ഇന്ത്യാ സ്റ്റോറി നാടകയാത്രയ്ക്ക് ആലപ്പുഴ ജില്ലയിൽ ഗംഭീര വരവേൽപ്പ്
ചെങ്ങന്നൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇന്ത്യാ സ്റ്റോറി നാടക യാത്രക്ക് ആലപ്പുഴ ജില്ലയിൽ ഗംഭീര തുടക്കമായി. ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ യിൽ വച്ച് ആണ് ജാഥയെ വരവേറ്റത്.ഐ ടി ഐ യിലെ ഗ്രുപ്പ് ഇൻസ്ട്രക്ടർ കെ. രതി പരിപാടി ഉൽഘാടനം ചെയ്തു. പുരോഗമനമുഖമുള്ള ഏക ശാസ്ത്ര സംഘടനയാണ് പരിഷത്ത് എന്ന് അവർ അഭിപ്രായപ്പെട്ടു. സാധാരണ ജനത്തിനുവേണ്ടി ആണ് പരിഷത്ത് പ്രവർത്തിക്കുന്നത്. പരിഷത്ത് കലാജാഥകൾ ജനങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണെന്നും അവർ പറഞ്ഞു. സംഘാടക സമിതി ചെയർമാന്നും ചെങ്ങന്നൂർ യൂണിറ്റ് പ്രസിഡന്റുമായ പി. കെ. രവീന്ദ്രൻ അധ്യക്ഷൻ ആയിരുന്നു.പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ആമുഖ പ്രഭാഷണം നടത്തി.മഹേഷ് (ഇൻസ്ട്രക്ടർ)സുമേഷ് എം (സ്റ്റാഫ് സെക്രട്ടറി)മനേഷ് (ട്രെയിനീസ് കൌൺസിൽ ചെയർമാൻ)കുര്യൻ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് വിവിധ കലാ സാംസ്കാരിക സന്നദ്ധ സർവീസ് തൊഴിലാളി സംഘടനകൾക്ക് വേണ്ടി പ്രവർത്തകർ പുസ്തകം വാങ്ങി ജാഥയെ സ്വീകരിച്ചു.സ്വാഗതസംഘം ചെയർമാൻ ടി. കെ.സുരേഷ് നന്ദി പറഞ്ഞു.
തുടർന്ന് സമകാലിക ഇന്ത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ഇന്ത്യാ സ്റ്റോറി നാടകം അവതരിപ്പിച്ചു. കാണികൾക്ക്കൂടി പങ്കാളിത്തമുള്ള നാടകം ഹർഷാരവത്തോടെ യാണ് കാണികൾ എതിരേറ്റത്. അഞ്ഞൂറോളം വരുന്ന കുട്ടികളും അധ്യാപകരും മറ്റുള്ളവരും നിറഞ്ഞ സദസ്സിനെ അക്ഷരാർത്ഥത്തിൽ കീഴടക്കാൻ നാടകത്തിനായി. നാടകത്തിന്റെ വേദി സ്ഥല സൗകര്യത്താലും, നിറഞ്ഞ കാണികളാലും സമ്പുഷ്ടമായിരുന്നു.നിറഞ്ഞ മനസ്സോടെ ആണ് നാടകവണ്ടിയും, പ്രവർത്തകരും വേദി വിട്ടത്. ആലപ്പുഴ ജില്ലയിൽ ഇന്ന് മുളക്കുഴ, മാവേലിക്കര കേന്ദ്രങ്ങളിലും നാടകം അവതരിപ്പിയ്ക്കും.