എറണാകുളം:_ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റും ഐശ്വര്യ ഗ്രാമീണ വായനശാലയും സംയുക്തമായി 2024 ജൂലൈ 30 മുതൽ ആഗസ്റ്റ് ഒന്നു വരെ വായനശാല ഹാളിൽ സംഘടിപ്പിച്ച ആരോഗ്യ വർത്തമാനങ്ങൾ  ആരോഗ്യ ക്ലാസ്സുകൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖലാ സെക്രട്ടറി കെ .ആർ . പത്മകുമാരി ഉദ്ഘാടനം ചെയ്തു . മൂന്നു ദിവസവും വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് 8.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നത്.

2024 ജൂലൈ 30 ന് റിട്ടയേർഡ് ജില്ലാ സ്റ്റോർ സൂപ്രണ്ടും മുതിർന്ന പരിഷത്ത് പ്രവർത്തകനുമായ എം. ആർ .ഗോപി മാഷിൻറെ നമ്മുടെ ആരോഗ്യം ,നമ്മുടെ വീട്ടിൽ എന്ന ക്ലാസ്സോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വായനശാല പ്രസിഡൻറ് സജന സലാം അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല ആരോഗ്യ കൺവീനർ ജോർജ് വെമ്പിള്ളി ആശംസകൾ നേർന്നു. സ്ത്രീകളും കുട്ടികളും അടക്കം 62 പേരാണ് ആദ്യ ക്ലാസിൽ പങ്കെടുത്തത്.

രണ്ടാം ദിവസം വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കിരൺരാജ് ജീവിതശൈലിയും ആരോഗ്യവും എന്ന ക്ലാസ്സാണ് അവതരിപ്പിച്ചത് .അവതരണ വൈഭവത്തിലും ഉള്ളടക്കത്തിലും നിലവാരം പുലർത്തിയ ക്ലാസ്സിൽ  58 പേർ പങ്കെടുത്തു.

മൂന്നാം ദിവസം നേര്യമംഗലം പി എച്ച് സി യിലെ മെഡിക്കൽ ഓഫീസറും മേഖല ആരോഗ്യവിഷയ സമിതി ചെയർ പേഴ്സനുമായ Dr. സി.രോഹിണി അവതരിപ്പിച്ച സ്ത്രീയും ആരോഗ്യവും എന്ന ക്ലാസ്സ് വ്യത്യസ്തമായ ഒരനുഭവമായിരുന്നു. സ്ത്രീകളുടെ നിലവിലെ സാമൂഹ്യസ്ഥിതി ,വ്യത്യസ്ത പ്രായങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രത്യേക അവസ്ഥകൾ, പൊതു ആരോഗ്യ സംവിധാനം ഇക്കാര്യങ്ങൾ എങ്ങനെ അഡ്രസ്സ് ചെയ്യുന്നു …..തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതമായി ഡോക്ടർ അവതരിപ്പിച്ചപ്പോൾ , ഭൂരിപക്ഷം സ്ത്രീകൾ പങ്കെടുത്ത സദസ്സ് ആവേശഭരിതമായി. മൂന്നാം ദിവസ യോഗത്തിന് അധ്യക്ഷത വഹിച്ചത് വായനശാല വനിതാ വേദി ചെയർപേഴ്സണും, ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അധ്യാപികയുമായ ദിവ്യ.സി.കെ ആയിരുന്നു. മേഖല വൈസ് പ്രസിഡണ്ട് Dr. സരിത കെ ആർ സ്വാഗതവും വായനശാല സെക്രട്ടറി വിനോദ് കുമാർ നന്ദിയും രേഖപ്പെടുത്തി.പരിപാടി ചർച്ച കൊണ്ടും, പങ്കാളിത്തം കൊണ്ടും, അവതരണങ്ങളുടെ ഉള്ളടക്കം കൊണ്ടും മികച്ച നിലവാരം പുലർത്തി.

പി.കെ. അലി, സജനസലാം, ഷഹസീന പരീത്, Dr. സരിത കെ.ആർ, സാന്ദ്ര വിജയകുമാർ, ദിവ്യ.സി.കെ. വിനോദ്കുമാർ തുടങ്ങിയ പ്രവർത്തകരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *