ജനകീയാരോഗ്യ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലേയ്ക്ക്
ചരിത്രം പഠിക്കുന്നത് ചരിത്രത്തിൽ അഭിരമിക്കാനല്ല ഭാവിയിൽ പുതിയ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനുള്ള കരുത്ത് നേടുന്നതിന് വേണ്ടിയാണ്. ആരോഗ്യരംഗത്ത് നമുക്ക് ഇനിയുമേറെ ചെയ്യാനുണ്ട്. അതിനുള്ള അടിത്തറയൊരുക്കലാവട്ടെ സഫറുള്ള ചൗധരിയുടെ സ്മരണകൾ.
കോട്ടയം,
15 ജൂലൈ 2023
പ്രിയരേ,
അംഗത്വം, മാസികാപ്രചരണം, അംഗങ്ങളെ കാണുക തുടങ്ങിയ പ്രവർത്തനങ്ങളുമായി പുതിയ വർഷം സജീവമായിത്തുടങ്ങുന്നതേയുള്ളു. ഐ.ആർ.ടി.സി.യിൽ ഇന്നലെ സംഘടനാ വിദ്യാഭ്യാസ പരിപാടിക്കായുള്ള സംസ്ഥാന ക്യാമ്പ് ആരംഭിച്ചു. ജൂലൈ 28-29, 29-30 തീയതികളിലായി ആദ്യഘട്ടത്തിലെ 14 ക്യാമ്പുകൾ പൂർത്തിയാക്കണമെന്നാണ് നിർവ്വാഹക സമിതി ആലോചിച്ചിട്ടുള്ളത്. അന്തരിച്ച സഫറുള്ള ചൗധരിക്ക് ആദരവ് അർപ്പിച്ച് കൊണ്ട് ജനകീയാരോഗ്യ പ്രസ്ഥാനത്തിൻ്റെ അരനൂറ്റാണ്ട് എന്ന വിഷയം ചർച്ച ചെയ്യുന്ന പ്രഭാഷണ പരിപാടിയും തുടങ്ങി. മലപ്പുറത്തും കോഴിക്കോട്ടുമാണ് പ്രഭാഷണം നടന്നത്. സഫറുള്ള ചൗധരിയുമായി ദീർഘകാലം അടുത്ത് പ്രവർത്തിച്ച, പരിഷത്തിൻ്റെ മുൻ പ്രസിഡണ്ടുകൂടിയായ, ഡോ.ബി. ഇക്ബാൽ ആണ് പ്രഭാഷകൻ. നടന്ന രണ്ട് ജില്ലകളിലും വലിയ ആവേശമുയർത്തിയ പരിപാടിയാണിത്.വിശേഷിച്ചും കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ജനകീയാരോഗ്യനയത്തിനായി പ്രവർത്തിച്ച ആരോഗ്യ വിദഗ്ദ്ധരും ആക്ടിവിസ്റ്റുകളുമായ മുഴുവൻ പേരും ഇതിൽ പങ്കാളികളാകാൻ താത്പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഒപ്പം വർത്തമാനകാലത്തെ ആരോഗ്യ പ്രവർത്തകരും വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇന്ന് സംഘടനയെ മുന്നോട്ട് നയിക്കേണ്ട പരിഷത്ത് പ്രവർത്തകരുടെ പങ്കാളിത്തം വേണ്ടത്ര ഉണ്ടാകുന്നില്ല എന്ന നിരീക്ഷണമുണ്ട്. പ്രഭാഷണ പരിപാടി മറ്റ് ജില്ലകളിലും നടക്കേണ്ടതുണ്ട്. കൊല്ലം ജില്ലയാണ് അടുത്ത തീയതി നിശ്ചയിച്ചിട്ടുള്ളത്. മറ്റുള്ളവരും ആരോഗ്യ വിഷയസമിതിയുമായി കൂടിയാലോചിച്ച് തീയതി ഉറപ്പാക്കണം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് പഴയകാല പ്രവർത്തകർക്കും വിദഗ്ദ്ധർക്കുമൊപ്പം ഇപ്പോൾ സജീവമായുള്ള പ്രവർത്തകരെ പങ്കെടുപ്പിക്കാനുള്ള ശ്രദ്ധ വേണം. ചരിത്രം പഠിക്കുന്നത് ചരിത്രത്തിൽ അഭിരമിക്കാനല്ല ഭാവിയിൽ പുതിയ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനുള്ള കരുത്ത് നേടുന്നതിന് വേണ്ടിയാണ്. ആരോഗ്യരംഗത്ത് നമുക്ക് ഇനിയുമേറെ ചെയ്യാനുണ്ട്. അതിനുള്ള അടിത്തറയൊരുക്കലാവട്ടെ സഫറുള്ള ചൗധരിയുടെ സ്മരണകൾ.
അഭിവാദനങ്ങളോടെ,
ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി