മഞ്ചേരി : മലപ്പുറം ജില്ലയില്‍ തുടര്‍ച്ചയായി ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വാക്സിനുകള്‍ക്കെതിരെയുള്ള വ്യാജപ്രചാരണം ഇപ്പോഴും സജീവമായി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്‌സിനുകളെക്കുറിച്ചും അതിന്റെ ശാസ്ത്രീയതയെക്കുറിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ചുനടന്ന ശില്പശാല ജില്ലാ മെഡിക്കല്‍ ഒഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിറിയക് ജോബ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. രേണുക എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്ന വിഷയത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ശിശുരോഗവിഭാഗം തലവന്‍ ഡോ. പുരുഷോത്തന്‍, വാക്സിനുകള്‍ – പരീക്ഷണങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫസര്‍ ഡോ. രജസി, മലപ്പുറം ജില്ലാ -സമ്പൂര്‍ണ്ണ പ്രതിരോധ വാകസിന്‍ എന്ന വിഷയത്തില്‍ ഡോ. സൈറു ഫിലിപ്പ്, നിലവിലുള്ള വാക്‌സിനേഷന്‍ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. മോഹന്‍ദാസ് എന്നിവര്‍ ക്ലാസ്സുകളെടുത്തു.

ജില്ലാ ആരോഗ്യ വകുപ്പ്, മഞ്ചേരി മെഡിക്കല്‍ കോളേജ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ശില്പശാലക്ക് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷിബുലാല്‍ സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഇ. വിലാസിനി അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയസമിതി കണ്‍വീനര്‍ വി.ടി.നാസര്‍, എന്‍. മക്ബൂല്‍, മഞ്ചേരി മേഖലാ സെക്രട്ടറി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ആരോഗ്യ വിഷയസമിതി അംഗം സുനില്‍ കെ.കമ്മത്ത് നന്ദി പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവരടക്കം 204 പേര്‍ പങ്കെടുത്തു.