ശാസ്ത്രപഠനം അറിവുത്സവമാക്കി കുട്ടികൾ
സി വി രാമൻ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ജെ.ബി.എസ് ഉദയം പേരുരിൽ നടത്തിയ ശാസ്ത്ര ലാബിൽ ടി.കെ.ബിജു സംസാരിക്കുന്നു.
ഉദയംപേരൂർ: നിരീക്ഷിച്ചും പരീക്ഷിച്ചും നിഗമനത്തിലെത്തിയും കുട്ടികൾ ശാസ്ത്ര പഠനത്തിന്റെ ബാലപാഠങ്ങൾ തൊട്ടറിഞ്ഞു. രസിച്ച് പഠിക്കാനും പഠിച്ച് രസിക്കാനും ശാസ്ത്രത്തിലൂടെ കഴിയുമെന്ന് കുട്ടികൾ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. ഒപ്പം ശാസ്ത്ര പഠനം പാൽപ്പായസമാണെന്നും അവർ മനസ്സിലാക്കി. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സി.വി.രാമന്റെ ജന്മദിനമായ നവം.7 ന് ശാസ്ത്രാവബോധത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉദയംപേരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദയംപേരൂർ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ ഒരുക്കിയ ശാസ്ത്ര ലാബിലാണ് കുട്ടികൾ ശാസ്ത്ര പഠനം അറിവുത്സവമാക്കിയത്. പഞ്ചായത്തിലെ ഗവ.ജെ.ബി.എസ് കണ്ടനാട്, ഗവ.എൽ.പി.എസ് മാളേകാട്, വി.ജെ. ബി.എസ് വിലയകുളം, ഗവ.ജെ.ബി.എസ്. ഉദയംപേരൂർ എന്നീ വിദ്യാലയങ്ങളിലാണ് ശാസ്ത്ര ലാബ് സംഘടിപ്പിച്ചത്. ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം പരിഷത്ത് മുളന്തുരുത്തി മേഖലാ പരിസ്ഥിതി കൺവീനർ ശ്രീ.പി.കെ. രഞ്ചൻ കണ്ടനാട് ഗവ.ജെ.ബി.എസിൽ നിർവഹിച്ചു. ഹെഡ്‌മിസ്‌ട്രസ് ജയശ്രീ, സ്മിത എന്നിവർ സംസാരിച്ചു. പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മറ്റിയംഗം ടി.കെ.ബിജു, എറണാകുളം ജില്ലാ കമ്മറ്റിയംഗം കെ.പി.രവികുമാർ എന്നിവർ വിവിധ സ്കൂളുകളിൽ ശാസ്ത്ര ലാബ് പരിചയപ്പെടുത്തി. ശാസ്ത്ര ലാബിന്റെ സമാപനം ഉദയംപേരുർ നടക്കാവ് ഗവ.ജെ.ബി എസിൽ നടന്നു. ഹെഡ്‌മിസ്‌ട്രസ് ലേഖാ രവീന്ദ്രൻ, ഷൈലാമണി, പരിഷത്ത് യൂണിറ്റ് സെക്രട്ടറി പി.എസ്.സൈജു എന്നിവർ സംസാരിച്ചു. ശാസ്ത്ര ലാബിൽ നാല് വിദ്യാലയങ്ങളിലായി 26 അദ്ധ്യാപകരും 284 കുട്ടികളും പങ്കെടുത്തു.