മരുതോങ്കരയില്‍ ഏകദിന ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
കുന്നുമ്മൽ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നുമ്മൽ മേഖലാ കമ്മിറ്റിയും മരുതോങ്കര ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ആരോഗ്യ സെമിനാർ മരുതോങ്കര സാംസ്കാരിക നിലയത്തില്‍ കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പുമന്ത്രി ബഹു: ഒ.ആർ കേളു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്തിന്‍റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. 2024 നവംബർ 30 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകു ന്നേരം5 മണി വരെ നീണ്ടു നിന്ന സെമിനാറിൽ 150 ൽ ഏറെ പേർ പങ്കെടുത്തു.
പഞ്ചായത്തിലെ ജനപ്രതിനിധികൾ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, പാലിയേറ്റീവ് വളണ്ടിയർമാർ, 14വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 വീതം സന്നദ്ധ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, RRT അംഗങ്ങൾ, പരിഷത്ത് പ്രവർത്തകർ, വിദ്യാർത്ഥി, യുവജന പ്രവർത്തകർ സെമിനാറിലെ പങ്കാളികളായി. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അഭിലാഷ് മരുതോങ്കര പഞ്ചായത്തിലെ പൊതുജനാരോഗ്യ നിലയെ കുറിച്ച് വിശദമായ റിപ്പോർട് അവതരിപ്പിച്ചു. തടർന്ന് ഡോ.ദീപ കെ.ആർ, ഡോ.ശ്രുതി കൃഷ്ണ എന്നിവർ പകർച്ച വ്യാധികളെ കുറിച്ചും ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുമുള്ള സെഷനുകൾ അവതരിപ്പിച്ചു. ഓരോ അവതരണങ്ങൾക്കു ശേഷവും അംഗങ്ങളുടെ സംശയങ്ങൾക്ക് വിശദമായ മറുപടി നൽകി.
ഉച്ചക്കു ശേഷം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ച നടന്നു. ഗ്രൂപ്പ് ചർച്ചകളിൽ പരിഷദ് പ്രവർത്തകരായ ബാബു കൊന്നക്കൽ, പി.സി സുഗതൻ, കെ. നാണു, ജമീല, പി. ദിവാകരൻ എന്നിവർ നേതൃത്വം നൽകി. ഡോ.അഭിലാഷ് ചർച്ചകളിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഗ്രൂപ്പ്ചർച്ച നിർദ്ദേശങ്ങളുടെഭാഗമായി മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ആരോഗ്യമേഖലയിലെ കൃത്യമായ ഒരു സ്ഥിതിവിവര കണക്ക് ആരോഗ്യ പ്രവർത്തകരുടേയും സന്നദ്ധ പ്രവർത്തകരുടേയും സഹായത്തോടെ തയ്യാറാക്കാനും, ജീവിതശൈലി രോഗപ്രതിരോധത്തിനായി വ്യായാമ കേന്ദ്രങ്ങൾ എല്ലാ വാർഡുകളിലും സാധ്യമാക്കുക, വയോജനങ്ങൾക്കുള്ള മാനസികോല്ലാസത്തിനും വ്യായാമത്തിനും പ്രത്യേക പരിഗണനനൽകുക, ഹരിതസേനാ പ്രവർത്തകരോടുള്ള പൊതുസമൂഹത്തിൻ്റെ മനോഭാവത്തിൽ മാറ്റമുണ്ടാക്കുന്നതിനായി എല്ലാ വാർഡുകളിലും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുവാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി ബോധവൽക്കരണം നടത്തുവാനും, കുടിവെള്ള സ്രോതസ്സുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതിനുള്ള പരിപാടികൾ തയ്യാറാക്കും. ഗ്രൂപ്പ് ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു കൊണ്ട് കെ.ബാബു, പി. സി സുഗതൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് നന്ദി രേഖപ്പെടുത്തി പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ജമീല സംസാരിച്ചു.