ശാസ്ത്രഗതി വായിക്കാത്തവർക്ക് നല്ല പരിഷത്തുകാരാകാൻ കഴിയുമോ?
ഡോ. ആര്‍ വി ജി മേനോന്‍ ശാസ്ത്രഗതി എഡിറ്ററായിരുന്നപ്പോള്‍ പരിഷത്ത് വാര്‍ത്തയില്‍ എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായതിനാല്‍ പുനഃപ്രസിദ്ധീകരിക്കുന്നു
നല്ല പരിഷത്തുകാർ എന്നുവച്ചാൽ സംഘടനയുടെ മനസ്സും വാക്കും സ്വാംശീകരിച്ചവർ. അതിനനുസരിച്ച് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ. പൊതുജനങ്ങളോടു അവ വിശദീകരിക്കാനും വേണ്ടിവന്നാൽ നിലപാടുകൾ നീതീകരിക്കാനും പ്രതിരോധിക്കാനും കഴിയുന്നവർ. ഇതൊക്കെ സാധിക്കണമെങ്കിൽ ഏതു മേഖലയിലും സംഘടനയുടെ നിലപാട് എന്ത് എന്ന് മാത്രമല്ല, എങ്ങനെ ആ നിലപാടിലെത്തിയെന്നും എന്തുകൊണ്ട് മറ്റു നിലപാടുകൾ സ്വീകാര്യമല്ല എന്നും ബോദ്ധ്യപ്പെട്ടേ മതിയാകു. അല്ലെങ്കിൽ സംഘടനയുടെ നിലപാട് അതാണ്, അതുകൊണ്ട് തന്നെ അതിനെ പിന്തുണയ്ക്കാൻ തങ്ങള്‍ ബാദ്ധ്യസ്ഥരാണ് എന്ന യാന്ത്രികരീതിയിലേയ്ക്ക് അത് എത്തിപ്പെടും. പലപ്പോഴും പല പരിഷത്തുകാരും “ഈ വിഷയത്തിൽ സംഘടനയുടെ നിലപാട് എന്താണ്” എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നത് വാർഷിക സമ്മേളനങ്ങളിൽ കേൾക്കാറുണ്ട്. പ്രസ്തുത വിഷയത്തിൽ നാം മുമ്പ് പാസ്സാക്കിയ പ്രമേയങ്ങളും പുറപ്പെടുവിച്ച പ്രസ്താവനകളും പരിഷത്ത് വാർത്തയിൽ വന്ന കുറിപ്പുകളും അവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവില്ല എന്ന് വേണം കരുതാൻ. അത് തീർച്ചയായും നല്ല പരിഷത്ത്കാരുടെ ലക്ഷണമല്ലല്ലോ.
പരിഷത്ത് ഇടപെടുന്ന മേഖലകൾ വിപുലവും വിവിധവുമാണ്. ഇവയിലെല്ലാം പരിഷത്തിനെ നയിക്കുന്നത് നാം എപ്പോഴും പറയുന്നത് പോലെ ദരിദ്രവത്ക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് അനുഗുണമായ രീതിയിൽ ശാസ്ത്ര സാങ്കേതികവിദ്യകൾ പ്രയോഗിക്കപ്പെടണം എന്ന നിർബന്ധമാണ്. പൊതുതത്വം സദാ സാധുവാണെങ്കിലും ഓരോ മേഖലയിലും ഇതിന്റെ ഉപയോഗം അതത് മേഖലകളിലെ വസ്തുനിഷ്ഠ സാഹചര്യമനുസരിച്ചായിരിക്കും. അതുകൊണ്ട് തന്നെ നാം ഇടപെടുന്ന മേഖലകളുടെ ചരിത്രവും അവസ്ഥയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളുടെ വിശദവിവരങ്ങളും മനസ്സിലാക്കിയേ പറ്റൂ. ഇവ മനസ്സിലാക്കി കഴിഞ്ഞാൽ ഏതൊരു പരിഷത്ത് പ്രവര്‍ത്തകര്‍ക്കും പ്രസ്തുത വിഷയത്തിൽ സംഘടനയുടെ നിലപാട് എന്തായിരിക്കണം എന്നതിനെപ്പറ്റി സ്വന്തമായ അഭിപ്രായം ഉണ്ടാക്കാൻ പറ്റും. പിന്നീടാണ് ചർച്ചകളുടെ അടിസ്ഥാനത്തിൽ അതിനെ സമവായത്തിലേയ്ക്കും കൂട്ടായ പ്രവർത്തനത്തിലേയ്ക്കും നയിക്കേണ്ടത്. അല്ലാതെ ഓരോ വിഷയത്തിലും വിദഗ്ദ്ധരുടെ ചെറുഗ്രൂപ്പുകളുണ്ടാക്കി സംഘടനയുടെ നിലപാട് എന്തായിരിക്കണമെന്ന് അവർ തീരുമാനിക്കുകയും ബാക്കിയുള്ളവർ അത് അപ്പാടെ വിഴുങ്ങുകയും ചെയ്യുക എന്ന രീതി ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന് യോജിച്ചതല്ല.
മേൽസൂചിപ്പിച്ച പ്രവർത്തന രീതി പ്രായോഗികമാകണമെങ്കിൽ ഓരോ പരിഷത്തുകാരും സംഘടന ഇടപെടുന്ന മേഖലകളെക്കുറിച്ച് സാമാന്യവിവരങ്ങൾ നേടിയിരിക്കേണ്ടതുണ്ട്. സ്വാഭാവികമായും എല്ലാവർക്കും എല്ലാ മേഖലകളിലും അവഗാഹമോ താൽപ്പര്യം തന്നെയോ ഉണ്ടാകണമെന്നില്ല. ആ അർത്ഥത്തിൽ ഒരളവ് വരെ വിശേഷവത്ക്കരണം അനിവാര്യവുമാണ്. ആണവനിലയങ്ങളെക്കുറിച്ച് എം.പി.ക്കോ ജൈവവൈവിദ്ധ്യത്തെക്കുറിച്ച് പ്രസാദ് മാഷിനോ ജീനോമിക്സിനെക്കുറിച്ച് ഡോ. കെ. പി. അരവിന്ദനോ ഉള്ള വിജ്ഞാനം എല്ലാ പരിഷത്ത്കാർക്കും ഉണ്ടായിരിക്കണം എന്ന് വാശിപിടിക്കുന്നതിൽ അർത്ഥമില്ല. പക്ഷേ അവർ പറയുന്നത് മനസ്സിലാക്കുന്നതിനുള്ള വിവരം നമുക്കെല്ലാം വായിച്ചു നേടാവുന്നതേയുള്ളു. വസ്തുതകളുടെ ശാസ്ത്രീയത വിലയിരുത്താൻ വിദഗ്ദ്ധർക്കേ കഴിയൂ. എന്നാൽ വാദങ്ങളുടെ സാധ്യതയും കാര്യകാരണബന്ധവും വിലയിരുത്താൻ ആർക്കും കഴിയും. അതിനാവശ്യമായ പശ്ചാത്തലവിവരങ്ങൾ ലഭ്യമായാൽ മതി. ഇതാണ് പാശ്ചാത്യനാടുകളിൽ നിലവിലുള്ള ജുറി ട്രയലിന്റെ അടിസ്ഥാനതത്വം. കേസ് സംബന്ധിച്ച വസ്തുതകൾ അവതരിപ്പിക്കുന്നത് അവയെക്കുറിച്ച് അറിവുള്ള സാക്ഷികളും വിദഗ്ദ്ധരുമാണ്. അതിന്റെ നിയമവശം ജഡ്ജി പരിശോധിക്കും. പക്ഷേ അവതരിപ്പിക്കപ്പെട്ട വസ്തുതകളുടേയും തെളിവുകളുടേയും വെളിച്ചത്തിൽ ഒരാൾ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സാധാരണക്കാരായ ജൂറിമാർ ആണ്. ജൂറിമാർക്ക് പ്രത്യേക പരിശീലനമോ പരിചയമോ ആവശ്യമില്ല. കാര്യങ്ങൾ മനസ്സിലാക്കി വിലയിരുത്തി തീരുമാനങ്ങളിൽ എത്താനുള്ള ശേഷി മാത്രം മതി. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിൽ ഇത് ഒരു കടമയുമാണ്. ജൂറി ഡ്യൂട്ടിക്ക് വിളിച്ചാൽ പോയേ തീരൂ അല്ലെങ്കിൽ കോടതിയലക്ഷ്യമാകും. വാസ്തവത്തിൽ ഇത് കോടതികാര്യങ്ങളിൽ മാത്രമല്ല പൊതുതാൽപ്പര്യങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും പ്രസക്തമാണ്. എക്സ്പ്ര സ് വേ ആയാലും ബി. ഒ. റ്റി. ആയാലും പൗരൻമാർ എപ്പോഴും ജൂറി ഡ്യൂട്ടിയിൽ ഇവ സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തി സ്വന്തം അഭിപ്രായങ്ങൾ രൂപീകരിക്കാൻ ബാധ്യസ്ഥരാണ്. ഇല്ലെങ്കിൽ ജനവിരുദ്ധമായ തീരുമാനങ്ങൾ അധികാരികൾ എതിർപ്പില്ലാതെ നടപ്പാക്കും. ഈ പൗരധർമ്മം ഉത്തരവാദിത്വത്തോടെ നിർവഹിക്കാൻ നല്ല പരിഷത്തുകാർ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ നമ്മെ സഹായിക്കുകയാണ് സംഘടന ചെയ്യുന്നത്. ഓരോ വിഷയവും സംബന്ധിച്ച പശ്ചാത്തല വിവരങ്ങൾ സംഘടന ശേഖരിച്ച് നമുക്കെത്തിച്ചു തരുന്നു. ജനപക്ഷത്ത് നിന്നുള്ള നിലപാടിലെത്താൻ കൂട്ടായ്മയിലുടെ സഹായിക്കുന്നു. അതനുസരിച്ച പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.
ഈ പ്രക്രിയയിലെ സുപ്രധാന കണ്ണിയാണല്ലോ വിവരവിനിമയം. അതിനുള്ള ഉപാധികളാണ് നമ്മുടെ പ്രസിദ്ധീകരണങ്ങൾ. സംഘടനയുടെ നിലപാടുകളും പരിപാടികളും പ്രവർത്തന റിപ്പോർട്ടുകളും ആണ് പ്രധാനമായും പരിഷദ് വാർത്തയിൽ വരിക. എന്നാൽ പരിഷത്ത് താൽപ്പര്യമെടുക്കുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച പശ്ചാത്തല വിവരങ്ങളും അവയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനങ്ങളുമാണ് ശാസ്ത്രഗതിയിൽ വായിക്കാൻ കഴിയുക. അതിൽ പരിഷത്തിന്റെ നിലപാടിലുപരിയായി ആ വിഷയം സംബന്ധിച്ച് വ്യത്യസ്ത കാഴ്ച്ചപ്പാടുകളും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. അത് പരിഷത്തിന്റെ നിലപാടുകളെ തന്നെ വിമർശനപരമായി പരിശോധിക്കാനും മെച്ചപ്പെടുത്താനും നമ്മെ ശക്തരാക്കുന്നു. അങ്ങനെ മാത്രമേ സംഘടനയ്ക്ക് മുന്നോട്ടു പോകുവാൻ കഴിയൂ. തീർച്ചയായും സമൂഹത്തിൽ ലഭ്യമായ മറ്റ് മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും നമുക്ക് വിവരങ്ങൾ കിട്ടും. അത് നാം പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. എങ്കിലും നമ്മുടെ ആവശ്യങ്ങളും മുൻഗണനകളും തിരിച്ചറിഞ്ഞ് നമ്മുടെ പാകത്തിന് വിഭവങ്ങളൊരുക്കുന്ന നമ്മുടെ ശാസ്ത്രഗതി നമ്മുടെ ജോലി വളരെ ലഘൂകരിക്കുന്നു എന്ന് നിസംശയം പറയാം.
പരിഷത്തിന് പുറത്തുള്ള ഒരുപാട് പേരിലേയ്ക്ക് നമ്മുടെ സന്ദേശം എത്തിക്കാനും ശാസ്ത്രഗതി ഉതകുന്നുണ്ട്. ഈ വിഭവങ്ങൾ ശേഖരിക്കാനും ഒരുക്കാനും വിളമ്പാനും ആയി സംഘടന ഒരുപാട് അധ്വാനവും സമയവും സമ്പത്തും ചെലവാക്കുന്നുണ്ട്. ഇത് പൂർണ്ണ ഫലം തരണമെങ്കിൽ പരമാവധി പേരിലേയ്ക്കെത്തണം. ചുരുങ്ങിയത് എല്ലാ പരിഷത്തുകാർ എങ്കിലും ഇത് വായിക്കണം. ശാസ്ത്രഗതിയുടെ വായനക്കാരിൽ പകുതിയെങ്കിലും പുറമേ നിന്നുള്ളവരാണ്. നാലിലൊന്ന് പരിഷത്തുകാർ പോലുംശാസ്ത്രഗതി കാണുന്നില്ല എന്നർത്ഥം.
പിന്നെ എങ്ങനെയാണ് അത് അതിന്റെ ഉദ്ദേശ്യം നിറവേറ്റുക? പിന്നെയങ്ങനെയാണ് പരിഷത്തുകാർ സംഘടനയുടെ നിലപാടുകളെ വിമർശനപരമായി വിലയിരുത്തുക? ഒരുപക്ഷേ നമ്മുടെ പ്രസിദ്ധീകരണങ്ങളേക്കാൾ അവർ ആശ്രയിക്കുക, മറ്റു പ്രസിദ്ധീകരണങ്ങളിൽ ഇത് സംബന്ധിച്ച് വരുന്ന വാർത്തകളെ ആയിരിക്കും. അപ്പോൾ പിന്നെ ‘എന്തേ ഈ വിഷയത്തിൽ നമ്മൾ വ്യക്തമായ നിലപാട് എടുക്കാത്തത്’ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
ചുരുക്കത്തിൽ നല്ല പരിഷത്ത് പ്രവർത്തകര്‍ ആകാനും സംഘടനയെ മുന്നോട്ടു നയിക്കാനും ശാസ്ത്രഗതി പതിവായി വായിച്ചേ മതിയാകൂ. വായിച്ചാൽ മാത്രം പോരാ വിമർശനപരമായി വിലയിരുത്തി അഭിപ്രായങ്ങൾ എഴുതി അറിയിച്ച് ചർച്ചകൾക്ക് കളമൊരുക്കുകയും വേണം.
ശാസ്ത്രഗതിയുടെ വാർഷിക വരിസംഖ്യ താങ്ങാനാവാത്ത ചില പരിഷത്തുകാർ എങ്കിലുമുണ്ടാകാം. അവർ ഒരു വരിക്കാരനെയെങ്കിലും കണ്ടെത്തി വായന പങ്കിടണം എന്നാണ് നമ്മുടെ ആഗ്രഹം. ഓരോ യൂണിറ്റിലും ശാസ്ത്രഗതിയും പരിഷത്ത് വാർത്തയും പതിവായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും വേണം. ഇതെല്ലാം സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാകണം.