സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക

0

വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയത്തിനും കീഴടങ്ങില്ല എന്ന് വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഒരു ജനതയെ കായികബലം കൊണ്ട് കീഴടക്കും എന്ന ധാര്‍ഷ്ട്യമാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചു വിട്ടിരിക്കുന്ന ആക്രമണങ്ങളില്‍ തെളിയുന്നത്. ചെറുത്ത് നില്‍ക്കുന്നവരെ കൊന്നുകളഞ്ഞും എതിരാശയങ്ങളെ നിശ്ശബ്ദമാക്കിയുമാണ് ലോകത്തെവിടെയും ഫാസിസം അധികാരത്തില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഗാന്ധിവധത്തോടെ തുടങ്ങിയ ആക്രമണങ്ങള്‍ നരേന്ദ്ര ധബോ ല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ എത്തിനില്‍ക്കുന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. ചരിത്രസ്മാരകങ്ങളുടെ മേല്‍ കെട്ടുകഥകള്‍ കൊണ്ട് ആധിപത്യമുറപ്പിച്ചും ചരിത്രം തന്നെ നുണക്കഥകള്‍ കൊണ്ട് നിറച്ചും സമൂഹത്തിന്റെ ഭുതകാല മഹിമകളെയൊന്നാകെ കൈപ്പിടിയിലൊതുക്കുകയും അതുവഴി വര്‍ത്തമാനകാല സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യാനുള്ള ശ്രമത്തെ കേരളമൊന്നായി നിന്ന് ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. വിദൂരഭൂതകാലത്ത് രൂപപ്പെട്ട അനാചാരങ്ങള്‍ ഒന്നൊന്നായി ഉരിഞ്ഞെറിഞ്ഞു കൊണ്ടാണ് കേരളം നവോത്ഥാനത്തിലേക്കും ആധുനികതയിലേക്കും നടന്നടുത്തത്. എന്നാല്‍ അനാചാരങ്ങളെ പുനരുദ്ധരിക്കാനും സവര്‍ണ-പുരുഷാധിപത്യ മൂല്യങ്ങള്‍ക്കനുസൃതമായി ദുര്‍ബല വിഭാഗങ്ങളില്‍ പെട്ടവരെ അന്തസ്സ് കുറഞ്ഞവരായും സ്ത്രീകളെ അശുദ്ധരായും കരുതുന്ന അപരിഷ്‌കൃത സാമൂഹ്യവ്യവസ്ഥ തിരികെക്കൊണ്ടുവരാനും കേരളത്തില്‍ സംഘപരിവാരും അവരോടൊപ്പം നില്‍ക്കുന്നവരും ബോധപൂര്‍വ്വം സംഘടിതമായി ശ്രമിക്കുന്നുവെന്ന് വ്യക്തമാണ്.
ഈ സാഹചര്യത്തില്‍ അശുദ്ധിയുടെ പേരില്‍ അയിത്തം കല്‍പ്പിക്കപ്പെട്ടവരുടെ ഒപ്പം നില്‍ക്കുകയും എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തി നായുള്ള പോരാട്ടം പൂര്‍വ്വാധികം ശക്തിയോടെ തുടരുകയും ചെയ്യേണ്ടതുണ്ട്. ആ പോരാട്ടത്തില്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും വനിതാ വിമോചനപ്രവര്‍ത്തകരും കണ്ണിചേരുന്നുവെന്നത് ആവേശജനകവും അഭിമാനകരവുമാണ്. ഈ ഐക്യത്തെ തകര്‍ക്കുകയും സാംസ്‌കാരിക പ്രവര്‍ത്തകരെ നിശബ്ദരാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ശുദ്ധാശുദ്ധി ഭേദങ്ങളെ സമത്വബോധം കൊണ്ടും ചരിത്രവിരുദ്ധതയെ ശാസ്ത്രീയ രീതികൊണ്ടും പ്രതിരോധിക്കേണ്ട ഈ കാലത്ത് സുനില്‍ പി.ഇളയിടം, എം.ജെ.ശ്രീചിത്രന്‍ തുടങ്ങിയ ആശയ പ്രചാരണരംഗത്ത് ശക്തമായി നിലകൊള്ളുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടാകുന്ന അതിക്രമങ്ങളെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അപലപിക്കുകയും ഈ ആക്രമണങ്ങള്‍ക്കെതിരായി ബഹുജനഐക്യം കെട്ടിപ്പടുക്കാന്‍ പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *