കോവിഡ് വാക്സിൻ കണ്ടുപിടിത്തം നിർമ്മിതബുദ്ധിയുടെ സംഭാവന
29/09/23 തൃശ്ശൂർ
മനുഷ്യന് അസാധ്യമായ വേഗതയിലും കാര്യക്ഷമതയിലും നേട്ടങ്ങൾ കൈവരിക്കാൻ നിർമ്മിതബുദ്ധിക്ക് കഴിയുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയർ ഉമാ കാട്ടിൽ സദാശിവൻ പറഞ്ഞു. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് നിർമ്മിതബുദ്ധിയുടെ സഹായത്തോടെ റെക്കോർഡ് വേഗത്തിൽ കോവിഡ് വാക്സിൻ കണ്ടെത്താനായത് എന്നവർ പറഞ്ഞു. ഇതിലൂടെ ലക്ഷക്കണക്കിന് മനുഷ്യജീവനാണ് രക്ഷിക്കാനായത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ ശാസ്ത്രാവബോധസമിതി സംഘടിപ്പിച്ച സെമിനാറിൽ ‘നിർമ്മിതബുദ്ധി : സാങ്കേതികത, സാധ്യത, സുരക്ഷ ‘ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാപ്രവചനം, സ്റ്റോക്ക് മാർക്കറ്റിങ്ങിന്റെ ഭാവി തുടങ്ങി നിരവധി മേഖലകളിൽ നിർമ്മിതബുദ്ധി മനുഷ്യന് സഹായമായി എത്തുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
നിരവധി സാധ്യതകൾ നവസാങ്കേതികവിദ്യ സമ്മാനിക്കുന്നുണ്ടെങ്കിലും അതിൽ അടങ്ങിയ ചതിക്കുഴികളിലും സുരക്ഷാപ്രശ്നങ്ങളിലും നാം ജാഗരൂകരാകണമെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ ഐ.ടി വിദഗ്ധനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി സംസ്ഥാന കൺവീനറുമായ അരുൺ രവി ഓർമ്മപ്പെടുത്തി. നിക്ഷിപ്തതാല്പര്യങ്ങൾ സംരക്ഷിക്കാൻ പലപ്പോഴും നവസാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ചില അറിവുകൾ മാലിന്യമാകുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ശരിയായ വിവരം തെറ്റായ സന്ദർഭത്തിലും സമയത്തും സാഹചര്യത്തിലും ദുരുദ്ദേശ്യത്തോടെയും ഉപയോഗിക്കുന്നത് (Malinformation ) നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടിയാണ്. മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ വാർത്ത സംഭവം നടന്നിട്ട് രണ്ടുമാസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത് ! വിവരം പുറത്തുവന്ന് ഒരാഴ്ചയ്ക്കകം പാർലമെന്റ് സമ്മേളനം ചേരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു. ആ തക്കം നോക്കി ഏതാനും സുപ്രധാന ബില്ലുകൾ സഭയിൽ ചർച്ച കൂടാതെ പാസാക്കി എടുക്കുന്നു ! ചില ലക്ഷ്യങ്ങൾക്കായി ചില വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ദൃഷ്ടാന്തമാണിത്. ഇത്തരം ദുരുപയോഗങ്ങളും ഡിജിറ്റൽ ചതിക്കുഴികളും സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും അപരിഹാര്യമാണെന്ന് അരുൺ രവി ചൂണ്ടിക്കാട്ടി.
ശാസ്ത്രാവബോധസമിതി ജില്ലാചെയർമാൻ ഡോ.ബേബി ചക്രപാണി, കൺവീനർ സി.ബാലചന്ദ്രൻ , പരിഷത്ത് ജില്ലാകമ്മിറ്റി അംഗം അഡ്വ. ടി.വി. രാജു , കോലഴി മേഖലാപ്രസിഡന്റ് എം.എൻ. ലീലാമ്മ എന്നിവർ സംസാരിച്ചു.