2021-22 വാർഷിക പദ്ധതി പരിഷത്ത് കൂടിയിരുപ്പ് നടന്നു
2021-22 വാർഷിക പദ്ധതി പരിഷത്ത് കൂടിയിരുപ്പ് നടന്നു
തൃശ്ശൂർ: കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ്, വാർഷിക പദ്ധതിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിനുള്ള ഉപപദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമർപ്പിക്കാനും ഫണ്ട് വിനിയോഗത്തിന്റെ മുൻഗണനാക്രമം നിശ്ചയിക്കാനും പഞ്ചായത്ത് ഭരണസമിതിയെ ഇതിനായി പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പരിഷത്ത് പ്രവർത്തകരുടെ യോഗം സംഘടിപ്പിച്ചു. 16 മേഖലകളിൽ നിന്നുമായി 82 പേർ പങ്കെടുത്തു.
ഗ്രാന്റിന്റെ 60% സമഗ്രമാലിന്യ പരിപാലനത്തിനും കുടിവെള്ളത്തിനും വേണ്ടി നിർബ്ബന്ധമായും നീക്കിവെയ്ക്കണമെന്ന് ഉത്തരവിൽ നിഷ്കർഷയുണ്ട്. ഫലപ്രദമായ മാലിന്യ സംസ്കരണത്തിനും ശാശ്വതമായ കുടിവെള്ള പ്രശ്നപരിഹാരത്തിനും പദ്ധതി രൂപീകരിച്ച് നടപ്പാക്കാൻ ഇടപെടണമെന്ന് നിർദ്ദേശിക്കപ്പെട്ടു. പരിഷത്തിന്റേത് ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണ ഉപാധികൾ ഇതിന് പ്രയോജനപ്പെടുത്താം. അക്രഡിറ്റഡ് ഏജൻസി എന്ന നിലയിൽ പരിഷത്തിന്റെ IRTC വികസിപ്പിച്ച മാർഗങ്ങൾ ഉപയോഗിക്കുന്നതിന് ഓഡിറ്റ് തടസ്സം ഉണ്ടാകില്ല. കിണർ റീചാർജിംഗിന് സബ്സിഡി നൽകി പ്രാവൃത്തികമാക്കുന്നത് കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സഹായകരമാണ്. മേഖലയിൽ ഒരു പഞ്ചായത്തെങ്കിലും ഏറ്റെടുത്ത് മാതൃകയാക്കാൻ പരിഷത്ത് ഇടപെടൽ വേണം തുടങ്ങിയ നിർദ്ദേശങ്ങൾ യോഗം രൂപപ്പെടുത്തി.
മുൻ ജനറൽ സെക്രട്ടറിയും IRTC മുൻ രജിസ്ട്രാറും നിലവിലെ നിർവാഹക സമിതി അംഗവുമായ വി ജി ഗോപിനാഥ് വിഷയാവതരണം നടത്തി. IRTC മാർക്കറ്റിങ് & ലെയ്സൺ ചുമതലക്കാരനായ ജോസഫ് പ്രായോഗിക നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
പരിസരം – വികസനം വിഷയസമിതി ജില്ലാ കൺവീനർ ടി വി വിശ്വംഭരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, IRTC ജില്ലാ കൺവീനർ വി പ്രമോദ് എന്നിവരും പരിഷത്ത് മേഖലാപ്രവർത്തകരും സംസാരിച്ചു.