ശാസ്ത്രസാങ്കേതിക ഗവേഷണങ്ങൾക്കായി ആഭ്യന്തരവരുമാനത്തിന്റെ 2% എങ്കിലും നീക്കിവയ്ക്കണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62 -ാം സംസ്ഥാനവാർഷികസമ്മേളനം

0

 

പാലക്കാട് :

ശാസ്ത്രസാങ്കേതികനൂതനാശയ മേഖലകളുടെ വികസനം സംബന്ധിച്ചുള്ള 2013ലെ നയപ്രഖ്യാപന ത്തിന്റെ ഭാഗമായി ഗവേഷണമേഖലകളുടെ വികസനത്തിനായി ദേശീയ വരുമാനത്തിന്റെ 2% തുക കണ്ടെത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.സ്വകാര്യമേഖലകളെക്കൂടി ഉൾപ്പെടുത്തി പി.പി.പി മാതൃക പിന്തുടർന്നായി രിക്കും ഇത് ലഭ്യമാക്കുന്നതെന്നും പ്രഖ്യാപിക്കുകയുണ്ടായി.2020 ലെ പുതിയ നയത്തിലും ഗവേഷണ മേഖലയ്ക്കു ള്ള ഫണ്ട് വർധിപ്പിക്കുമെന്നും ഓരോ അഞ്ച് വർഷം കൂടുമ്പോഴും അത് ഇരട്ടിയായി വർധിപ്പിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ (NRF) മാതൃകയിൽ, രാജ്യത്തെ ശാസ്ത്ര-എഞ്ചിനീയറിംഗ് ഗവേഷണങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 2023 ലെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൌണ്ടേഷൻ ആക്ടിലൂടെ പുതിയ  ഫണ്ടിംഗ് സ്ഥാപനമായി ANRF നിലവിൽ വന്നു. സംസ്ഥാന സർവകലാശാലകളിലേക്കുള്ള ഗവേഷണ ധനസഹായം പ്രോത്സാഹിപ്പിക്കാനും അടിസ്ഥാന ഗവേഷണത്തിനും വികസനത്തിനും ധനസഹായം നൽകുന്നതിൽ സ്വകാര്യ വ്യവസായത്തെ കൂടുതൽ സജീവമായി പങ്കെടുപ്പിക്കാനും ഉദ്ദേശിച്ചുള്ളതായിട്ടാണ് ANRF സ്ഥാപിക്കപ്പെട്ടത്. സർക്കാർ ഏകദേശം 28%, ബാക്കി 72% സ്വകാര്യ മേഖല വഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ANRF ന്റെ ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിനും പ്രവർത്തന ചട്ടക്കൂട് രൂപീകരിച്ച്  ഏകദേശം ഒരു വർഷത്തിനുശേഷവും, ANRF പ്രധാന മെട്രിക്സുകളിലെല്ലാം മോശം പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.     

ഇന്ത്യൻ ഗവേഷണ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം ഗണ്യമായി സമാഹരിക്കുന്നതിൽ ANRF വിജയിച്ചിട്ടില്ല. അഞ്ച് വർഷത്തിനുള്ളിൽ സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് ₹36,000 കോടി സമാഹരിക്കുമെന്ന പ്രാരംഭ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നിട്ടും, പ്രധാന നിക്ഷേപ പങ്കാളിത്തങ്ങളൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യക്തമല്ലാത്ത ഫണ്ടിംഗ് സംവിധാനങ്ങൾ, റിസ്ക്-ഷെയറിംഗ് ചട്ടക്കൂടുകളുടെ അഭാവം എന്നിവ സ്വകാര്യ പങ്കാളികളെ പിന്തിരിപ്പിച്ചുവെന്നാണ് പൊതുവിലുള്ള അനുമാനം. ANRF-ന്റെ പ്രവർത്തന വിശദാംശങ്ങൾ, ഭരണ സംവിധാനങ്ങൾ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ എന്നിവ അവ്യക്തമായി തുടരുന്നു. ഈ സുതാര്യതയുടെ അഭാവം പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും അക്കാദമിക്, വ്യാവസായിക സഹകരണത്തെ തടയുകയും ചെയ്യുന്നു.   

ഇന്ത്യയിലെ ഗവേഷണമേഖലകൾക്കുള്ള ധനലഭ്യത ആഭ്യന്തര വരുമാനത്തിന്റെ ഒരു ശതമാനത്തിൽ താഴെ എന്ന നിലയിലാണുള്ളത്.ഇത് BRICS രാജ്യങ്ങളായ ബ്രസീൽ (1.3%), ചൈന(2.4%), റഷ്യൻ ഫെഡറേഷൻ(1.1%) എന്നിവരെക്കാൾ ഏറെക്കുറവും ഏതാണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് തുല്യനിലയിൽ മാത്രവുമാണ്. ഗവേഷണ വികസനത്തിനായുള്ള പൊതു-സ്വകാര്യ ചെലവുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ANRF ന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും, ഈ അനുപാതം വർദ്ധിപ്പിക്കുന്നതിന് കാര്യമായ നയമോ സാമ്പത്തിക മാറ്റമോ ഉണ്ടായിട്ടില്ല. 2025 ലെ കേന്ദ്ര ബജറ്റ് ഗവേഷണ വികസന വിഹിതത്തിലോ ഗവേഷണത്തിനുള്ള നികുതി ആനുകൂല്യങ്ങളിലോ കാര്യമായ വർദ്ധനവ് പ്രഖ്യാപിച്ചിട്ടില്ല. പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ ഫണ്ടുകളുടെ സ്തംഭനാവസ്ഥയും ഗവേഷണ ഗ്രാന്റുകളുടെ കാലതാമസവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നടപടിക്രമപരമായ കാലതാമസവും ANRF ലെ വ്യക്തമല്ലാത്ത ചട്ടക്കൂടുകളും കാരണം അന്താരാഷ്ട്ര സഹകരണങ്ങൾ സാധ്യമായിട്ടില്ല. ANRF നടപ്പിലാക്കുന്നത് പുനഃപരിശോധിക്കാനും, ഘടനാപരമായ തടസ്സങ്ങൾ പരിഹരിക്കാനും, ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളെ ഇന്ത്യയുടെ വിശാലമായ ലക്ഷ്യങ്ങളായ ശാസ്ത്ര സ്വാശ്രയത്വം, നവീകരണത്താൽ നയിക്കപ്പെടുന്ന വളർച്ച, സമഗ്ര വികസനം എന്നിവയുമായി പുനഃക്രമീകരിക്കാനും, സർക്കാരിന്റെ വിഹിതം ആഭ്യന്തരവരുമാനത്തിന്റെ 2% എങ്കിലും ആകണമെന്നും  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ അറുപത്തിരണ്ടാം വാർഷിക സമ്മേളനം
യൂണിയൻ ഗവൺമെൻ്റിനോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *