ശാസ്ത്രകേരളം: കൗമാരകേരളത്തിനൊരു വഴികാട്ടി
ശാസ്ത്രകേരളത്തിന് അമ്പതു തികഞ്ഞു. ഒരു പ്രസിദ്ധീകരണത്തിന് അമ്പതു വയസ്സെന്നത് വലിയ കാലയളവല്ല.എന്നാൽ ഒരു ശാസ്ത്ര പ്രസിദ്ധീകരണത്തെ സംബന്ധിച്ച് അതൊരു ‘സംഭവം’ തന്നെയാണ്.
ശാസ്ത്ര വിവരങ്ങൾ അറിയാനും പഠിക്കാനും ഒരു മാസിക ഇക്കാലത്ത് എന്തിനെന്ന സംശയം സ്വാഭാവികമാണ്. ഇത് ബലപ്പെട്ടതു മൂലമാവണം രാജ്യത്തെ വിവിധ പ്രദേശിക ഭാഷകളിലും ഇംഗ്ലീഷിലുമുള്ള മിക്ക ശാസ്ത്ര പ്രസിദ്ധീകരണങ്ങൾക്കും അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. ശാസ്ത്രകേരളം വേറിട്ടു നിൽക്കുന്നതിവിടെയാണ്. ശാസ്ത്രം സ്കൂളിലും കോളേജിലും പഠിക്കുന്നുണ്ട്. ഗൂഗിൾ വഴി ഏതു വിവരവും വിരൽത്തുമ്പിൽ ലഭ്യമാണ്. എന്നാൽ ശാസ്ത്രത്തിന്റെ രീതി സ്വാംശീകരിക്കലും ശാസ്ത്രബോധവും ഇതിലപ്പുറമാണ്.അതാണ് ശാസ്ത്ര കേരളത്തിന്റെ കൈമുതൽ. ചോദ്യം ചെയ്യുക, ശരിയെന്നു ബോധ്യം വരുന്നവ മാത്രം സ്വീകരിക്കുക. ആരു പറഞ്ഞു എന്നതല്ല; എന്തു പറഞ്ഞു, എന്താണ് തെളിവ് എന്നതാണ് പ്രധാനം.ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ പ്രവേശന കവാടത്തിൽ ലാറ്റിൻ ഭാഷയിൽ “NulIis in Verba” എന്ന് എഴുതി വെച്ചിട്ടുണ്ടത്രെ. ആരുടെയും വാക്കിന്റെ ബലത്തിലല്ല എന്നാണിതിനർഥം. പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അഥവാ യുക്തിയുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അനുമാനങ്ങളിലെത്തുക എന്നതാണ് വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ശാസ്ത്രം നൽകുന്ന ബാലപാഠം. അത് ശാസ്ത്ര കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. ശ്രീബുദ്ധനും സോക്രട്ടീസുമെല്ലാം തേടിയ വഴിയാണത്. പശു ഓക്സിജൻ ഉല്പാദിപ്പിക്കുമെന്നു പറഞ്ഞാലും തുളസി ഓസോൺ ഉണ്ടാക്കുമെന്നു പറഞ്ഞാലും അതെങ്ങനെ എന്ന് ചോദിക്കാതെ സ്വീകരിക്കുന്നവർക്ക് ശാസ്ത്ര ബോധമുണ്ടെന്നു പറയുന്നതെങ്ങനെ? കണാദമഹർഷി അണുബോംബുണ്ടാക്കി പരീക്ഷിച്ചിരുന്നു, ഭരദ്വാജമഹർഷി വിമാനം നിർമിച്ചിരുന്നു, പണ്ടുള്ളവർ ആയിരം കൊല്ലമൊക്കെ ജീവിച്ചിരുന്നു എന്നൊക്കെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഇന്നുമുണ്ട്. മാന്ത്രിക ഏലസ്സുകൾക്കും ഭാഗ്യയന്ത്രങ്ങൾക്കും പിറകെ പോകുന്നവരും കുറവല്ല. ഏതുതരം അന്ധവിശ്വാസങ്ങളും വിറ്റു ചെലവഴിക്കാൻ കഴിയുന്ന വിപണിയായി കേരളം മാറിയിരിക്കുന്നു. വിദ്യാസമ്പന്നർ എന്നു പറയുന്നവർ പോലും ഇതിൽ അകപ്പെടുന്നുവെന്ന യാഥാർഥ്യം നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. ഇവിടെയാണ് ശാസ്ത്ര കേരളത്തിന്റെ പ്രസക്തി ഏറുന്നത്.
ചോദ്യം ചെയ്തു മാത്രം സ്വീകരിക്കുന്ന ശീലം സ്കൂൾ വിദ്യാഭ്യാസ കാലം തൊട്ട് തുടങ്ങണം. അങ്ങനെ മാത്രമേ ശാസ്ത്രബോധമുള്ള സമൂഹം വളർന്നു വരൂ.ആ ലക്ഷ്യത്തോടെയാണ് ശാസ്ത്രകേരളം പിറവിയെടുക്കുന്നതു തന്നെ.1969 ജൂൺ മാസം ഈയൊരു മാസികയുടെ ആദ്യ ലക്കം പുറത്തിറക്കിയപ്പോൾ “വിദ്യാർഥികളോട് ” എന്ന തലക്കെട്ട് നൽകിയ മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി-” ശാസ്ത്രകേരളം ഇതാ നിങ്ങളുടെ കൈകളിലേക്കു തരുന്നു.ഇതിനെ പോഷിപ്പിക്കേണ്ടത് നിങ്ങളും നിങ്ങളുടെ അധ്യാപകരുമാണ്.ശാസ്ത്രത്തിന്റെ വളർച്ചയിൽ താല്പര്യമുള്ളവരെല്ലാം ശാസ്ത്രകേരളത്തെ സഹായിക്കണമെന്ന അഭ്യർഥനയോടെയാണ് മുഖക്കുറിപ്പ് അവസാനിക്കുന്നത്. കുട്ടികളേയും അവരെ വളർത്തിയെടുക്കുന്ന അധ്യാപകരേയുമാണ് ശാസ്ത്രകേരളം തുടക്കം മുതലേ ലക്ഷ്യമിട്ടത്.പി ടി ഭാസ്കരപ്പണിക്കരായിരുന്നു ആദ്യ പത്രാധിപർ.കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പുമന്ത്രി സി എച്ച് മുഹമ്മദ് കോയയാണ് ശാസ്ത്ര കേരളം പ്രകാശനം ചെയ്തത്. വൈസ് ചാൻസലർ ഡോ.എ അയ്യപ്പൻ, വിദ്യാഭ്യാസ ഡയരക്ടർ എ കെ നാരായണൻ നമ്പ്യാർ തുടങ്ങിയവർ ചടങ്ങിലുണ്ടായിരുന്നു. 50 പൈസയാണ് 48 പേജുമായി അന്നിറങ്ങിയ മാസികയുടെ വില.
വിദ്യാർഥികളും അധ്യാപകരും മാത്രമല്ല ശാസ്ത്ര കുതുകികളാകെ ശാസ്ത്രകേരളത്തിന്റെ അര നൂറ്റാണ്ടുകാലത്തെ വളർച്ചയ്ക്കു പിറകിലുണ്ടായിരുന്നു.ശാസ്ത്രത്തെ മാതൃഭാഷയിൽ, അതും ലളിതമായി കുട്ടികളിലെത്തിക്കാനാണ് ശാസ്ത്രകേരളം ശ്രമിച്ചത്.ശാസ്ത്ര രംഗത്തുണ്ടാകുന്ന ഏറ്റവും പുതിയ ചലനങ്ങൾ അവരിലെത്തിക്കുന്നതോടൊപ്പം ശാസ്ത്രത്തിന്റെ രീതി തിരിച്ചറിഞ്ഞ് കുട്ടികളെ ശാസ്ത്രത്തിനൊപ്പം നിർത്താനും ശാസ്ത്രകേരളം എന്നും മുന്നിലുണ്ടായിരുന്നു.
ആകാശഗോളങ്ങളെ ഏറെ അത്ഭുതത്തോടെയാണ് ഒരു കാലത്ത് മാനവരാശി നോക്കിക്കണ്ടത്. അന്നത് കല്പിത കഥകളുടെയും അന്ധവിശ്വാസങ്ങളുടെയും ഈറ്റില്ലമായിരുന്നു. അതിനെ പൊളിച്ചടുക്കാനും ശാസ്ത്രീയമായി സമീപിക്കാനും ശാസ്ത്രകേരളം വഹിച്ച പങ്ക് ചെറുതല്ല. അനന്തമായ ആകാശത്തിന്റെ അത്ഭുതലോകം തുറന്നു കൊടുത്ത് ജ്യോതിശാസ്ത്രമെന്ന പഠനശാഖയ്ക്കൊപ്പം കേരളത്തിലെ ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർഥികളെ ശാസ്ത്രകേരളം കൈപിടിച്ചുയർത്തി.
കേരള മനസ്സിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ പ്രസിദ്ധീകരണവുമായ ശാസ്ത്രകേരളം വഹിച്ച പങ്ക് ചെറുതല്ല.ഇളം പ്രായത്തിൽ തന്നെ കുട്ടികളിൽ പരിസ്ഥിതി ശാസ്ത്രത്തിന് വേരോട്ടം നൽകിയതു വഴി നാടിനാകെ കൈവന്നത് അഭിമാനിക്കാവുന്ന പാരിസ്ഥിതിക ബോധമാണ്.
മാനവരാശിയെ ലിംഗ തുല്യതയുടേയും അവസര സമത്വത്തിന്റെയും കോണിലൂടെ വീക്ഷിക്കാൻ പ്രാപ്തി നേടുക എന്നതിലുമുണ്ട് ശാസ്ത്രം.പ്രപഞ്ചോല്പത്തിയും പരിണാമ സിദ്ധാന്തവുമെല്ലാം ശാസ്ത്രകേരളത്തിൽ ഇടം പിടിച്ചതിനു പിന്നിൽ മാനവികതയിലും സമത്വത്തിലുമൂന്നിയ ലക്ഷ്യബോധമായിരുന്നു. ലോകത്തെങ്ങുമുള്ള ജനത അനുഭവിക്കുന്ന ജീവിത അസന്തുലിതാവസ്ഥ ഈ ശാസ്ത്ര മാസികയ്ക്ക് വിഷയമായതിലും അത്ഭുതപ്പെടാനില്ല. ശാസ്ത്ര നേട്ടങ്ങളുടെ ശരിയായ വിനിയോഗവും വിതരണക്രമവും കൊണ്ടേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന ബോധ്യവും മാസിക മുറുകെ പിടിക്കുന്നുണ്ട്.
പാഠപുസ്തകവും പാഠ്യപദ്ധതിയും കൈവിടാതെ തന്നെ അതിനുമപ്പുറം സഞ്ചരിക്കുന്നു എന്നതാണ് ശാസ്ത്രകേരളത്തിന്റെ ഇടം വർധിപ്പിക്കുന്നത്. ഓരോ വിഷയവും കൈകാര്യം ചെയ്യാൻ അതത് മേഖലയിലെ വിദഗ്ധരെയാണ് ശാസ്ത്രകേരളം അണി നിരത്തുന്നത്. കുട്ടിത്തം കൈവിടാതെ തന്നെ ഗൗരവ വായനയ്ക്കുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്.കുട്ടികളുടെ തുടർ പഠനത്തിനുള്ള വഴികാട്ടി എന്ന നിലയിലും ശാസ്ത്ര കേരളം പ്രവർത്തിക്കുന്നു. ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്താനൊരു സ്ഥിരം പംക്തിയും ഇതിലുണ്ട്.ഏറ്റവും പുതിയ ഗവേഷണ ഫലങ്ങൾ എത്തിക്കുന്നതിനുള്ള ശാസ്ത്രജാലകം, ആകാശ നിരീക്ഷണ സഹായിയായ താരാപഥം, മികച്ച അധ്യാപന അനുഭവങ്ങളുടെ പങ്കുവെപ്പ്, പുസ്തക പരിചയം, ശാസ്ത്രജ്ഞരുടെ ജീവിതത്തിലെ സ്മരണീയ മുഹൂർത്തങ്ങൾ, കഠിന പാoഭാഗങ്ങൾ നിർദ്ദാരണം ചെയ്യുന്ന കീറാമുട്ടി തുടങ്ങി ഒട്ടേറെ പംക്തികളുമായാണ് ഇപ്പോൾ ശാസ്ത്രകേരളം വായനക്കാരിലെത്തുന്നത്.പുതിയ കേരളത്തിന് പുതിയ ദൗത്യം-കൗമാര കേരളത്തിന് നേർവഴി – അതാണ് അമ്പതാം വർഷത്തിൽ ശാസ്ത്രകേരളം ഏറ്റെടുക്കുന്നത്.