‘ജി.ബി.എൻ.’ എന്ന ജനകീയ ശാസ്ത്ര പ്രചാരകൻ

0

ഗണിതവും രസതന്ത്രവും സസ്യശാസ്ത്രവും ജന്തുശാസ്ത്രവും മറ്റും പഠിപ്പിക്കുന്ന അധ്യാപകർ നമുക്കിടയിൽ ധാരാളമുണ്ട്. എന്നാൽ, ശാസ്ത്രത്തിൻ്റെ യുക്തിയെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി ഭാവിതലമുറയുടെ ബൗദ്ധികാവബോധം കരുപ്പിടിപ്പിക്കുന്നതിനു വേണ്ടി ആജീവനാന്തം ആവേശപൂർവ്വം പ്രവർത്തിച്ച അധ്യാപകർ  അപൂർവ്വമാണ്. തീർച്ചയായും, അവരിലൊളായിരുന്നു പന്തളം എൻ.എസ്. എസ്. കോളേജിലെ ഭൗതിക ശാസ്ത്രം വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ

ഡോ. കെ.പി. കൃഷ്ണൻ കുട്ടി
പന്തളം:ജി. ബി.എൻ‘ എന്ന്  എല്ലാവരും സ്നേഹാദരങ്ങളോടെ വിളിക്കുന്ന പ്രൊഫ. ജി.ബാലകൃഷ്ണൻ നായർ ഇന്നലെ (22-08-2024) വൈകിട്ട് എൻ.എസ്.എസ്. മെഡിക്കൽ മിഷനിൽ വെച്ച് അന്തരിച്ചു. ചൂടാറാത്ത ഭക്ഷണത്തിലൂടെ എങ്ങനെ ശാസ്ത്രാവബോധത്തിലേക്കെത്താമെന്ന് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയ ജനകീയ ശാസ്ത്ര പ്രചാരകനായിരുന്നു അദ്ദേഹം.  ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ ചൂടാറപ്പെട്ടി (Hot Box) യുടെ പ്രചരണവും പ്രവർത്തനവും വിപണനവും നിർവ്വഹിച്ചു കൊണ്ടാണ് അദ്ദേഹം  നിസ്തുലമായ രീതിയിൽ അത് നിറവേറ്റിയത്. ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്’ എന്ന പരിഷത്ത് മുദ്രാവാക്യത്തിൻ്റെ ജി.ബി. എൻ ഭാഷ്യമായിരുന്നു ചൂടാറാപ്പെട്ടിയുടെ പ്രചാരണം.

രണ്ടു  മാസത്തിന് മുമ്പ് ഉദരസംബന്ധമായ രോഗത്തിന് അമൃതാ ഹോസ്പിറ്റലിൽ സർജറിക്ക് വിധേയനായ ജി.ബി.എൻ. അതിവേഗം സുഖം പ്രാപിച്ചു വരികയായിരുന്നു. അതിനിടയിലാണ് ഇന്നലെ രോഗം പൊടുന്നനെ മൂർച്ഛിക്കുന്നതും അന്ത്യം സംഭവിക്കുന്നതും.

ഗണിതവും രസതന്ത്രവും സസ്യശാസ്ത്രവും ജന്തുശാസ്ത്രവും മറ്റും പഠിപ്പിക്കുന്ന അധ്യാപകർ നമുക്കിടയിൽ ധാരാളമുണ്ട്. എന്നാൽ, ശാസ്ത്രത്തിൻ്റെ യുക്തിയെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി ഭാവിതലമുറയുടെ ബൗദ്ധികാവബോധം കരുപ്പിടിപ്പിക്കുന്നതിനു വേണ്ടി ആജീവനാന്തം ആവേശപൂർവ്വം പ്രവർത്തിച്ച അധ്യാപകർ  അപൂർവ്വമാണ്. തീർച്ചയായും, അവരിലൊളായിരുന്നു പന്തളം എൻ.എസ. എസ്. കോളേജിലെ ഭൗതിക ശാസ്ത്രം വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ.

1946 ഫെബ്രുവരി 2 ന് അമ്പലപ്പുഴ തയ്യിൽ വീട്ടിൽ ഗോപാലപിള്ളയുടെയും ഭാനുവമ്മയുടെയും മകനായി ജനിച്ച ജി. ബി.എൻ. പ്രാദേശിക സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ് സിറ്റി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ എം.എസി. കരസ്ഥമാക്കി. തുടർന്ന്, വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം കോഴിക്കോട് ഫറൂക്ക് കോളേജിൽ അധ്യാപകനായി. പിന്നീട്, എൻ എസ്.എസിൻ്റെ ചേർത്തല, നെന്മാറ, മഞ്ചേരി, പന്തളം കോളേജുകളിൽ അധ്യാപകനായി അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.

സഹപ്രവർത്തകയായ പ്രൊഫ. ടി. ആർ. രത്‌നം ആണ് അദ്ദേഹത്തിൻ്റെ സഹധർമ്മിണി . ഇവർക്ക് രണ്ടു മക്കൾ : ഡോ. ആർ. റാണി (എഞ്ചിനീയർ, യു.കെ.), ബി.രാജു (എഞ്ചിനീയർ, യു.എസ്.എ). ഏക സഹോദരി പ്രൊഫ. ബി. അംബിക കരമന എൻ.എസ്. എസ്. കോളേജിലെ ഭൗതികശാസ്ത്രവിഭാഗം അധ്യാപികയായിരുന്നു.

പ്രൊഫ. ബാലകൃഷ്ണൻ നായരുടെ ശാസ്ത്രാവബോധത്തിൻ്റെ  ഭാഗമായിരുന്നു അദ്ദേഹത്തിൻ്റെ സാമൂഹ്യ പ്രതിബദ്ധതയും സംഘടന ബോധവും. സമൂഹത്തെ ശാസ്ത്രവത്ക്കരിക്കുകയെന്ന  ക്ളേശകരമായ യത്‌നത്തിൽ പങ്കു ചേരുന്നതിനാണ് അദ്ദേഹം കേരള ശാസ്ത്രസാഹിത്യ  പരിഷത്തിൻ്റെ ആജീവനാന്ത അംഗമായത്.  ആരോഗ്യം അനുവദിച്ചിടത്തോളം കാലം അദ്ദേഹം പരിഷത്ത് സംഘടനയുടെ നിയോഗങ്ങൾ സന്തോഷപൂർവ്വം ഏറ്റെടുത്തു. 1975 ൽ മാവേലിക്കര യൂണിറ്റിൻ്റെ ഭാഗമായി തുടങ്ങിയ അദ്ദേഹത്തിൻ്റെ പരിഷത്ത് പ്രവർത്തനം  സംസ്ഥാന തലം വരെയെത്തി.  സംസ്ഥാന കമ്മിറ്റിയംഗമായും  ജില്ലാ പ്രസിഡൻ്റായും അദ്ദേഹം നേതൃത്വപരമായ    സംഭാവനകൾ നൽകി.  ബാലവേദികൾ രൂപീകരിച്ചും,  ലഘുപരീക്ഷണങ്ങളിലൂടെ  സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തിയും ‘യുറീക്കാ ‘ മാസിക ഓരോ സ്കൂളിലും കൊണ്ടു നടന്ന് വിതരണം നടത്തിയും ശാസ്ത്രപുസ്തകങ്ങൾ പ്രചരിപ്പിച്ചും സോപ്പു നിർമ്മാണം പരിശീലിപ്പിച്ചും ചൂടാറാപ്പെട്ടിയുടെ ഡമോൺസ്റ്റ്രേഷൻ സംഘടിപ്പിച്ചും വിജ്ഞാനോത്സവങ്ങൾ വർഷം തോറും മുടങ്ങാതെ ക്രമീകരിച്ചും കലാജാഥകൾക്ക് വേദിയൊരുക്കിയും  അര നൂറ്റാണ്ടിലധികം നീണ്ടു നിന്ന പരിഷത്ത് പ്രവർത്തനത്തിൻ്റെ നിസ്തുല ധന്യത അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.

ഇതിനു പുറമെയാണ് സ്വന്തം വീടിനെ ‘ സയൻസ് ഹോം’ ആക്കി താല്പര്യമുള്ള കുട്ടികൾക്കെല്ലാം ശാസ്ത്രപരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം സൗകര്യമൊരുക്കിയത്. ഇതിനായി അദ്ദേഹം സ്വന്തമായി ഒരു ടെലിസ്ക്കോപ്പും ലഭ്യമാക്കിയിരുന്നു. ഒന്നര ദശാബ്ദക്കാലം പന്തളം യു.പി. സ്കൂൾ കേന്ദ്രമാക്കി അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് നടത്തിയിരുന്ന ‘ശാസ്ത്ര പരിചയ ക്ലാസുകൾ’ പ്രത്യേകം സ്മരണീയമാണ്. പന്തളത്തിൻ്റെ ശാസ്ത്രീയ മനോഭാവത്തെയും സാംസ്കാരിക നിലവാരത്തെയും ചിട്ടപ്പെടുത്തുന്നതിന് ജി.ബി.എൻ. വെട്ടിത്തെളിച്ച പാത സ്വന്തം ജീവിതം കൊണ്ടായിരുന്നു.

ജാതി, മത സാമുദായിക യാഥാസ്ഥിതികത്വത്തിൽ നിന്നും ജി.ബി.എൻ. ബോധപൂർവ്വം ഒഴിഞ്ഞു നിന്നു. അദ്ദേഹം അംഗമായി പ്രവർത്തിച്ച മറ്റു രണ്ട് സംഘടിത പ്രസ്ഥാനങ്ങളിൽ ഒന്ന് എ കെ പി സി ടി എയും മറ്റൊന്ന് കേരള സംസ്ഥാന സർവ്വീസ് പെൻഷൻ യൂണിയ (KSSPU) നുമാണ്.

സാക്ഷരതാ പ്രസ്ഥാനത്തിൻ്റെ ആവേശത്തിരയിളകിയ കാലത്ത് കടയ്ക്കാട്ടെ തെരുവോരങ്ങളിലെ വൃദ്ധരായ ഉമ്മമാരുടെ കണ്ണുകളിൽ അക്ഷരവെളിച്ചം തെളിഞ്ഞപ്പോഴുണ്ടായ  സന്തോഷം ഗൃഹാതുരത്വം നിറഞ്ഞ സ്മരണകളിലൂടെ ജി.ബി.എൻ. പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അധികാര വികേന്ദ്രീകരണത്തിൻ്റെയും ജനകീയാസൂത്രണത്തിൻ്റെയും ആദ്യ നാളുകളിൽ റിസോഴ്സ് പേഴ്സൺ ആയി പ്രവർത്തിച്ചതും അതുപോലെ ഒന്നാണ്.

അധ്യാപകൻ എന്നും അധ്യാപകനാണ്. അറിവുകൾ ആർജ്ജിച്ചും പ്രചരിപ്പിച്ചും നിരന്തരം പ്രവർത്തിക്കും. ക്ളാസുമുറിയിൽ മാത്രമല്ല, അനൗപചാരിക സദസ്സുകളിലും അങ്ങനെയായിരിക്കും. സ്വന്തം അധ്യാപനയത്നത്തിൻ്റെ   തുടർച്ചയായാണ് ജി.ബി.എൻ. ശാസ്ത്രലേഖനങ്ങൾ എഴുതിയത്.  കൂടുതലും ‘യുറീക്ക’ യിൽ. വളരെ ലളിതമായ ഭാഷയിൽ ശാസ്ത്ര സിദ്ധാന്തങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. എന്നാൽ, കുട്ടികൾക്ക് മനസിലാകുന്ന വിധം എഴുതാനുള്ള കഴിവ് അദ്ദേഹം വേണ്ടത്ര വിനിയോഗിച്ചില്ലെന്ന് തോന്നുന്നു.

ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച’ചലനം’, ‘ബലൂണിൻ്റെ ബലതന്ത്രം’ എന്നീ പുസ്തകങ്ങൾ മലയാളത്തിലെ ബാലശാസ്ത്ര സാഹിത്യത്തനുളള ജി.ബി എൻ്റെ മൗലിക സംഭാവനകളാണ്.

വാക്കും പ്രവർത്തിയും വഴി പിരിയുന്ന വർത്തമാന കാലത്ത് പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ സഹപ്രവർർത്തകർക്ക് മാർഗദർശിയാകുന്ന വഴി വിളക്കാണ്. മൃദുഭാഷിയും മിതവ്യയശീലനുമായ അദ്ദേഹം അനാർഭാടവും ലളിതവുമായ ജീവിതമാണ് നയിച്ചത്. പാർപ്പിടം, പാചകം, ഭക്ഷണം, വസ്ത്രധാരണം എന്നിവയിലെല്ലാം അദ്ദേഹം അനുകരണീയമായ ലാളിത്യം പുലർത്തി. സ്വന്തം ബോധ്യത്തിന് നിരക്കാത്ത കാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു.

‘ഒലേഴം’ എന്ന സ്വന്തം വീടിനെ അദ്ദേഹം പരിഷത്തിൻ്റെ പന്തളത്തെ അനൗദ്യോഗിക ഹെഡ് ക്വാർട്ടേഴ്സ് ആക്കി മാറ്റിയിരുന്നു. കമ്മിറ്റി യോഗങ്ങൾ കൂടാനും സോപ്പും ചൂടാറാപ്പെട്ടിയും പുസ്തകങ്ങളും സൂക്ഷിക്കാനുള്ള സ്ഥലം മാത്രമായിരുന്നില്ല അദ്ദേഹത്തിന് ഒലേഴം. അദ്ദേഹത്തിൻ്റെ പരിഷത്ത് ഹൃദയവുമായി സഹപ്രവർത്തകർക്ക്  സംവദിക്കാനുള്ള വിശാല ഭൂമിക കൂടിയായിരുന്നു അവിടം.

ഭാവിയിലെ പരിഷത്തിൻ്റെ   വളർച്ചയ്ക്കും തുടർച്ചയ്ക്കുമുള്ള  ഊർജ്ജസ്രോതസായി മാറിക്കൊണ്ട്   ജി.ബി. എൻ. ഓർമ്മകളിൽ നിറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *