സൂക്ഷ്മജീവികളുടെ ലോകം അധ്യാപക സംഗമം

0

ആലുവ: ആലുവ മേഖലയിലെ വിവിധ സ്‌കൂളുകളിലെ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ള അധ്യാപക സംഗമം യു സി കോളേജ് ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തോടെ ജൂലൈ 29നു നടന്നു. ഉച്ചക്ക് 2 മണിക്ക് ബോട്ടണി വിഭാഗം മുൻ മേധാവി ഡോ.താര സൈമൺ സംഗമം ഉദ്ഘാടനം ചെയ്തു. മൈക്രോസ്കോപ്പിലൂടെയുള്ള നിരീക്ഷണം കുട്ടികളിൽ ആകാംക്ഷയും അദ്‌ഭുതവും ഉണർത്തുന്നതോടൊപ്പം അവരിലെ ജിജ്ഞാസയെ വളർത്തുകയും ചെയ്യുന്നു. കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച് തുടർപഠനം തെരഞ്ഞെടുക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. ഹൃസ്വമായ ഉദ്ഘാടന പ്രഭാഷണത്തിൽ അവർ പറഞ്ഞു. തുടർന്ന് ബോട്ടണി വിഭാഗം അധ്യാപകനായ ഡോ. അനിൽ കുമാർ സൂക്ഷ്മജീവികളുടെ ലോകത്തെ പരിചയപ്പെടുത്തി. പ്രഭാത ഭക്ഷണത്തിൽ തുടങ്ങി ജീവിതത്തിന്റെ ഓരോ മേഖലകളിലുമുള്ള സൂക്ഷ്മ ജീവികളുടെ അനുകൂലവും പ്രതികൂലവുമായ പ്രവർത്തനങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. അതോടൊപ്പം വൈവിധ്യമാർന്ന സൂക്ഷ്മ ജീവി ലോകത്തെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു.

ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ജീവ ശാസ്ത്ര മേഖലയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഏറെ ആയതിനാൽ ജീവശാസ്ത്ര അധ്യാപകർ അറിവുകൾ പുതുക്കേണ്ടത് അനിവാര്യമാണ്. അദ്ദേഹം പറഞ്ഞു. ജീവശാസ്ത്ര വിഭാഗം മേധാവി ഡോ. ഡേവിഡ് സാജ് മാത്യു മൈക്രോസ്കോപ്പുകളുടെ ചരിത്രം, ഭാഗങ്ങൾ, പ്രവർത്തനരീതി എന്നിവ അവതരിപ്പിച്ചതിനെ തുടർന്നു പ്രായോഗിക പരിശീലനവും നൽകി. പരിശീലന പ്രവർത്തനങ്ങളെ ഡോ . അനുമോൾ ജോസഫ് സഹായിച്ചു. അധ്യാപികമാരായ സിസ്റ്റർ എൽസി, സി ഡി റോസി, മിനി എന്നിവർ പരിശീലനം ഏറെ ഫലപ്രദമായിരുന്നു എന്ന് വിലയിരുത്തി. യുറീക്ക – ശാസ്ത്ര കേരളം പ്രത്യേക പതിപ്പുകൾ പരിചയപ്പെടുത്തി. മേഖലാ സെക്രട്ടറി കെ പി ജിതിൻ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എസ്.എസ് മധു നന്ദി പറഞ്ഞു. അധ്യാപക സംഗമത്തിനായി ബോട്ടണി വിഭാഗത്തിലെ അധ്യാപകർ ഏറെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. തുടർപ്രവർത്തനങ്ങൾക്ക് യു സി കോളേജിന്റെ എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *