സ്ത്രീകൂട്ടായ്മകൾ ശക്തിപ്പെടണം -ലളിത ലെനിന്‍

0

തൃശ്ശൂര്‍: സാമൂഹികബോധത്തോടെയുളള സ്ത്രീകൂട്ടായ്മകൾ ശക്തിപ്പെടേണ്ടതുണ്ടെന്ന് സാഹിത്യകാരി ലളിത ലെനിന്‍ പറഞ്ഞു. ‘സ്ത്രീസുരക്ഷാസംവിധാനങ്ങളും പ്രാദേശികസർക്കാരുകളും’ എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജന്റര്‍ വിഷയസമിതി സംഘടിപ്പിച്ച ഏകദിനശിൽപ്പശാല ജൂലായ് 31ന് പരിസരകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീമുന്നേറ്റങ്ങളെ പിന്തുണയ്ക്കേണ്ടത് പുരുഷന്റെ കൂടി കടമയാണ്. സ്ത്രീകള്‍ക്കനുകൂലമായ നിയമങ്ങളും നിരവധി സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ മുന്നോട്ടുളള കുതിപ്പ്, വളരെ സാവകാശമാണ് ; പലപ്പോഴും പിന്നോട്ടടിക്കുകയും ചെയ്യുന്നുണ്ട്. ഒരു സമയം ഒന്നിലധികം ദൗത്യനിർവഹണത്തിൽ (Multi Tasking) പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ അതിവിദഗ്ധരാണ് എന്നത് വസ്തുതയാണ്. അവരുടെ ഈ കഴിവ് സാമൂഹിക മാറ്റത്തിനായി പ്രയോജനപ്പെടുത്തണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ജന്റര്‍ വിഷയസമിതി ചെയർപേഴ്സൺ സി.വിമല അധ്യക്ഷത വഹിച്ചു. സാമൂഹിക അസമത്വം നിലനില്ക്കുന്നിടത്ത് , മുകൾത്തട്ടിലുളളവർ മേൽക്കോയ്മ നേടുന്നതിന് പ്രധാന കാരണം, നീതിനിഷേധത്തിന് ഇരകളാവുന്ന കീഴ്ത്തട്ടിലുളളവരുടെ മൗനസമ്മതം ആണെന്ന് അവര്‍ പറഞ്ഞു. പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീധനനിരോധനം, ഗാർഹികപീഢന നിരോധനം, തുല്യജോലിക്ക് തുല്യവേതനം എന്നിവയ്ക്കൊക്കെ വേണ്ടി നിരവധി നിയമങ്ങള്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യയിലുണ്ടായെങ്കിലും ഇവയൊന്നും പ്രവൃത്തിപഥത്തിലെത്തിയില്ലെന്ന് ആര്‍.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഫ്രഞ്ച് വിപ്ലവം ഉയര്‍ത്തിയ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സ്ത്രീകള്‍ക്കിന്നും അപ്രാപ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വിവിധ സൂചികകളിൽ കേരളത്തിലെ സ്ത്രീകള്‍ മുന്നിലാണ്. കേരളത്തിലെ ജനസംഖ്യയിൽ 52% സ്ത്രീകളാണ്. 92% സാക്ഷരരാണ്. പ്രസവത്തോടനുബന്ധിച്ചുളള മരണനിരക്ക് കുറവാണ്. പ്രാദേശികസർക്കാരുകളിൽ 50% സംവരണമുണ്ട്. എന്നാല്‍, ഇവിടെ സ്ത്രീകള്‍ക്കെതിരെയുളള ആക്രമണങ്ങൾ നാൾക്കുനാൾ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം 6051 കേസുകള്‍ ആണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്യാത്തത് ഇതിന്റെ നിരവധി മടങ്ങ് വരും. 140 അംഗനിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം കേവലം 8 ആണ്. കേരള ചരിത്രത്തിലിതുവരെ ആകെ 40 പേര്‍ മാത്രമാണ് MLA ആയത്. മുസ്ലിം ലീഗില്‍നിന്ന് നാളിതുവരെ ഒരു സ്ത്രീയെപ്പോലും നിയമസഭയിലെത്തിച്ചിട്ടില്ല. അസംഘടിത തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ കടുത്ത അവഗണനയും വിവേചനവും നേരിടുന്നു. വീട്ടിലും തൊഴിലിടങ്ങളിലും തുടർച്ചയായി ഒരുപാട് നേരം നില്ക്കേണ്ടിവരുന്നതിനാൽ അവര്‍ക്കിടയിൽ കാൽമുട്ടുവേദന വര്‍ധിക്കുന്നു. ഭര്‍ത്താവിനോടും കുടുംബത്തോടുമുളള സ്നേഹം കാരണം മിക്ക സ്ത്രീകളും തങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ തുറന്നു പറയുന്നില്ല. ഇത് പ്രശ്നപരിഹാരത്തിന് തടസ്സമാകുന്നു. ജന്ററിന് വേണ്ടി പുതിയ സർക്കാർ പ്രത്യേക വകുപ്പ് തുടങ്ങിയതും 91 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതും പ്രത്യാശാജനകമാണ്. വർധിച്ചുവരുന്ന മദ്യ-മയക്കുമരുന്നുപയോഗത്തിനെതിരേയും സ്ത്രീസൗഹൃദപഞ്ചായത്തുകൾക്കു വേണ്ടിയും ശബ്ദമുയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക പ്രവർത്തക ഷീബ അമീര്‍, പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി.കെ.മീരാഭായ്, ജില്ലാ സെക്രട്ടറി കെ.എസ്.സുധീര്‍, ജന്റ്റർ കൺവീനർ എം.ജി.ജയശ്രീ, കെ.പി.അനിത, പി.എസ്.ജൂന, കെ.കെ.സോജ, കെ.പി.എൻ.അമൃത, അഡ്വ. ചന്ദ്രതാര, അഡ്വ. സീന രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *