സുസ്ഥിരവികസനം സുരക്ഷിതകേരളം സംസ്ഥാന വാഹനജാഥകള്‍ സമാപിച്ചു.
മദ്ധ്യമേഖലാ ജാഥ- ഉദ്ഘാടന സമ്മേളനത്തിൽ കെ.ബാബു MLA സംസാരിക്കുന്നു.
തെക്കൻ മേഖലാജാഥ-ഡോ: കെ പി കണ്ണൻ ജാഥ ക്യാപ്റ്റൻ ഡോ കെ വി തോമസിന് പതാക കൈമാറുന്നു.
വടക്കൻ മേഖലാജാഥ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് ടി.ഗംഗാധരൻ
നവകേരള സൃഷ്ടിയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടും വിവിധ ജില്ലകളിലൂടെ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് സംസ്ഥാനജാഥകള്‍ സമാപിച്ചു. ജാഥയിലൂടെ നാം മുന്നോട്ടുവച്ച ആശയങ്ങള്‍ കേരള വികസന വഴികളില്‍ മാറ്റങ്ങള്‍ക്കുള്ള പ്രചോദനമാകും എന്ന പ്രത്യാശ നമുക്കുണ്ട്. ജാഥാ സ്വീകരണവേദികളിലെത്തിയ ജനപ്രതിനിധികളുടെയും യുവജനങ്ങളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സാന്നിദ്ധ്യം ഇതാണ് നമ്മോട് പറയുന്നത്. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പദ്ധതി രൂപീകരണത്തിലുള്ള ഇടപെടലുകളിലൂടെയും ഈ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ് ജില്ലയിലെ കുണ്ടന്‍കുഴിയില്‍ സംസ്ഥാനപ്രസിഡണ്ട് ടി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് അഡ്വ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.മധ്യമേഖലാ ജാഥ പാലക്കാട് ജില്ലയിലെ നെന്മാറയില്‍ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. ശ്രീ.കെ.ബാബു എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ് അധ്യക്ഷത വഹിച്ചു. ഇടം സാംസ്‌കാരികവേദിയും പരിഷത്തും കൂടി തയ്യാറാക്കിയ ഫ്‌ളഡ്‌മാപ്പിന്റെ റിപ്പോര്‍ട്ട് എം.എല്‍.എയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. തെക്കന്‍ മേഖലാജാഥ കോട്ടയം ജില്ലയിലെ കുമരകത്ത് ഡോ.കെ.പി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഡോ.എന്‍.ഷാജി അധ്യക്ഷത വഹിച്ചു. എന്‍. ജഗജീവന്‍ ആമുഖാവതരണം നടത്തി. സുമ വിഷ്ണുദാസ്, ഡോ.എന്‍.കെ.ശശിധരന്‍ പിള്ള, ഡോ.കെ.വി.തോമസ് എന്നിവര്‍ ക്യാപ്റ്റന്‍മാരും എ.പി.മുരളീധരന്‍, പി.എ.തങ്കച്ചന്‍, സന്തോഷ് ഏറത്ത് എന്നിവര്‍ ജാഥാ മനേജര്‍മാരുമായി പ്രവര്‍ത്തിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.രാധന്‍, വി.മനോജ്കുമാര്‍, ജി.സ്റ്റാലിന്‍ എന്നിവര്‍ ജാഥയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായിരുന്നു.
ഡോ.എം.എ.ഉമ്മന്‍ രചിച്ച “കേരളം: ചരിത്രം, വര്‍ത്തമാനം, ദര്‍ശനം” എന്ന പുസ്തകം ഏറ്റുവാങ്ങിക്കൊണ്ടാണ് ജാഥാ സ്വീകരണം നടന്നത്. വാഹനജാഥയുടെ ഭാഗമായി മൂന്ന് വിഷയങ്ങളിലുള്ള ലഘുലേഖകളും-സുസ്ഥിരവികസനം സുരക്ഷിതകേരളം; ആവര്‍ത്തിക്കുന്ന ഉരുള്‍പൊട്ടലുകള്‍; താളം തെറ്റുന്ന തീരക്കടലും തീരമേഖലയും-പദയാത്ര ഗാനങ്ങളുള്‍പ്പെട്ട മറ്റൊരു ലഘുലേഖയും പ്രചരിപ്പിച്ചു. സംഘടനയുടെ ദൃശ്യത വര്‍ധിപ്പിക്കുന്നതിനും സംഘടനയ്ക്കകത്ത് ഒരു പുതിയ ഉണര്‍വും ചലനവും ഉണ്ടാക്കുവാനും വാഹനജാഥകള്‍കൊണ്ട് കഴിഞ്ഞു. സമകാലീന പ്രശ്‌നങ്ങളില്‍ പരിഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യതയുണ്ടെന്ന ബോധ്യമുണ്ടായി. നിരവധി എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, സര്‍വീസ് ബഹുജനസംഘടനകള്‍, സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്ട്‌സ് ക്ലബുകള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, പ്രാദേശിക ഗ്രന്ഥശാലാ പ്രതിനിധികള്‍, സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി ഒട്ടനവധി ആളുകള്‍ ജാഥയുടെ ഭാഗമായി. പഴയകാല പ്രവര്‍ത്തകര്‍ സ്വീകരണകേന്ദ്രങ്ങളില്‍ എത്തിയിരുന്നു. ലൈബ്രറികളിലും, റെസിഡന്റ്‌സ് അസോസിയേഷനുകളിലും സ്വീകരണമൊരുക്കുകയും ജാഥാ സ്വീകരണത്തിന് മുന്‍പ് സംവാദ ങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ നടത്തുകയും ചെയ്തത് വേറിട്ട അനുഭവമായിരുന്നു. മിക്ക കേന്ദ്രങ്ങളിലും സംഘാടകസമിതി രൂപീകരിച്ചിരുന്നു.
പദയാത്രകളും സംസ്ഥാന വാഹനജാഥകളും വിജയിപ്പിക്കാൻ കഴിഞ്ഞുവെന്നത് നിസ്സാരമായ കാര്യമല്ല. സംഘടന അതിനെ ആ രീതിയിൽ തന്നെ വിലയിരുത്തുന്നു. എല്ലാ പ്രവർത്തകരുടെയും പ്രത്യേകിച്ച് ജില്ലാ ഭാരവാഹികള്‍, വികസനസമിതി ചുമതലക്കാര്‍ തുടങ്ങി എല്ലാവരുടെയും ആത്മാർത്ഥമായ ശ്രമങ്ങള്‍ ഈ വിജയത്തിന്റെ പിന്നിലുണ്ട്. സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഇതൊരു വലിയ ഊർജ്ജമായി മാറേണ്ടതുണ്ട്.
കലാപരിപാടികളുടെ സ്‌കിറ്റും അവതരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഷയത്തിന്റെ സമകാലികതയും അവതരണത്തിലെ ലാളിത്യവും പരിപാടികളുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. രാധാകൃഷ്ണന്‍ താനൂര്‍, സുധാകരന്‍ ചുലൂര്‍, പ്രകാശന്‍ കടമ്പൂര്‍, എം.കെ.സുബ്രമഹ്ണ്യന്‍, സാബു രാമകൃഷ്ണന്‍, സുബ്രഹ്മണ്യന്‍ ചെമ്രക്കാട്ടുര്‍ എന്നിവരാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനായി ജാഥകളോടൊപ്പം ഉണ്ടായിരുന്നത്.
വടക്കന്‍ േമഖലാ ജാഥ
കാസര്‍ഗോഡ് പെരിയയില്‍ നിന്നാരംഭിച്ച യാത്ര 30 കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരന്‍, ടി.പി.കുഞ്ഞിക്കണ്ണന്‍, കെ.ടി.രാധാകൃഷ്ണന്‍, ദേവരാജന്‍ ടി.കെ, മുരളീധരന്‍ സി.എം, ശാന്ത കുമാരി.എന്‍, വിലാസിനി.ഇ, രാധന്‍.കെ, ഹരീന്ദ്രന്‍ സി.പി, ഗോവിന്ദന്‍ എന്‍.കെ, സിദ്ധാര്‍ത്ഥന്‍ പി.എം, ഒ.എം.ശങ്കരന്‍, പ്രൊഫ.കെ.പാപ്പുട്ടി, ദിവാകരന്‍ പി.വി, വിനോദ് വി, ബാലകൃഷ്ണന്‍ എ.എം, ബാലഗോപല്‍ കെ, എം.എം.സചീന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയും സാന്നിദ്ധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ജാഥയെ ആവേശകരമാക്കുകയും ചെയ്‌തിട്ടുണ്ട്.
നിലമ്പൂരിലെ സമാപനസമ്മേളനവും നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഡോ.എസ്.അഭിലാഷ് (അസി.പ്രൊഫ. അന്തരീക്ഷ ശാസ്ത്രപഠനവിഭാഗം,കുസാറ്റ്) ആണ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്പോണ്‍സര്‍ഷിപ്പില്ലാതെ പൂര്‍ണമായും ലഘുലേഖയും പുസ്തകപ്രചാരണവും നടത്തിയാണ് നിലമ്പൂരില്‍ സ്വീകരണചടങ്ങുകള്‍ സംഘടിപ്പിച്ചത്.
മദ്ധ്യമേഖലാ ജാഥ
ചിറ്റൂരില്‍ നിന്നും പ്രയാണമാരംഭിച്ച മദ്ധ്യമേഖലജാഥക്ക് 29 കേന്ദ്രങ്ങളിലാണ് സ്വീകരണം ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍, മാനേജര്‍, വൈസ് ക്യാപ്റ്റന്‍ എന്നിവര്‍ക്കു പുറമേ ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ്, ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ.പി.കെ.രവീന്ദ്രന്‍, ഡോ.എം.പി.പരമേശ്വരന്‍, ഡോ.എന്‍.ഷാജി, വി.മനോജ്കുമാര്‍, ലില്ലി കര്‍ത്ത, പി.രമേഷ്‌കുമാര്‍, കെ.വി.സാബു, പി.കെ.നാരായണന്‍, ഡോ.ഡി.ഷൈജന്‍, ഡോ.കെ.വിദ്യാസാഗര്‍, പി.രാധാകൃഷ്ണന്‍, കെ.ആര്‍.ജനാര്‍ദ്ദനന്‍, സി.ജെ.ശിവശങ്കരന്‍, മനോഹരന്‍, പുഷ്പലത, ജുന, വി.ജി.ഗോപിനാഥ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലെ വിശദീകരണങ്ങള്‍ കൊണ്ടും പങ്കാളിത്തം കൊണ്ടും ജാഥയെ സമ്പുഷ്ടമാക്കി.
(അടുത്ത പേജില്‍)
CUSAT സ്വീകരണകേന്ദ്രം എടുത്തുപറയേണ്ട ഒന്നാണ്. യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ.ബേബി അദ്ധ്യക്ഷനായ യോഗം ഡോ.ആര്‍.ശശീധരന്‍ (വൈസ് ചാന്‍സലര്‍) ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളേജ് സാമ്പത്തികശാസ്ത്രം തലവനായ ഡോ.സന്തോഷ് വിഷയം അവതരിപ്പിക്കുകയും ഡോ.പി.എസ്.സീമ ആശംസകളര്‍പ്പിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി യൂണിയന്‍ സെക്രട്ടറി ആന്റോ വി. അഴകത്ത് ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഹര്‍ഷാരവങ്ങളോടെയാണ് ഈ സ്വീകരണത്തില്‍ പങ്കുചേര്‍ന്നു.
മിക്ക സ്വീകരണകേന്ദ്രങ്ങളിലും തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. മാല്യങ്കര പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍, സാഹിത്യകാരി ഗ്രേസി, ജി.സി.ഡി.എ മുന്‍സെക്രട്ടറി സത്യദേവന്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രിന്‍സിപ്പാള്‍ എസ്.ബിന്ധു തുടങ്ങിവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഇടുക്കി ജില്ലയാണ് അക്ഷരാർത്ഥത്തിൽ നമ്മെ ഞെട്ടിച്ചു കളഞ്ഞത്. ജില്ലയിലെ 4 കേന്ദ്രങ്ങളും മികച്ചതായിരുന്നു. തൊടുപുഴയിൽ രാവിലെ 9 മണിക്കു തന്നെ മുഴുവൻ പേരും എത്തിയിരുന്നു. വെയിൽ മൂലംപരിപാടികൾ തടസ്സപ്പെടാതിരിക്കാൻ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന തരത്തിലുള്ള പന്തൽ സജ്ജമാക്കിയിരുന്നു. തൊടുപുഴയിൽ തലേ ദിവസം തന്നെ ഒരു വലിയ വിളംബര ജാഥ നടത്തിയതും പങ്കാളിത്തം കൂട്ടാൻ സഹായിച്ചു. വെള്ളത്തൂവൽ കേന്ദ്രത്തിൽ പഞ്ചായത്തു പ്രസിഡണ്ടും മെമ്പർമാരും പൂർണ സമയവും ഉണ്ടായിരുന്നു. വളരെ അടുത്ത കാലത്തു മാത്രം ഒരു മേഖലയായി സജീവമാകാൻ തുടങ്ങിയ അടിമാലിയിൽ സമാപന സമ്മേളനം വളരെ മികച്ചതായിരുന്നു. പതിനഞ്ചോളം വ്യത്യസ്ത സംഘടനകൾ പുസ്തകവും ലഘുലേഖയും ഏറ്റു വാങ്ങി ജാഥയെ സ്വീകരിച്ചു. പഴയ കാല പ്രവർത്തകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
അടിമാലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് കെ.എഫ്.ആര്‍.ഐ ശാസ്ത്രജ്ഞനായ ഡോ.ടി.വി.സജീവ് ആണ്.
തെക്കന്‍മേഖല ജാഥ
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ നിന്നാരംഭിച്ച ജാഥക്ക് 30 കേന്ദ്രങ്ങളിലാണ് സ്വീകരണം ഉണ്ടായിരുന്നത്. മുന്‍.എം.പി. സി.പി നാരായണന്‍, ഡോ.കെ.എന്‍.ഗണേഷ്, ജോജി കൂട്ടുമ്മേല്‍, ബി.രമേഷ്, ഹരിലാല്‍, കെ.ജി.ഹരികൃഷ്ണന്‍, ജഗജീവന്‍, ഡോ.ആര്‍.വി.ജി മേനോന്‍, ടി.രാധാമണി, പി.എസ്.സാനു, സ്റ്റാലിന്‍ ജി, അനില്‍ വി.എന്‍, ആര്‍.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണങ്ങള്‍കൊണ്ടും, പങ്കാളിത്തം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും ജാഥയെ സജീവമാക്കി. ഐഷ പോറ്റി എം.എല്‍.എ, ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ, അഡ്വ.കെ.വി.രാജേന്ദ്രബാബു കൊല്ലം മേയര്‍ എന്നിവരുടെ സാന്നിദ്ധ്യം എടുത്തുപറയേണ്ടതാണ്. തിരുവനന്തപരും ഗാന്ധി പാര്‍ക്കിലെ സമാപനസമ്മേളനം ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ.ജി.താര മുഖ്യപ്രഭാഷണം നടത്തി. സമാപനകേന്ദ്രത്തില്‍ മാത്രം 14320 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു. 40 സംഘടനകള്‍ ജാഥയെ സ്വീകരിച്ചു.