവേണ്ടി പ്രാഥമികാരോഗ്യ മേഖലയെ പിന്‍സീറ്റിലേക്കു തള്ളുന്നത് വിപരീതഫലമേ ഉണ്ടാക്കൂ.
ആര്‍ദ്രം മിഷന്‍ മുഖ്യമായും ആരോഗ്യവകുപ്പുവഴി നടപ്പാക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രാദേശിക വ്യത്യാസങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ഒരോ പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് വേണ്ട രീതിയില്‍ ഉള്ള മാറ്റങ്ങള്‍ പരിപാടിയില്‍ വരുത്താനുള്ള അധികാരങ്ങള്‍ നല്‌കേണ്ടതാണ്. എന്നാല്‍ ഇത് പദ്ധതിയുടെ പൊതുലക്ഷ്യങ്ങള്‍ക്കും സമീപനത്തിനുമെതിരായിരിക്കരുത്.

അധികാര
വികേന്ദ്രീകരണം
ജനങ്ങളുടെ ഏറ്റവുമടുത്തു നില്‍ക്കുന്ന ഭരണകൂടമെന്ന നിലയില്‍, അവരുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിലും അഴിമതിരഹിത ഭരണം നടത്തുന്നതിലും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിലും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുക, തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കാണ്. മേല്‍പ്പറഞ്ഞ വിധത്തില്‍ പ്രവര്‍ത്തിക്കാനുള്ള പ്രാദേശിക ഗവണ്മെന്റുകളുടെ കഴിവ് നിരന്തരമായി വര്‍ധിക്കേണ്ടത്, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണുതാനും. അതിനായുള്ള ഇടപെടലുകള്‍ തുടര്‍ച്ചയായി നടന്നിട്ടുള്ള സംസ്ഥാനമെന്ന നിലയിലാണ് അധികാരവികേന്ദ്രീകരണം സംബന്ധിച്ച കേരളീയ അനുഭവങ്ങള്‍ നാം വിലയിരുത്താറുള്ളത്. അധികാരവികേന്ദ്രീകരണത്തിന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ അനുഭവങ്ങളുടെഅടിസ്ഥാനത്തില്‍ നിലവിലുള്ള പരിമിതികളും അസംതൃപ്തികളും പരിഹരിക്കാന്‍ അടിയന്തിരപ്രാധാന്യം നല്‍കണം. ഈ ദിശയിലുള്ള നടപടികളെ, രാഷ്ട്രീയം, നിയമപരം, ഭരണപരം, സാമൂഹികം എന്നിങ്ങനെ നാലായി തരംതിരിക്കാം.
(a) രാഷ്ട്രീയം:
ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ആരംഭിച്ച പ്രാദേശികാസൂത്രണ പ്രവര്‍ത്തനത്തിനാണ് കേരളത്തിലെ അധികാരവികേന്ദ്രീകരണ രംഗത്ത് ഏറ്റവുമേറെ പ്രാധാന്യം ലഭിച്ചിട്ടുള്ളത്. ഇതിലപ്പുറം, ഒരു ഭരണകൂടമെന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനുള്ള രീതി സമ്പ്രദായങ്ങള്‍ വേണ്ടത്ര വളര്‍ത്തിയെടുക്കാന്‍ താഴെത്തലത്തില്‍ കഴിഞ്ഞിട്ടില്ല. ഗ്രാമസഭകളും വാര്‍ഡ് സഭകളും വെറും ചടങ്ങുകളായി മാറുന്നുതും, ഉദ്യോഗസ്ഥര്‍ക്കുമേല്‍ ജനപ്രതിനിധികള്‍ക്ക് നിയന്ത്രണാധികാരം കുറയുന്നുതും വ്യക്തമാക്കുന്നത് തദ്ദേശഭരണത്തെക്കുറിച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് വ്യക്തതപോര എന്നുതന്നെയാണ്. ജനപ്രതിനിധികള്‍ക്കുള്ള പരിശീലനത്തിലൂടെ ഈ അവസ്ഥ മാറ്റണം.
(b) നിയമപരം :
രാഷ്ട്രീയനിലപാടുകളുടെ തുടര്‍ച്ച തന്നെയാണ് നിയമപരമായ ഭേദഗതികളും ഇടപെടലുകളും. ഭരണഘടനാഭേദഗതികള്‍ക്കുശേഷം 1999ലാണ് കേരളത്തിലെ തദ്ദേശഭരണനിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കപ്പെട്ടത്. 16 വര്‍ഷത്തെ അനുഭവങ്ങളില്‍നിന്ന്, ഈ നിയമങ്ങളുടെ ഒട്ടേറെ പരിമിതികള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അവ തിരുത്തേണ്ടിയിരിക്കുന്നു. ഒപ്പം, കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനായി നിയമങ്ങളിലെ അധികാരങ്ങള്‍ സൂചിപ്പിക്കുന്ന ചട്ടങ്ങളിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഇക്കൂട്ടത്തില്‍ ഗൗരവപ്പെട്ട ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു:
1. പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍ എല്ലാ വ്യവസായപ്രദേശങ്ങളെയും ഉള്‍പ്പെടുത്തണം.
2. ഗ്രാമസഭായോഗങ്ങളില്‍ പ്രസിഡണ്ടിനുപകരം, വൈസ് പ്രസിഡണ്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവരെ അധ്യക്ഷത വഹിക്കാന്‍ അനുവദിക്കാവുന്നതാണ്.
3. തദ്ദേശഭരണസ്ഥാപനത്തിന്റെ അധ്യക്ഷന്മാര്‍ മുഴുവന്‍സമയ പ്രവര്‍ത്തകരായി മാറണം
4. എയ്ഡഡ് സ്‌കൂളുകളുടെ ഭരണത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്കണം.
5. ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരിക്കണം. ബ്ലോക്ക് പഞ്ചായത്ത് സംബന്ധിച്ച വീരപ്പമൊയ്‌ലി കമ്മറ്റി ശുപാര്‍ശകള്‍ ഗൗരവമായി പരിഗണിക്കണം.
6. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം അധികാര വികേന്ദ്രീകരണത്തിന്റെ വിജയത്തിന് അനിവാര്യമാണ്. ഇതിന് സഹായകമായ വിധത്തില്‍ പഞ്ചായത്ത് നിയമത്തിലെ അനുച്ഛേദം 180 മുതല്‍ 185 വരെ സമഗ്രമായി പരിഷ്‌കരിക്കണം.
7. ആസൂത്രണ പ്രക്രിയ തദ്ദേശഭരണ നിയമത്തിന്റെ ഭാഗമാകണം.
8. പ്രകൃതിവിഭവ ചൂഷണം നിയന്ത്രിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അധികാരം ഉണ്ടാവണം.
9. തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി, ബഡ്ജറ്റ്, NREGS ആക്ഷന്‍ പ്ലാന്‍ എന്നിവ സംയോജിപ്പിക്കാന്‍ നിയമഭേദഗതി ആവശ്യമാണ്.
10. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗം വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ ആസൂത്രണസമിതിയില്‍ പ്രാതിനിധ്യം അനുവദിച്ചുകൊണ്ട് DPC കള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം.
(c) ഭരണപരം :
തദ്ദേശഭരണസ്ഥാപനത്തിന്റെ പരിധിയില്‍ വന്നിട്ടുള്ള സര്‍ക്കാര്‍ ഓഫീസുകളെയും ജീവനക്കാരെയും ധനവിഭവങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുക എന്ന ഭരണപ്രവര്‍ത്തനം കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിലെ ഏറെ ദുര്‍ബലമായ ഒരു ഘടകമാണ്. ജനപ്രതിനിധികളുടെ ഭരണപരിചയക്കുറവും ഉദ്യാഗസ്ഥ മേധാവിത്വവുമാണ് കാരണം. വര്‍ഷത്തില്‍ 4 ഗ്രാമസഭകളും വാര്‍ഡ് സഭകളും നടക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍ നടക്കാറില്ല. പദ്ധതി രൂപീകരണം എല്ലാ വര്‍ഷവും നടക്കേണ്ടതുണ്ട് എന്നറിയാം. എന്നാല്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണ് പതിവ്. ഇത്തരം വീഴ്ചകള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ ഭരണപരമായ കഴിവ് വര്‍ധിപ്പിക്കേണ്ടതുണ്ട്.
(d) സാമൂഹികം :
പ്രാദേശികഭരണത്തിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കുന്നത് പ്രാദേശിക സമൂഹമാണ്. അതുകൊണ്ടുതന്നെ പ്രാദേശികഭരണത്തെ തങ്ങള്‍ക്കനുകൂലമായി, ജനാഭിമുഖ്യമുള്ളതായി മാറ്റുന്നതില്‍ പ്രാദേശിക സമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. ഗ്രാമ-വാര്‍ഡ് സഭകളും അയല്‍സഭകളും റസിഡന്റ് അസോസിയേഷനുകളുമാണ് പ്രാദേശികഭരണത്തില്‍ ജനങ്ങള്‍ക്ക് പങ്കെടുക്കാനുള്ള മുഖ്യവേദികള്‍. ഇവയിലെ അര്‍ഥപൂര്‍ണമായ പങ്കാളിത്തം ഭരണഗുണനിലവാരത്തില്‍ മാറ്റംവരുത്താന്‍ സഹായിക്കും.
MPLAD, MLALAD എന്നീ ഫണ്ടുകള്‍ പൂര്‍ണമായും പഞ്ചായത്ത് പദ്ധതികളുമായി ഉദ്ഗ്രഥിക്കണം.
സാമൂഹിക ഉത്തരവാദിത്തം :
കേരളത്തിലെ അധികാരവികേന്ദ്രീകരണ വ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ കേരള സമൂഹത്തിന് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിരവധി പ്രാദേശിക വികസനമാതൃകകള്‍ രൂപപ്പെടുത്തിക്കൊണ്ടു പ്രാദേശികാസൂത്രണത്തിന് പ്രായോഗികമായ രീതിസമ്പ്രദായങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടുമാണ് അത് സാധിച്ചിട്ടുള്ളത്. ഈ ധര്‍മം ഇപ്പോഴും നിര്‍വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അത്തരം പരിശോധനയുടെ അടിസ്ഥാനത്തിലാവണം നിലവിലുള്ള സംവിധാനങ്ങളോട് പ്രതികരിക്കേണ്ടത്. ഇവിടെയാണ് ചില വര്‍ത്തമാനകാല പ്രശ്‌നങ്ങളോട് എടുക്കേണ്ട നിലപാടുകള്‍ പ്രസക്തമായിത്തീരുന്നത്.
* കേരളത്തില്‍ നവകേരള മിഷന്‍ എന്ന പേരില്‍ നാല് മിഷനുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ഇവയെല്ലാം ലക്ഷ്യംവയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരപരിധിയിലുള്ളവയാണ്. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമോ, അതോ ശക്തിപ്പെടുത്തുമോ? ശക്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണം?
* പ്രകൃതിവിഭവചൂഷണത്തിന്റെ ദുരന്തങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. ഇത് നിയന്ത്രിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. നിയന്ത്രണാധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാതിരിക്കുകയോ പ്രശ്‌നം കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു. ഈ രംഗത്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്തുചെയ്യണം? അതിനായി നിലവിലുള്ളവയില്‍ നിന്ന് വ്യത്യസ്തമായി എന്തെല്ലാം അധികാരങ്ങളും സംവിധാനങ്ങളും ആവശ്യമാണ്?
* വിഭവപരിമിതി എല്ലാ തദ്ദേശഭരണകൂടങ്ങളുടെയും പൊതുവായ പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍, സ്വന്തമായ വരുമാനസ്രോതസുകള്‍ കണ്ടെത്തേണ്ടിവരും. കേരളത്തിന്റെ സാഹചര്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ മേഖലകള്‍ കണ്ടെത്താന്‍ കഴിയുമോ?
* മിഷന്‍ പ്രവര്‍ത്തനങ്ങളെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുമായി ഉദ്ഗ്രഥിക്കും എന്നു പറയുന്നുണ്ടെങ്കിലും ഇതിനു സഹായകമായ നിര്‍ദേശങ്ങള്‍ പോലും ഇതുവരെ ചര്‍ച്ചയ്ക്കായി വന്നിട്ടില്ല. അത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നും ചര്‍ച്ചചെയ്യേണ്ടതുണ്ട്.
പരിസരം
കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കയാണ്. കുടിവെള്ളം വലിയൊരു പ്രശ്‌നമായിരിക്കുന്നു. വര്‍ഷാരംഭത്തില്‍ ”ജലസുരക്ഷ, ജീവസുരക്ഷ” എന്ന പേരില്‍ പലയിടത്തും നടന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ചരീതിയിലായിട്ടില്ല. മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനത്തിലാകട്ടെ തദ്ദേശസ്ഥാപനങ്ങളെയും പ്രാദേശിക സമൂഹങ്ങളെയും ചലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കലാവസ്ഥാമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയ ഇടത്തുതന്നെയാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിക്കാനുള്ള സംഘടിതശ്രമങ്ങള്‍ നടക്കുന്നു. ഇതിനിടയില്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പുതിയ മിഷനുകളുടെ പ്രവര്‍ത്തനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിസരം, ജലസുരക്ഷ, മാലിന്യപരിപാലനം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ എങ്ങിനെ ബാധിക്കും എന്ന സംശയവും ഉണ്ടായിരിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ പൊതുവില്‍ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതായി കാണുന്നു. എന്നാല്‍, അതിന്നനുസൃതമായ പ്രവര്‍ത്തന പരിപാടികള്‍ രൂപപ്പെട്ട് കാണുന്നില്ല. മിഷന്‍ രീതി ആണോ അതിന് അനുയോജ്യം എന്ന കാര്യവും ചര്‍ച്ചചെയ്യേണ്ടതാണ്. ചുരുക്കത്തില്‍, പരിസരംഗത്തെ അടിയന്തിര ഇടപെടല്‍ ആവശ്യമുള്ള രംഗങ്ങളില്‍ ആശയവ്യക്തത വരുത്തുന്നതിന് ഗൗരവമായ ചര്‍ച്ച ആവശ്യമാണ്. അക്കൂട്ടത്തില്‍പ്പെട്ട ചില പ്രധാന പ്രശ്‌നങ്ങളാണ് താഴെ പറയുന്നത്.
1. പശ്ചിമഘട്ടം
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും, ഇവയെ അപ്രസക്തമാക്കി പശ്ചിമഘട്ട പരിസ്ഥിതി പാടേ തകര്‍ക്കാന്‍ ഇടയാക്കുന്ന ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടും കോടതികളുടെ പരിഗണനയിലാണ്. മനുഷ്യവാസമുള്ള പശ്ചിമഘട്ടമേഖലയില്‍ (എല്ലായിടവും എന്നര്‍ത്ഥം) എവിടെയും ഒരുതരം പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനവും അനുവദിക്കില്ല എന്ന ചിന്താഗതിക്കാര്‍ ശക്തമായ നിലപാടെടുത്തിരിക്കയാണ്. ഹൈറേഞ്ച് സംരക്ഷണസമിതി തങ്ങളുടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഭരണകൂടത്തെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷിച്ച് കേരളത്തിന്റെ സമഗ്ര നാശം തടയാനുള്ള അവസാന അവസരവും നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഏതു രീതിയിലാണ് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുക? പമ്പ – അച്ചന്‍കോവില്‍ – വൈപ്പാര്‍ ലിങ്കുപദ്ധതി വീണ്ടും സജീവമാകുന്നു. ജലദൗര്‍ലഭ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കേരളം ഈ പ്രശ്‌നത്തെ എങ്ങനെയാണ് നേരിടേണ്ടത്? ഇക്കാര്യങ്ങളില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെന്തു ശാസ്ത്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയും. ഈ സാഹചര്യത്തില്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി എന്തെന്ന് വെളിപ്പെടുത്തണം.
2. ക്വാറികളുടെ പ്രവര്‍ത്തനം
പ്രാദേശിക എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് കരിങ്കല്‍, ചെങ്കല്‍, മണല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണ പലപ്പോഴും ഇക്കൂട്ടര്‍ക്കു കിട്ടുന്നുണ്ട്. മൂക്കുന്നിമലയിലും ചെര്‍പ്പുളശ്ശേരിയിലെ കോട്ടക്കുന്നിലും മറ്റും നടന്നത് ജനകീയ പ്രക്ഷോഭങ്ങള്‍ വിജയിക്കുമെന്നതിന് തെളിവാണ്. എന്നാല്‍ ഇവയെല്ലാം ഫലത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങളാണ്. കുന്നുകളുടെ പാരിസ്ഥിതിക പ്രാധാന്യം പൊതുസമൂഹം വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാണ് കുന്നിടിക്കലിനെതിരെ പലയിടത്തും പ്രതിഷേധമുണ്ടാകാത്തത്. ജലസംരക്ഷണവുമായി ബന്ധപ്പെട്ട വശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഈ മേഖലയിലെ ജനകീയ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ എന്തുചെയ്യണം? മണല്‍മാഫിയയ്‌ക്കെതിരെയുള്ള നിതാന്തജാഗ്രത ഉറപ്പാക്കാന്‍ പൊതുസമൂഹത്തെ എങ്ങനെ സജ്ജമാക്കാം?
കരിങ്കല്‍ ഖനനം കൂടുതല്‍ ഗുരുതരമാണ്. അഞ്ച് ഏക്കറില്‍ താഴെയുള്ള ക്വാറികള്‍ക്കു പാരിസ്ഥിതിക അനുമതി വേണ്ടെന്ന സര്‍ക്കാരിന്റെ വികലമായ ഉത്തരവ് കോടതി റദ്ദാക്കിയിരിക്കയാണ്. ക്വാറി ഉടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നിര്‍മാണമേഖല ആകെ സ്തംഭിച്ചു എന്നു വരുത്തിത്തീര്‍ത്ത് അനിയന്ത്രിത ക്വാറിയിങ്ങിന് അവസരമുണ്ടാക്കാനാണ് ഇവരുടെ ശ്രമം. ക്വാറി (ചെറുതും വലുതും) കളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളോട് എന്ത് സമീപനമാണ് പ്രാദേശിക തലത്തില്‍ സ്വീകരിക്കേണ്ടത്? ചെമ്മണ്‍, ചെങ്കല്‍ കുന്നുകള്‍ പൊതുസ്വത്തായി കാണണം. ഇതിന്റെ ഭാഗമായി ഖനിജങ്ങളെ പൊതുസ്വത്തായി പ്രഖ്യാപിക്കണം. ഇതിന് വേണ്ട നിയമനിര്‍മാണം നടത്തണം.
3. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം
2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ഏറെ പ്രതീക്ഷ നല്‍കിയ ഒന്നാണ്. അവശേഷിക്കുന്ന വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുമെന്ന പ്രതീക്ഷ ഉണ്ടായി. എന്നാല്‍ ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദാസീന മനോഭാവംമൂലം നെല്‍വയലുകളുടെ ഡാറ്റാബാങ്ക് ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനിടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനധികൃതമായി നടത്തിയ നികത്തലുകള്‍ക്ക് അംഗീകാരം നല്‍കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്തു. പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ ഭേദഗതി പിന്‍വലിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ആറന്മുള വിമാനത്താവളത്തിനുവേണ്ടി നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളുമെടുക്കുന്നുണ്ട്. മെത്രാന്‍ കായലില്‍ ഭാഗികമായെങ്കിലും കൃഷി ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ഭയാശങ്കകള്‍ വിട്ടുമാറാത്ത അവസ്ഥയാണുള്ളത്. വീടുവെക്കുന്നതിനുവേണ്ടി വയല്‍നികത്തല്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. എത്രവരെ എന്നതിലെ തര്‍ക്കമുള്ളൂ. അനധികൃതമായ വയല്‍നികത്തല്‍ പലയിടത്തും ഉദ്യോഗസ്ഥ രാഷ്ട്രീയ പിന്‍ബലത്തോടെ നടക്കുന്നുണ്ട്. ജനകീയ പ്രതിരോധം ശക്തമാകുന്നിടങ്ങളില്‍ ഇതിനു തടയിടാന്‍ കഴിയുന്നുമുണ്ട്. ശക്തമായ പ്രാദേശിക ഇടപെടല്‍ ആവശ്യമുള്ള രംഗമാണിത്. 2015 ഡിസംബര്‍ വരെ നടത്തിയ എല്ലാ അനധികൃത കെട്ടിട നിര്‍മാണങ്ങളും ക്രമവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത് ഫലത്തില്‍ 2015 ഡിസംബര്‍ വരെ നടത്തിയ വയല്‍നികത്തലുകളെ സാധൂകരിക്കാനിടയാക്കുമെന്നതിനാല്‍, അപകടകരമാണ്, വയല്‍ നികത്തലിന് പ്രോത്സാഹനം നല്‍കുന്നതാണ്. അതിനാല്‍ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. ഹരിത കേരള മിഷനു കീഴില്‍ തദ്ദേശഭരണസ്ഥാപന തലത്തില്‍ രൂപീകൃതമാകുന്ന സംവിധാനത്തിന്റെ ചുമതലയിലൊന്ന് സ്വന്തം പ്രദേശത്തെ വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണമാകണം. സുപ്രീംകോടതിവിധിയുടെ പിന്‍ബലത്തില്‍ ഉപയോഗശൂന്യമെന്ന പേരില്‍ പാടങ്ങള്‍ നികത്തുന്നതിന് അനുമതി നല്‍കുന്ന സമീപകാല സര്‍ക്കാര്‍ ഉത്തരവ് ഇക്കാര്യത്തില്‍ ഭയാശങ്കവര്‍ധിപ്പിക്കുന്നതാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
4. വരള്‍ച്ച, ജലലഭ്യത
വരള്‍ച്ചയുടെ രൂക്ഷത കൂടുംതോറും നല്ലതല്ലാത്ത വെള്ളം ഉപയോഗിക്കുന്നതുവഴി ജലജന്യരോഗങ്ങള്‍ പടരും. കുപ്പിവെള്ള കച്ചവടം പൊടിപൊടിക്കും. ഒരു ലിറ്റര്‍ വെള്ളം കുപ്പിയിലാക്കുന്നതിന് 7 ലിറ്റര്‍ വെള്ളം ചെലവാകും. കുപ്പിവെള്ളത്തിന്റെ വിലയുടെ 24 ശതമാനം കുപ്പിയുടെ വിലയാണ്. ഈ കുപ്പികള്‍ പരിസരവും ജലാശയങ്ങളും മലിനപ്പെടുത്തുന്നു. കുപ്പിവെള്ളക്കടത്ത് (transportation) CO2 വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ലോറികള്‍ വഴിയുളള ജലവിതരണം ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്. ഇനിവരുന്ന മഴക്കെങ്കിലും മഴവെളള സംഭരണവും കിണര്‍ റീച്ചാര്‍ജിങ്ങും നിര്‍ബന്ധപൂര്‍വം നടപ്പില്‍വരുത്തുക എന്നത് ഹരിതകേരള മിഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.
ജലസ്രോതസ്സുകളിലെ ചെളിനീക്കിയും മണ്ണൊലിപ്പ് തടഞ്ഞും മാലിന്യങ്ങള്‍ നീക്കിയും ഗുണമേന്മ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഗുണമേന്മ പരിശോധിച്ച് അവ ഉപയോഗയോഗ്യമെന്നുറപ്പാക്കാന്‍ പ്രാദേശിക പരിശോധനാസംവിധാനങ്ങള്‍ സജ്ജമാക്കാവുന്നതാണ്. ഹരിതകേരള മിഷന്റെ മുന്‍ഗണനയില്‍ വരേണ്ട വിഷയമാണിത്. അനിയന്ത്രിതമായും അശാസ്ത്രീയമായും കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനെയും നിയമംമൂലം തടയേണ്ടതുണ്ട്.
5. തീരദേശം
പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ സഹായിക്കുന്ന രീതിയില്‍ തീരദേശ സംരക്ഷണനിയമം പരിഷ്‌ക്കരിക്കണമെന്ന ആവശ്യമുണ്ട്. റിസോര്‍ട്ടുകാരും ബഹുനില കെട്ടിട നിര്‍മാതാക്കളുമാണ് ഫലത്തില്‍ ഇത് മുതലെടുക്കുക. ഇതിനെതിരെ ജാഗ്രത വേണം. ഓരുകയറ്റം പുഴകളിലെയും കിണറുകളിലെയും ഉപ്പിന്റെ അളവ് കൂട്ടിയിട്ടുണ്ട്. പുഴയുടെ ഒഴുക്ക് സുഗമമാക്കുകയാണ് ഇതിന് പ്രതിവിധി. പക്ഷേ, ഒഴുകാന്‍ വെള്ളംവേണം. കിണറുകളില്‍ ഒരിക്കല്‍ ഉപ്പുകലര്‍ന്നാല്‍ പിന്നെ അത് ഉപയോഗശൂന്യമാകും. തുടര്‍ച്ചയായ മഴവെള്ള റീച്ചാര്‍ജിങ്ങ് വഴി ഉപ്പുവെള്ളത്തെ പുറത്താക്കുകയാണ് പോംവഴി. ഇതിനാവശ്യമായ പ്രചരണം നല്‍കേണ്ടതുണ്ട്. തീരദേശത്തെ കിണറുകളില്‍ നിന്ന് വെള്ളം പമ്പുചെയ്യുന്നതും ഉപ്പ്കയറുന്നതിനിടയാക്കും. ഇത്തരം കാര്യങ്ങള്‍ പൊതുവില്‍ നിരുത്സാഹപ്പെടുത്തണം. അതിനാല്‍ ബോധവല്‍ക്കരണം അനിവാര്യമാണ്.
6. മാലിന്യ സംസ്‌കരണം
മാലിന്യം വേര്‍തിരിക്കല്‍, ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കല്‍, അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചംക്രമണ സംവിധാനങ്ങളിലെത്തിക്കല്‍, എന്നിവ നിര്‍ബന്ധപൂര്‍വം നടപ്പാക്കിയേ പറ്റൂ. മാലിന്യത്തില്‍ നിന്ന് ഊര്‍ജം എന്ന ആശയം ചര്‍ച്ചചെയ്യുന്നുണ്ട്. കേരളസാഹചര്യത്തില്‍ അത് ഗുണകരമല്ല. ഹരിതകേരള മിഷന്‍ മാലിന്യപരിപാലനത്തിന് മുന്‍ഗണന നല്‍കുന്നതായി കാണുന്നു. ജൈവമാലിന്യം കമ്പോസ്റ്റാക്കിയോ ബയോഗ്യാസ് ആക്കിയോ സംസ്‌ക്കരിക്കുന്ന ചെറുകിട സംവിധാനങ്ങളാണ് നഗരത്തിലും അഭികാമ്യം. മിഷന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കേന്ദ്രീകൃത സംസ്‌കരണ സംവിധാനം വിഭാവനം ചെയ്യുന്നുണ്ട്. ഇതിന്റെ സാധുത പരിശോധിക്കണം. മുന്‍കാല അനുഭവങ്ങള്‍ ഗുണകരമല്ല. അതുകൊണ്ടുതന്നെ പുനഃര്‍ചിന്ത ആവശ്യമുള്ളതാണ്. സ്ഥിരമായി കുറെ മാലിന്യത്തൊഴിലാളികളെ സൃഷ്ടിക്കുന്നത് ഒരു പരിഷ്‌കൃതസമൂഹത്തിന് അനുഗുണമാണോ എന്നതും പരിശോധിക്കണം. കമ്പോസ്റ്റും ബയോഗ്യാസ് സ്ലറിയും ജൈവവളമാണ്. ഇവ വീട്ടുമുറ്റ പച്ചക്കറിക്ക് സഹായകരവുമാണ്. തദ്ദേശാടിസ്ഥാനത്തില്‍ സമഗ്രമായ ഒരു മാലിന്യ നിര്‍മാര്‍ജന പ്രൊജക്ട് രൂപപ്പെടുത്താന്‍ പഞ്ചായത്തുകളെ സഹായിക്കണം. അതിന് വേണ്ട സാങ്കേതികസഹായം എത്തിക്കണം.
7. കാലാവസ്ഥാമാറ്റം
ആഗോളതാപനവും കാലാവസ്ഥാമാറ്റവും (അക്കാര്യം) സംബന്ധിച്ച് പാരീസ് കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ ഒരുവട്ടം ചര്‍ച്ച നടത്തിയതോടെ ഏതാണ്ട് അവസാനിച്ചമട്ടാണ്. ഇതു ശരിയല്ല. കാലാവസ്ഥാ മാറ്റം ഒരു വസ്തുതയാണ്; അതു മനുഷ്യ നിര്‍മിതവുമാണ്. അതിന്റെ ദൂഷ്യഫലങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കിയാല്‍ ആഘാതം കുറയ്ക്കാനും അപകടങ്ങള്‍ക്കെതിരെ മുന്‍കരുതലുകളെടുക്കാനും കഴിഞ്ഞേക്കും. ഇതിന് സമൂഹത്തെ സജ്ജമാക്കേണ്ടതുണ്ട്. വര്‍ധിച്ചതോതില്‍ ഫോസിലിന്ധനങ്ങള്‍ ഉപയോഗിക്കുന്നതാണ് CO2 വിന്റെ അളവ് വര്‍ധിപ്പിക്കുന്നത്. ഊര്‍ജദക്ഷത കൂടിയ ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കലാണ് ഒരു പരിഹാരം. ദക്ഷത കൂടിയ അടുപ്പ്, ചൂടാറാപ്പെട്ടി, എല്‍.ഇ.ഡി വിളക്കുകള്‍ എന്നിവയുടെ പ്രചാരം വര്‍ധിപ്പിക്കാനും ശാസ്ത്രീയമായ മറ്റ് ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കണം. സൗരോര്‍ജ ഉപയോഗം വര്‍ധിപ്പിക്കാന്‍ ആവശ്യമായ പ്രചാരണവും വേണം. വനസംരക്ഷണം വനവല്‍ക്കരണം എന്നിവ നിര്‍ബന്ധമാക്കണം.
8. ഗതാഗതം
ഗതാഗതമാണ് മറ്റൊരു രംഗം. വ്യക്തിഗത വാഹനങ്ങളുടെ അമിതവര്‍ധന റോഡ് ഗതാഗതത്തെ ദുഷ്‌ക്കരമാക്കുന്നു. കേരളത്തിലെ വാഹന സാന്ദ്രത കുടുംബത്തിന് 1.25ല്‍ കൂടുതലാണ്. ഇതിനനുസരിച്ച റോഡ് വികസനം അസാധ്യവുമാണ്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിച്ച് വ്യക്തിഗത വാഹന ഉപയോഗം നിരുത്സാഹപ്പെടുത്തിയെപറ്റൂ. വ്യക്തിഗത വാനങ്ങള്‍ക്ക് നല്‍കുന്ന ‘സബ്‌സിഡികള്‍’ കുറയ്ക്കണം. CO2 വിസര്‍ജ്യത്തിന്റെ ഗണ്യമായ പങ്ക് വാഹന ഗതാഗതത്തില്‍ നിന്നാണ്. ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കലും പ്രകൃതിവാതകത്തിലേക്കുള്ള മാറ്റവും നേരിയ മെച്ചമേ ഉണ്ടാക്കൂ. വാഹന ഉപയോഗം കുറയ്ക്കുക തന്നെയാണ് പരിഹാരം. ഇതിന് ഗൗരവമായ ബോധവല്‍ക്കരണം ആവശ്യമാണ്. ഗതാഗതം എന്നത് കൂടുതല്‍ ജനങ്ങളുടെ യാത്രയാണ്. കൂടുതല്‍ വാഹനങ്ങളുടെ യാത്രയല്ല എന്ന നിലപാട് ശക്തിപ്പെടണം. ചരക്ക് ഗതാഗതത്തിന് ജലസ്രോതസ്സുകളെ പരമാവധി ഉപയോഗിക്കാന്‍ കഴിയണം. ഇപ്പോള്‍തന്നെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉളള കേരളത്തില്‍ ഇനിയൊരു വിമാനത്താവളം ആവശ്യമില്ല.
9. വിഴിഞ്ഞംപദ്ധതി
വിഴിഞ്ഞം തുറമുഖ പദ്ധതിക്കാവശ്യമായ അനുമതികളെല്ലാം ലഭിച്ചതായി അറിയുന്നു. ഹരിത ട്രൈബ്യൂണലടക്കം പച്ചക്കൊടി കാണിച്ചിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ ഉന്നയിച്ച പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും മത്സ്യത്തൊഴിലാളികളുടെ കുടിയൊഴിപ്പിക്കല്‍, പുനരധിവാസ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടില്ല. ഇനി എന്ത് വേണമെന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.
10.നീര്‍ത്തടാധിഷ്ഠിത വികസനം
സുസ്ഥിര വികസനം നീര്‍ത്തട അടിസ്ഥാനത്തിലേ സാധ്യമാകൂ എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഗുണപരമായ ഫലങ്ങള്‍ ഉളവാക്കിയിട്ടുമുണ്ട്. സമഗ്രവും സ്ഥലീയവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടുകൊണ്ട് നിര്‍ത്തടാധിഷ്ഠിത ആസൂത്രണ പ്രക്രിയ ഏറ്റെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട്. മുകളില്‍ പരാമര്‍ശിച്ച ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും നീര്‍ത്തടാധിഷ്ഠിത വികസനത്തില്‍ ഉള്‍പ്പെടുന്നവയുമാണ്. ഈ ശാസ്ത്രീയമായ വികസന കാഴ്ച്ചപ്പാടിന് പൊതു അംഗീകാരം നേടിയെടുക്കേണ്ടത് സമൂഹത്തിന്റെ ഇന്നത്തെ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed