280 ബലൂണുകൾ ആകാശത്തേക്ക് പറന്നു: സംസ്ഥാന ബാലോൽസവത്തിന് വെള്ളൂരിൽ തുടക്കമായി.
പയ്യന്നൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ബാലവേദി യുറീക്കാ ബാലോത്സവം വെള്ളൂർ ഹയർസെക്കന്ററി സ്‌കൂളിൽ ആരംഭിച്ചു. സംസ്ഥാനത്തെ 280 ബാലവേദി യൂനിറ്റുകളെ പ്രതിനിധീകരിച്ച് 280 ബലുണുകൾ ആകാശത്തേക്കുയർത്തിയതോടെയാണ് ബാലോൽസവത്തിന് തുടക്കം കുറിച്ചത്. സയൻസ് സ്ലാം വിജയികളായ സ്‌നേഹ ദാസ് ഡോ യദുകൃഷ്ണൻഎന്നിവർ ചേർന്ന് ബാലോൽസവം ഉൽഘാടനം ചെയ്തു. ബാലവേദി പ്രവർത്തക നക്ഷത്ര പ്രമോദ് സ്വാഗതം പറഞ്ഞു. കെ കെ ദേവിക അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 240 കുട്ടികളും 100 പ്രവർത്തകരുമാണ് ബാലോത്സവത്തിൽ പങ്കെടുക്കുന്നത്.
കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്, യുറീക്ക കാലിഡോ സ്‌കോപ്പ്, മാനം മഹാൽഭുതം, കളികൾ പാട്ടുകൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് നാം ജീവിക്കുന്ന ലോകം എന്നതാണ് ക്യാമ്പിന്റെ തീം. പ്രൊഫ കെ പാപ്പൂട്ടി, ഒ.എം ശങ്കരൻ, സി രാമകൃഷ്ണൻ, ജോജി കൂട്ടുമ്മൽ തുടങ്ങിയവർ സംസാരിച്ചു. ഡോ.ടി കെ സുമോദൻ, ഡോ എൻ .ആർ റസീന, ഡോ പി .ആർ സ്വരൺ, ഡോ പ്രസാദ് അലക്‌സ്, ഡോ.രമേശൻ കടൂർ, കെ.ആർ അശോകൻ, കെ. പി പ്രദീപ്കുമാർ, ഡോ കെ. ബീന, പ്രൊഫ പി.ആർ രാജൻ, പ്രൊഫ. കെ പാപ്പൂട്ടി, മനോജ് പുതിയവിള, ഡോ. ജയന്തി എസ് പണിക്കർ, കെ. ഗംഗാധരൻ, കെ.ടി.എൻ ഭാസ്‌കരൻ എന്നിവർ വിവധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു. രാത്രി മാനം മഹാദ്ഭുതം ആകാശ കാഴ്ചക്ക് ശേഷം വെള്ളൂരിലെ അമ്പതോളം വീടുകളിൽ കുട്ടികൾ അതിഥികളായെത്തി. എം. വിജിൻ എം.എൽ.എ ക്യാമ്പ് സന്ദർശിച്ചു. ഞായറാഴ്ച രാവിലെ 8 മുതൽ ക്യാമ്പ് തുടരും. സമാപന പരിപാടി വൈകീട്ട് നാലിന് ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാ നടൻ പി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാകും.