കോവിഡനന്തര ചികിത്സാ ഫീസ് ഉത്തരവ് പിൻവലിക്കുക
സഹോദര സംസ്ഥാനങ്ങളും ഇതര സർക്കാരുകളും പിന്തുടരണമെന്ന് നാം ആഗ്രഹിക്കുന്ന കോവിഡ് ചികിത്സയുടെ കേരള മാതൃകയെ പരിപൂർണമായി നിഷേധിക്കുന്നതുമാണ് ഈ നീക്കം.
കോവിഡിന്റെ നീണ്ടു നിൽക്കുന്ന അവശതകളും സങ്കീർണ്ണതകളും ചികിത്സിക്കുന്നതിനുവേണ്ടി, സർക്കാർ ആശുപത്രികളിൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരിൽ നിന്നും പണമീടക്കാൻ വ്യവസ്ഥ ചെയ്ത് കൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഒരു ദിവസത്തെ ചികിത്സക്ക് വാർഡിൽ ആണെങ്കിൽ 750 രൂപയും ഹൈ ഡിപ്പെണ്ടെൻസി യൂണിറ്റിൽ 1250 രൂപയും തീവ്ര പരിചരണ വിഭാഗത്തിൽ 1500 രൂപയും വെന്റിലേറ്റർ ഉപയോഗത്തോടെയുള്ള തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സക്ക് 2000 രൂപയുമാണ് ഈടാക്കാൻ ഉദ്ദേശിക്കുന്നത്.
സർക്കാർ ആശുപത്രിയിലെ കോവിഡ് ചികിത്സക്ക് പണം വാങ്ങുക എന്നത് നിലവിലുള്ള ആരോഗ്യ നയത്തിന് കടക വിരുദ്ധമാണ്. സാങ്കേതികമായി ടെസ്റ്റ് നെഗറ്റീവ് ആയി എന്നതുകൊണ്ടോ പത്ത് ദിവസം പിന്നിട്ടതു കൊണ്ടോ അവശതകൾ കോവിഡുമായി ബന്ധപ്പെട്ടതല്ലാതെയാകുന്നില്ല. മഹമാരിയുടെ ഭാഗമായി കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജനങ്ങളെ ഈ നീക്കം ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടും. മാത്രവുമല്ല, ആരോഗ്യ സേവനങ്ങളുടെ കച്ചവടവൽക്കരണ പ്രവണതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ട സർക്കാർ തന്നെ തീർത്തും ജനവിരുദ്ധമായ അത്തരമൊരു കാര്യത്തിന് മുൻകൈ എടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
സഹോദര സംസ്ഥാനങ്ങളും ഇതര സർക്കാരുകളും പിന്തുടരണമെന്ന് നാം ആഗ്രഹിക്കുന്ന കോവിഡ് ചികിത്സയുടെ കേരള മാതൃകയെ പരിപൂർണമായി നിഷേധിക്കുന്നതുമാണ് ഈ നീക്കം. കോവിഡ് വലിയ അളവിൽ ഒരു സാമൂഹിക സാമ്പത്തിക പ്രശ്നമായതിനാൽ അതിന്റെ ചികിത്സയുടെ ഭാരം പൊതുജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത് തികച്ചും പ്രതിലോമകരമാണ്. സർക്കാറിന്റെ പ്രഖ്യാപിത നയത്തിന് കടക വിരുദ്ധമായ ഇത്തരം ഉത്തരവുകൾ ഉണ്ടാകുന്നത് ഏതു സാഹചര്യത്തിലാണ് എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. ഇത്തരം നടപടികൾ ഭാവിയിൽ ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
ജനദ്രോഹകരമായ ഈ ഉത്തരവ് പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെടുന്നു.