സ്റ്റീഫന്‍ ഹോക്കിങ്ങ് 1942 – 2018
വീല്‍ചെയറിലിരുന്ന് പ്രപഞ്ചത്തെ വിശദീകരിച്ച ശാസ്ത്രജ്ഞന് അന്ത്യാഞ്ജലി. ലോകത്തെ വിസ്മയിപ്പിച്ച ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങ്76-ാമത്തെ വയസ്സില്‍ 2018 മാര്‍ച്ച് 14ന് അന്തരിച്ചു.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം ഏറ്റവും കൂടുതല്‍ ആദരിച്ചിട്ടുള്ള ശാസ്ത്രജ്ഞനായിരുന്നു ഹോക്കിങ്ങ്. ശാസ്ത്രപുസ്തക രചനയിലും പ്രചാരണത്തിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിപ്ലവം സൃഷ്ടിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള ശാസ്ത്രപുസ്തകം അദ്ദേഹത്തിന്റെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളത്. കാലത്തിന്റെ ഒരു ലഘുചരിത്രം (A Brief History of Time) എന്ന അദ്ദേഹത്തിന്റെ രചന എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് ഒരു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞു. സ്ഥലത്തെയും കാലത്തെയും പ്രപഞ്ചോല്‍പ്പത്തിയെയും പ്രപഞ്ചാവസാനത്തെയും തമോഗര്‍ത്തങ്ങളെയും സംബന്ധിച്ച അന്വേഷണങ്ങളാണ് ഈ ലോകസമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍. പ്രപഞ്ചസത്യങ്ങളെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിവച്ച സിദ്ധാന്തവല്‍രക്കണങ്ങളുടെ തുടര്‍ച്ചയാണ് ഹോക്കിങ്ങിന്റ കണ്ടെത്തലുകള്‍. കത്തിത്തീര്‍ന്ന ഭീമന്‍ നക്ഷത്രങ്ങള്‍ അതിഭീമമായ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി അമര്‍ന്ന് ചുരുങ്ങി രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളെപ്പറ്റി ഏറ്റവും കൂടുതല്‍ അറിവുകള്‍ നമുക്ക് നല്‍കിയത് സ്റ്റീഫന്‍ ഹോക്കിങ്ങ്ആണ്. സ്ഥലവും കാലവും തുടങ്ങിയത് പ്രപഞ്ചത്തിന്റെ തുടക്കത്തിലാണ്. അതിനുമുമ്പെന്ത് എന്ന ചോദ്യത്തിനര്‍ഥമില്ല. കാരണം സമയം തുടങ്ങിയത് തന്നെ പ്രപഞ്ചത്തോടൊപ്പമാണ്. സമയത്തിന് പ്രപഞ്ചത്തില്‍ നിന്ന് വേറിട്ടൊരു നിലനില്‍പ്പില്ല എന്ന ശാസ്ത്രവിശകലനം നല്‍കിയതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന സംഭാവന. പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായതെന്ന് കരുതുന്ന മഹാവിസ്ഫോടനത്തെ ഏറ്റവും ലളിതമായി വിശദീകരിച്ചത് അദ്ദേഹമാണ്. സ്വന്തം നിഗമനങ്ങള്‍ പരിഷ്കരിച്ചും തിരുത്തിയും മാറ്റിയെഴുതിയും മുന്നോട്ട് പോയ ഹോക്കിങ്ങ്പ്രപഞ്ചപഠനത്തെസംബന്ധിച്ച് ഒരു വിശകലനരീതിതന്നെ മുന്നോട്ടുവച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെപ്പോെലത്തന്നെ ഹോക്കിങ്ങും മാനവികതയും സാമൂഹ്യക്ഷേമവും ഉയര്‍ത്തിപ്പിടിച്ചു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കക്കെതിരെ നടന്ന പ്രകടനത്തില്‍ ഊന്നുവടിയുടെ സഹായത്തോടെ അദ്ദേഹം പങ്കെടുത്തു. ഇറാക്കിലെ യുഎസ് അധിനിവേശം പാലസ്തീനിനെതിരായ ഇസ്രായേലിന്റെ യുദ്ധങ്ങള്‍ തുടങ്ങിയ മനുഷ്യത്വ വിരുദ്ധ ഭീകരതകള്‍ക്കെതിരെ നിലപാടുകളെടുത്തു. മുതലാളിത്തത്തിന്റെ രീതികളെ നിശിതമായി വിമര്‍ശിച്ചു.
ഈശ്വരന്‍ ഇല്ല എന്ന് തെളിയിക്കാന്‍ കഴിയില്ല എങ്കിലും ഈശ്വരന്റെ സഹായമില്ലാതെതന്നെ പ്രപഞ്ചസത്യങ്ങളെ വിശദീകരിക്കാനും മനുഷ്യപുരോഗതി സാധ്യമാക്കി മനുഷ്യന് മുന്നോട്ട് പോകാനും കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയാത്ത പ്രപഞ്ചരഹസ്യങ്ങളുടെ കാരണക്കാരന്‍ ഈശ്വരനാണ് എന്ന പഴഞ്ചന്‍രീതി തിരുത്തുകയാണ് അദ്ദേഹം ചെയ്തത്. പ്രപഞ്ചത്തിന്റെ സൃഷ്ടിയിലും പരിപാലനത്തിലും ദൈവത്തിന് ഒരു പങ്കുമില്ലെന്ന് ഹോക്കിങ്ങ്അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. മരണാനന്തര ജീവിതമെന്നത് കെട്ടുകഥകയാണെന്ന് അദ്ദേഹം പറഞ്ഞുവച്ചു. ഓരോ നിമിഷവും മരണത്തെ മുന്നില്‍ക്കണ്ട് ജീവിക്കുമ്പോഴും കുറേ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ശാസ്ത്രബോധമെന്നാല്‍ അന്വേഷണാത്മകമായ സാമൂഹ്യ ഇടപെടലുകളാണെന്നും അത്തരമൊരു സമൂഹത്തിനേ മാനവികതയിലൂന്നിയ ലോകത്തെ സൃഷ്ടിക്കാന്‍ കഴിയൂ എന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. മനുഷ്യസ്നേഹിയായ ആ മഹാശാസ്ത്രജ്ഞന്റെ ഓര്‍മയ്ക്കുമുമ്പില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.