ചരക്കുസേവന നികുതിക്ക് സ്വാതന്ത്രത്തിന്റെ പ്രാധാന്യമോ?

0

ചരക്കുസേവന നികുതി നിലവില്‍ വന്ന ജൂലൈ ഒന്നിന് വലിയ ചരിത്രപ്രാധാന്യം ഒന്നും ഇല്ലെങ്കിലും ചരക്ക് സേവന നികുതിക്ക് വേണ്ടിയുള്ള 101ാം ഭരണഘടനാഭേദഗതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യം ഉള്ളതുതന്നെയാണ്. രണ്ടായിരത്തിപതിനാറ് സെപ്തംബര്‍ എട്ടിന് നിലവില്‍വന്ന നൂറ്റി ഒന്നാം ഭരണഘടനഭേദഗതി നിയപ്രകാരം സംസ്ഥാന ലിസ്റ്റില്‍ ആയിരുന്ന പരോക്ഷ നികുതി പിരിക്കാനും നിയമം നിര്‍മിക്കാനുമുള്ള അധികാരം കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റി. ഭേദഗതിയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്ത ആര്‍ട്ടിക്കള്‍ 246(A) യില്‍ പറയുന്നത് അന്തര്‍ സംസ്ഥാന ചരക്ക് സേവന നികുതി പിരിക്കാന്‍ പൂര്‍ണമായ അധികാരം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുവെന്നും സംസ്ഥാനത്തിനുള്ളിലെ ചരക്കുസേവനനികുതി സംബന്ധിച്ച് നിയമമുണ്ടാക്കാനും പ്രാവര്‍ത്തികമാക്കാനും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അധികാരം നല്‍കുന്നുവെന്നുമാണ്.
ചുരുക്കത്തില്‍ ഭേദഗതി നിയമം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഉണ്ടായിരുന്ന പരിമിതമായ വിഭവസമാഹരണാധികാരത്തെ ഇല്ലാതാക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ അര്‍ഥത്തില്‍ സെപ്തംബര്‍ 8ന് ഒരു ചരിത്ര പ്രാധാന്യമുണ്ട്. നാനാത്വത്തില്‍ ഏകത്വത്തിന്റെ അടിസ്ഥാനത്തില്‍ ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥ എന്ന പുകള്‍പെറ്റ മാതൃകാസംവിധാനത്തില്‍ നിന്ന് ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി, ഒരൊറ്റ മാര്‍ക്കറ്റ്, ഒരൊറ്റ മതം, ഒരൊറ്റ ഭരണം എന്ന രീതിയിലേക്ക് മാറുന്നതിന്റെ സൂചനകള്‍ ഈ ഭരണഘടനാഭേദഗതിയില്‍ കാണാന്‍ കഴിയും. കേവലമായ ഒരു സാമ്പത്തിക പരിഷ്കരണത്തിനപ്പുറം ഒരു രാജ്യത്തിന്റെ ഘടനാപരവും ഭരണപരവുമായ പരിഷ്കരണമായി ചരക്കുസേവന നികുതിയെ കേന്ദ്രസര്‍ക്കാര്‍ കാണുന്നതുകൊണ്ടായിരിക്കണം ചരക്കുസേവന നികുതി നിലവില്‍ വന്ന ജൂണ്‍ മുപ്പതിലെ അര്‍ധരാത്രി സ്വാതന്ത്രദിനാഘോഷത്തിന് തുല്യമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
എന്താണ് ചരക്കുസേവന നികുതി?
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചിരുന്ന പരോക്ഷ നികുതികളായ സെന്റ്രല്‍ എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടി, സര്‍വീസ് ടാക്സ്, കൊമേഴ്സല്‍ ടാക്സ്, ലക്ഷ്വറി ടാക്സ് തുടങ്ങിയ പതിനാലോളം നികുതികള്‍ ഏകീകരിച്ച് ചരക്കുസേവന നികുതി എന്ന പേരില്‍ ഒന്നിച്ച് പിരിച്ചെടുക്കുന്ന സംവിധാനമാണിത്. രാജ്യത്തെ പരോക്ഷ നികുതികള്‍ ഏകീകരിച്ച് അഞ്ച് സ്ലാബുകളാക്കി തിരിച്ചിരിക്കുന്നു. പൂജ്യം ശതമാനം, അഞ്ച് ശതമാനം, പന്ത്രണ്ട് ശതമാനം, പതിനെട്ട് ശതമാനം, ഇരുപതെട്ട് ശതമാനം എന്നിങ്ങനെയാണ് സ്ലാബ്. ഭൂരിപക്ഷം വസ്തുക്കളും സേവനങ്ങളും പതിനെട്ട് ശതമാനത്തിലാണ് ഉള്‍പ്പെടുക. ആഢംബര വസ്തുക്കള്‍ ഇരുപത്തെട്ട് ശതമാനത്തില്‍ ഉള്‍പ്പെടും. സ്വര്‍ണത്തിന് പ്രത്യേകമായി മൂന്ന് ശതമാനമായും നിജപ്പെടുത്തിയിട്ടുണ്ട്.
നിലനിന്നിരുന്ന നികുതി വ്യവസ്ഥയില്‍ നിന്നുള്ള പ്രധാന മാറ്റം എന്താണ്?
മുമ്പ് ഉത്പാദകനില്‍ നിന്നുമാത്രമാണ് കേന്ദ്ര നികുതിയായ െസന്‍ട്രല്‍ എക്സൈസ് പിടിച്ചിരുന്നത്. ഇത് പതിനഞ്ച് ശതമാനത്തോളം വരും. ഇതുകൂടാതെ അഞ്ചുമുതല്‍ ഇരുപത്തഞ്ചു ശതമാനം വരെ വാറ്റ് നികുതി കൂടി എടുത്തിട്ടാണ് മൊത്തവ്യാപാരിക്ക് ഉത്പാദകന്‍ തന്റെ ഉത്പാദകവസ്തു വിറ്റിരുന്നത്. മൊത്തവ്യാപാരി മുതല്‍ യഥാര്‍ഥ ഉപഭോക്താവിലേക്ക് എത്തുന്നതുവരെയുള്ള വില്‍പനയ്ക്ക് വാറ്റ് നികുതി മാത്രമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ GST വരുന്നതോടു കൂടി വാറ്റ് (VAT) സമ്പ്രദായത്തില്‍ എല്ലാഘട്ടത്തിലും GST പിരിക്കും. GST ഒരു ഉപഭോഗാടിസ്ഥാന നികുതി സമ്പ്രദായമാണ്. അവസാന ഉപഭോക്താവ് എവിടെയാണോ അയാള്‍ക്കാണ് മുഴുവന്‍ നികുതിഭാരവും എന്നതുകൊണ്ട് സംസ്ഥാന ജിഎസ്‌ടി ലഭിക്കുന്നത് ഉപഭോക്താവിന്റെ സംസ്ഥാനത്തിനായിരിക്കും. കേരളത്തിലെ ഉപഭോക്താവ് ചരക്ക് ഏത് സംസ്ഥാനത്തുനിന്ന് വാങ്ങിയാലും നികുതി കേരള സര്‍ക്കാരിന് തന്നെ ലഭിക്കും. കൂടാതെ മുന്‍ കാലങ്ങളില്‍ സേവനനികുതിയില്‍മേല്‍ പൂര്‍ണ അധികാരം കേന്ദ്രസര്‍ക്കാരിന് ആയിരുന്നു. എന്നാല്‍ ജിഎസ്‌ടി പ്രകാരം സേവന നികുതിയുെട പകുതി വിഹിതമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഈ കാരണം കൊണ്ടാണ് ഉപഭോകതൃ സംസ്ഥാനവും സേവനരംഗം വികസിച്ചുവരുന്ന സംസ്ഥാനവുമായ കേരളത്തിന്റെ വരുമാനം ജിഎസ്‌ടി വരുമ്പോള്‍ വര്‍ധിക്കുമെന്ന് പറയുന്നത്.
ജിഎസ്‌ടിയുടെ വീതം വെപ്പ്
ജിഎസ്‌ടി മൂന്ന് രീതിയിലാണ് പിരിക്കുന്നത്. വില്‍പനക്കാരന്റെ ഇന്‍വോയ്സിന് മൂന്ന് ഭാഗങ്ങളുണ്ടായിരിക്കും.
1.CGST കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ട ചരക്ക് സേവന നികുതി
2.SGST സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ട ചരക്ക് സേവന നികുതി.
3.IGST കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുക്കുന്ന സംയോജിത ചരക്കുസേവന നികുതി.
അന്തര്‍ സംസ്ഥാന വില്‍പന നടക്കുമ്പോഴും സേവന നികുതി പിരിക്കുമ്പോഴും IGST യാണ് പിരിക്കേണ്ടത്. ഉദാഹരണമായി സംസ്ഥാനത്തിനുള്ളില്‍ പതിനെട്ട ശതമാനം നികുതി വരുന്ന വസ്തു വില്‍പന നടത്തുമ്പോള്‍ നൂറുരൂപയുടെ വസ്തുവിന് ഒമ്പത് രൂപ CGST കോളത്തിലും ഒമ്പത് രൂപ SGST കോളത്തിലും രേഖപ്പെടുത്തി ആകെ 118 രൂപയുടെ ഇന്‍വോയ്സ് നല്‍കുന്നു. ഇതില്‍ ഒമ്പത് രൂപ കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലേക്കും ഒമ്പത് രൂപ സംസ്ഥാന സര്‍ക്കാരിന്റെ അക്കൗണ്ടിലേക്കും വ്യാപാരി ഇ പേമന്റ് വഴി അടയ്‌ക്കണം. ഇതുതന്നെ അന്തര്‍സംസ്ഥാന വില്‍പനയാണെങ്കില്‍ IGST എന്ന കോളത്തില്‍ രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടില്‍ അടക്കണം. സേവനമാണ് വില്‍പന നടത്തുന്നതെങ്കില്‍ ഇന്‍വോയ്സിലെ IGSTഎന്ന കോളത്തില്‍ രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടില്‍ അടക്കണം. IGST അക്കൗണ്ടില്‍ രേഖപ്പെടുത്തുന്ന തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി പങ്കിടും. വാറ്റ് അടിസ്ഥാനത്തിലാണ് നികുതി പിരിവ് എന്നുള്ളതുകൊണ്ട് മാസാടിസ്ഥാനത്തിലുള്ള റിട്ടേണില്‍ ഇന്‍പുട്ട് കഴിച്ചുള്ള തുകയാണ് വ്യാപാരി അതത് അക്കൗണ്ടില്‍ അടക്കേണ്ടത്.
GST വില കുറയ്ക്കുമോ
ജിഎസ്‌ടി വരുമ്പോള്‍ മൊത്തത്തില്‍ വിലകുറയാനുള്ള സാധ്യതയില്ല. പതിനെട്ട് ശതമാനം നികുതി പിരിക്കുന്നരംഗത്ത് രണ്ട്-മൂന്ന് ശതമാനം നികുതി ലാഭം ഉണ്ടാകും. ഇത് ഉപഭോക്താവിന് കൈമാറാനുള്ള സാധ്യത വളരെ കുറവാണ്. വലിയ വിലയുള്ള വാഹനങ്ങളുടെ വില്പനയില്‍ മാത്രം ഇത് പ്രതിഫലിക്കാന്‍ ഇടയുള്ളൂ. എന്നാല്‍ ചിക്കന്‍, പാക്ക് ചെയ്യാത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നതുകൊണ്ട് പ്രസ്തുത വസ്തുക്കളുടെ വില കുറയാം. എന്നാല്‍ ഉത്പാദകന്‍ അല്ലാത്ത വ്യാപാരികളെ സംബന്ധിച്ചിടത്തോളം 30-06-17 ന് അവരുടെ കൈവശമുള്ള സ്റ്റോക്ക് 01-07-17 മുതല്‍ വില്പന നടത്തേണ്ടി വരുമ്പോള്‍ CGST യും SGST യും കൊടുക്കേണ്ടിവരും എന്നുള്ളതുകൊണ്ട് ഒരുപക്ഷേ സാധനങ്ങള്‍ക്ക് വിലവര്‍ധിക്കാന്‍ ഇടയുണ്ട്. ഇതൊരു ഹ്രസ്വകാലപ്രശ്നമാണ്. എന്നാല്‍ സേവനങ്ങളുടെ കാര്യത്തില്‍ ഇതാവില്ല സ്ഥിതി. സേവന നികുതിയുടെ വല (Net) വിശാലമാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സേവനങ്ങളുടെ മേല്‍ പിരിക്കുന്ന നികുതി ശക്തിപ്പെടും. ശരാശരി പതിനെട്ട് ശതമാനം തുക നികുതിയിനത്തില്‍ നല്‍കേണ്ടിവരും. സേവനങ്ങളുടെ വില വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ GST വന്നതുകൊണ്ട് വിലവര്‍ധനവ് ഉണ്ടാകേണ്ടതില്ല.
നികുതി നല്‍കേണ്ടതാര്? നികുതി പിരിക്കേ ണ്ടതാര്?
നികുതി പിരിച്ചുനല്‍കുവാനുള്ള ഉത്തരവാദിത്തം സപ്ലെയര്‍ക്കാണ്. അതായത് വില്‍ക്കുന്നയാള്‍ക്ക്. അവര്‍ക്കെല്ലാ മാസവും പത്താംതിയതിക്കകം അവരുടെ വില്‍പനയുടെ വിശദാംശങ്ങള്‍ GST പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. വ്യാപാരികള്‍ക്ക് വിറ്റതും നേരിട്ട് ഉപഭോക്താവിന് വിറ്റതുമെല്ലാം അതില്‍ ഉള്‍പ്പെടും. വ്യാപാരികള്‍ക്ക് വില്‍പന നടത്തുന്നതില്‍ അവരവരുടെ GST തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തുന്നതുകൊണ്ട് സ്വാഭാവികമായും വാങ്ങുന്ന വ്യാപാരിയുടെ GST പോര്‍ട്ടലിലെ അക്കൗണ്ടില്‍ അത് കയറിക്കിടക്കും. അതായത് ഉത്പാദകന് വില്പന അക്കൗണ്ട് ചെയ്ത് വരും. മാസം പത്താംതിയതി റിട്ടേണില്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍ വാങ്ങിയ വ്യാപാരിക്ക് അത് കണക്കില്‍പ്പെടുത്താതെ പോകാന്‍ കഴിയില്ല. കാരണം അവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് അവരുടെ റിട്ടേണില്‍ അത് തനിയേ വന്നുകിടക്കും. ഇത് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വാങ്ങലിനും ബാധകമാണ്. ആറുമാസത്തിനകം ഇന്‍വോയ്സ് ചെയ്യുന്ന ദിവസം തന്നെ ഇത് GSTN പോര്‍ട്ടലില്‍ അക്കൗണ്ട് ചെയ്യപ്പെടും എന്നാണ് കരുതുന്നത്. അതായത് ഇന്‍വോയ്സിംഗും ഇന്റര്‍നെറ്റ് ശൃംഖലയുമായി ബന്ധപ്പെടുത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ടാണ് ചെക്ക്പോസ്റ്റിന് ഇനി പ്രാധാന്യമില്ല എന്ന് പറയുന്നത്. മാത്രവുമല്ല ആദ്യ വില്‍പനക്കാരന്‍ ഇന്‍വോയ്സ് ഇല്ലാതെ വില്പന നടത്തിയാല്‍ ശിക്ഷിക്കപ്പടുക ബില്ലില്ലാതെ വസ്തുക്കള്‍ കൊണ്ടുവരുന്ന ആളല്ല. ഇന്‍വോയ്സ് ചെയ്യാതെ വില്‍പന നടത്തിയ ആളാണ് ശിക്ഷിക്കപ്പെടുക. സ്വാഭാവികമായും ഇന്‍വോയ്സ് ഇല്ലാതെ വില്‍ക്കാന്‍ ആരും തയ്യാറാവുകയില്ല. മാത്രവുമല്ല ജിഎസ്‌ടി കേന്ദ്ര സംസ്ഥാന കണ്‍കറന്റ് വിഷയമായതിനാല്‍ സംസ്ഥാനത്തിന്റെ മാത്രമായ ചെക്ക്പോസ്റ്റിന് യാതൊരു പ്രാധാന്യവുമില്ല.
ഇനി പതിനഞ്ചാം തിയതി വാങ്ങിയത് സംബന്ധിച്ച വിവരങ്ങള്‍ റിട്ടേണില്‍ അപ്ലോഡ് ചെയ്യണം. മിക്കവാറും വാങ്ങിയ വിവരങ്ങള്‍ ഇതിനകം തന്നെ അവിടെ കയറിയിട്ടുണ്ടാകും എന്നുള്ളതുകൊണ്ട് അധികം പണിയുണ്ടാകാന്‍ വഴയില്ല. എല്ലാ തെറ്റുതിരുത്തലും കഴിഞ്ഞ് വാങ്ങിയപ്പോള്‍ കൊടുത്ത നികുതിയും വിറ്റപ്പോള്‍ ലഭിച്ച നികുതിയും തട്ടിക്കിഴിച്ച് SGST,CGST, IGST അക്കൗണ്ടുകളിലായി അടയ്ക്കണം. IGST അന്തര്‍ സംസ്ഥാന വില്‍പനയ്ക്കും സേവനനകുതിക്കും മാത്രമാണ് ബാധകം.
മുന്‍ കാലങ്ങളില്‍ നിന്നും വലിയ വ്യത്യാസമില്ലാത്തതുകൊണ്ട് റിട്ടേണ്‍ ഫയലിംഗിന് വ്യാപാരികള്‍ക്ക് ബുദ്ധുമുട്ടുണ്ടാകാന്‍ ഇടയില്ല. മാത്രവുമല്ല വാങ്ങല്‍ തനിയെ റിട്ടേണില്‍ വരും എന്നുള്ളതുകൊണ്ട് തെറ്റ് വരാനുള്ള സാധ്യതകള്‍ കുറവാണ്.
ചെറുകിടക്കാര്‍ക്കുള്ള സംരക്ഷണം
വാറ്റ് നിയമപ്രകാരം പത്തുലക്ഷം വരെ വാര്‍ഷിക വില്പനയുള്ള വ്യാപാരികള്‍ക്ക് റജിസ്ട്രേഷന്‍ ആവശ്യമായിരുന്നില്ല. ഇത് ഇരുപത് ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. വാര്‍ഷിക വിറ്റുവരവ് ഇരുപത് ലക്ഷം വരെയുള്ള ചരക്കിന്റെയും സേവനത്തിന്റെയും വില്പന നടത്തുന്ന ഉത്പാദകനോ വ്യാപാരിയോ നികുതി നല്‍കേണ്ടതില്ല. ഇവര്‍ക്ക് ഉപഭോക്താവിന് മാത്രം വസ്തുക്കള്‍ വില്പന നടത്താന്‍ കഴിയുകയുള്ളൂ എന്ന് മാത്രം. എഴുപത്തഞ്ച് ലക്ഷം വരെയുള്ളവര്‍ക്ക് ഒരു ശതമാനം നികുതിയടച്ചാല്‍ മതിയാകും. ഇവര്‍ റസ്റ്റോറന്റ് നടത്തുന്നവരാണെങ്കില്‍ 2.5 ശതമാനം നികുതി അടയ്ക്കണം. പ്രസ്തുത നികുതി ഉപഭോക്താവില്‍നിന്ന് പിരിക്കാനും പാടില്ല ഇവര്‍ക്ക് വാങ്ങുന്ന വസ്തുക്കളിലുള്ള ഇന്‍പുട്ട് നികുതി തട്ടിക്കിഴിക്കാനും കഴിയില്ല. മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ ഫയല്‍ ചെയ്ത് നികുതി അടച്ചാല്‍ മതിയാകും.
നികുതി നിരക്ക് നിശ്ച യിക്കുന്നത്.
നികുതി നിരക്ക് നിശ്ചയിക്കുവാനുള്ള അധികാരം കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി ചെയര്‍മാനും സംസ്ഥാന വകുപ്പ് ധനകാര്യമന്ത്രിമാര്‍ അംഗങ്ങളുമായുള്ള കേന്ദ്ര ജിഎസ്‌ടി കൗണ്‍സിലിനാണ്. കേന്ദ്രത്തിന് 1/3 വോട്ടവകാശവും സംസ്ഥാനനങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി 2/3 വോട്ടവകാശവും ആണുള്ളത്. അമ്പത് ശതമാനമാണ് ജിഎസ്‌ടി കൗണ്‍സിലിന്റെ ക്വോറം. ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായല്ലോ. കുറേ സംസ്ഥാന ധനകാര്യമന്ത്രിമാര്‍ ഒരുമിച്ചുനിന്നാലാണ് കേന്ദ്രസര്‍ക്കാരിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി നികുതി നിരക്കില്‍ ഒരു മാറ്റം വരുത്താന്‍ കഴിയുക. കേന്ദ്രസര്‍ക്കാരും അവരെ പിന്തുണയ്ക്കുന്ന കുറച്ച് സംസ്ഥാന ധനകാര്യമന്ത്രിമാരും ഒന്നിച്ചാല്‍ തീരുമാനം കേന്ദ്രസര്‍ക്കാരിന് അനുകൂലമായിരിക്കും. സാമൂഹ്യപരമായും സാംസ്കാരികപരമായും സാമ്പത്തികപരമായും ഒട്ടേറെ വ്യത്യസ്തത പുലര്‍ത്തുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ നികുതി നിരക്കില്‍ മാറ്റം വരുത്താനേ കഴിയില്ല. ചിലന്തി വലയ്ക്കുള്ളില്‍ പെട്ടത് പോലെത്തന്നെയാണ് സംസ്ഥാനങ്ങളുടെ നികുതി നിര്‍ണയാവകാശത്തിന്റെ അവസ്ഥ.
ചില പ്രത്യേക സാഹചര്യത്തില്‍ പാരിസ്ഥിതിക ദുരന്തമോ മറ്റ് പ്രാദേശികമായി ബാധിക്കുന്ന പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു സെക്രട്ടറി തീരുമാനത്തിലൂടെ നികുതി കുറയ്ക്കാനോ കൂട്ടുവാനോ കഴിയുമായിരുന്നു. ഇനി മേല്‍ അതിന് കഴിയില്ല. ജിഎസ്‌ടി കൗണ്‍സിലിന് അപേക്ഷ നല്‍കി വക്കീലിനെ പോലെ വാദിച്ച് ഭൂരിപക്ഷം പേരെയും ബോധ്യപ്പെടുത്തി വേണം മാറ്റം ഉണ്ടാക്കാന്‍. അതത്ര എളുപ്പമാകാന്‍ തരമില്ല.
ജിഎസ്‌ടിയും കേരളവും
ധനകാര്യവകുപ്പ് മന്ത്രി എന്ന നിലയില്‍ കേരളത്തിലെ ധനമന്ത്രി സന്തോഷവാനാണ്. ഉപഭോകൃത് സംസ്ഥാനമാണെന്ന ഗുണവും (ഇക്കാര്യത്തില്‍ ഉള്ള ഗുണം മറ്റ് കാര്യങ്ങളില്‍ ദോഷകരമാണ് എന്ന് പറയേണ്ടതില്ലല്ലോ) സേവന നികുതിയിലെ വിഹിതവും ലഭിക്കുമ്പോള്‍ കേരളസര്‍ക്കാരിന്റെ കോശസ്ഥിതി മെച്ചപ്പെടും. എന്നാല്‍ രാഷ്ട്രീയപരമായി പരിശോധിക്കുമ്പോള്‍ വികേന്ദ്രീകൃത ജനാധിപത്യത്തിനേല്‍ക്കുന്ന കടുത്ത പ്രഹരം തന്നെയാണിത്. ഇനി കേരളത്തിലെ വാണിജ്യ നികുതി വകുപ്പിന് വലിയ പ്രസക്തിയൊന്നുമില്ല. വളരെ കുറച്ച് ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചുകൊണ്ടുതന്നെ സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. ഇപ്പോള്‍ 1.50 കോടി ടേണ്‍ ഓവര്‍ വരെയുള്ള വ്യാപാരികള്‍ സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ കീഴിലും അതിനു മുകളിലുള്ളവര്‍ കേന്ദ്ര ജിഎസ്‌ടി വകുപ്പിന്റെ കീഴിലും ആകും എന്നാണ് ധാരണ. ഇതും ഒരു കേന്ദ്ര സംസ്ഥാന ഉദ്ഗോസ്ഥ വടംവലിയിലേക്ക് നീങ്ങാന്‍ കാരണമായേക്കാം.
സ്വയം നിര്‍ണയ നികുതി വ്യവസ്ഥയും നികുതി ചോരാതിരിക്കാന്‍ പൂര്‍ണമായും വിവരസാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയുള്ള നികുതി പരിഷ്കരണവുമാണ് നടപ്പിലാക്കുന്നത് എന്നുള്ളതുകൊണ്ട് ആള്‍ശേഷി അധികം ഉപയോഗപ്പെടുത്താതെ തന്നെ സര്‍ക്കാരിന് നികുതി പിരിച്ചെടുക്കുവാന്‍ കഴിയും. പ്രത്യക്ഷ നികുതിയായ വരുമാന നികുതി ഇപ്പോള്‍ പൂര്‍ണമായും ഇത്തരത്തിലാണ് പിരിച്ചുകൊണ്ടിരിക്കുന്നത്. മുപ്പത് ശതമാനം നിരക്കില്‍ കേന്ദ്രത്തിന്റെ വരുമാന നികുതി വര്‍ച്ചുധികൊണ്ടിരിക്കുകയാണ് എന്നും നാം മനസ്സിലാക്കണം. ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്രരത്തിന്റെയും യഥാര്‍ഥ GDP (മൊത്തഉത്പാദനം) കുറച്ചുകൂടെ കൃത്യതയോടെ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും എന്നതുകൂടി ഇതിന്റെ ഗുണകരമായ വശമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ ബഡ്ജറ്റിന്റെ വരുമാനം നിശ്ചയിക്കുന്നതില്‍ ഇനിമേല്‍ ഗവണ്‍മെന്റുകള്‍ക്ക് വലിയ പങ്ക് നിര്‍വഹിക്കാനുണ്ടാക്കില്ല എങ്കിലും വരുമാനത്തെ സംബന്ധിച്ച് ഏറെ കുറേ കൃത്യമായിത്തന്നെ കണക്കാക്കാനും കൃത്യതയോടെ ചെലവുകള്‍ നിര്‍ണയിക്കാനും കഴിയും.
ഇതൊക്കെ കൊണ്ടുതന്നെ ഈ പരിഷ്കരണം ഒരു നികുതി പരിഷ്കരണമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതുള്ളൂ. സംസ്ഥാനത്തിന്റെ അധികാരം (വരുമാനം എടുക്കുന്നില്ലെങ്കിലും) കുറയ്ക്കുന്ന പരിഷ്കരണം ആയതുകൊണ്ടുതന്നെ ഇതിനെ എങ്ങനെ സ്വാതന്ത്ര പ്രഖ്യാപനവുമായി നമുക്ക് താരതമ്യം ചെയ്യാന്‍ കഴിയും?

Leave a Reply

Your email address will not be published. Required fields are marked *