എറണാകുളം : ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സൂക്ഷ്മജീവികളുടെ ലോകം വിജ്ഞാനോത്സവത്തിന്റെ സംസ്ഥാന അദ്ധ്യാപക പരിശീലനം മഹാരാജാസ് കോളേജിൽ വച്ച് ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. ആഗസ്ത് 6നു രാവിലെ 10 നു പ്രൊഫ.എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഫിസിക്സ് വിഭാഗം മേധാവിയും ശാസ്ത്രഗതി എഡിറ്ററുമായ ഡോ.എൻ.ഷാജി ശില്പശാലയുടെ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. തുടർന്ന് പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദൻ ഈ വർഷത്തെ വിജ്ഞാനോത്സവത്തിന്റെ വിഷയമായി സൂക്ഷ്മ ജീവികളുടെ ലോകം തെരെഞ്ഞെടുത്തതിന്റെ പ്രാധാന്യം വിശദീകരിച്ചു. ശാസ്ത്ര നേട്ടങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ അധ്യാപകർ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി . മനുഷ്യ പുരോഗതിയിൽ ശാസ്ത്ര സംഭാവനകൾ നൽകിയ നേട്ടങ്ങൾ തമസ്കരിക്കുന്നതിനെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമ്പതു രൂപയുടെ ഫോൾഡോ സ്കോപ്പ് മുതൽ 50 ലക്ഷം രൂപ വിലയുള്ളയുള്ള സ്കാനിങ് ഇലെക്ട്രോൺ മൈക്രോസ്കോപ്പ് വരെ പരിചയപ്പെടുത്തുന്ന പ്രത്യേക സെഷനും പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി.കെ.മീരഭായ്, കൺവീനർ പി.വി.സന്തോഷ് , ജില്ലാ സെക്രട്ടറി കെ.കെ.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.
Parishadvartha
News portal of Kerala Sasthrasahithya Parishath