ഹരിത ഗ്രാമം
ശാസ്ത്രീയകൃഷി രീതി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഹരിതഗ്രാമം പദ്ധതിയുടെ തുടക്കം. ഗ്രാമത്തിലെ ഓരോ വീടുകളിലും വീട്ടുമുറ്റ പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനു ക്രിയാത്മകമായ പ്രവർത്തനങ്ങളാണു നടത്തിയത്. പച്ചക്കറിത്തൈ, ഗ്രോബാഗ്, ജൈവവളം എന്നിവ വിതരണം ചെയ്യുന്നതിനു ഹരിതവണ്ടി വാർഡിലെ വിവിധ പ്രദേശങ്ങളിലെത്തി ആറായിരത്തോളം തൈകളാണ് വിതരണം ചെയ്തത്. കൂടാതെ ടെക്നിക്കൽ സ്കൂളും വിവിധ സംഘടനകളും കൃഷി ഏറ്റെടുത്തു നടത്തി. പദ്ധതിയുടെ ഭാഗമായി സൗജന്യ കൂൺകൃഷി പരിശീലനം ഉൾപ്പെടെ സംഘടിപ്പിച്ചു. ഗ്രാമം നിറയെ വാഴ എന്ന പേരിൽ തുരുത്തിക്കര സൗത്ത് വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ ഇരുനൂറോളം വാഴത്തൈ നടുകയും മൂന്നുറോളം തൈകൾ വിതരണം ചെയ്യുകയും ചെയ്തു.