ഇന്ത്യാ സ്റ്റോറി നാടകയാത്ര എറണാകുളം ജില്ലയിൽ

എറണാകുളം 4-2-2025
‘ഇന്ത്യ സ്റ്റോറി’നാടകയാത്രയുടെ ജില്ലാ ഉദ്ഘാടനം ആലുവയിൽ നടന്നു.
ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ആലുവ മുൻസിപ്പൽ സാംസ്കാരിക നിലയത്തിൽ നാടക പ്രവർത്തകനായ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.പി.മാർക്കോസ് അദ്ധ്യക്ഷത വഹിച്ചു.
സാംസ്കാരിക രംഗത്തെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ പ്രഭാഷണം നടത്തി. ഡോ. വി.രമാകുമാരി, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
സാംസ്കാരിക സംഗമത്തിൽ പരിഷത്ത് ആലുവ മേഖലാ സെക്രട്ടറി വി.ജയപാലൻ സ്വാഗതവും കൃതജ്ഞതയും വി.കെ.രാജീവ്
പറഞ്ഞു.
ഇന്ത്യയുടെ ഫെഡറലിസവും ശാസ്ത്രബോധവും നേരിടുന്ന വെല്ലുവിളികൾ, സമൂഹത്തിൽ അന്തർലീനമായിരിക്കുന്ന ജെന്റർ അസമത്വങ്ങൾ, പരിസ്ഥിതി ഭീഷണികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സ്കൂൾ ഓഫ് ഡ്രാമയിലെ എം.എസ്.അരവിന്ദ് സംവിധാനം ചെയ്ത ഇന്ത്യാ സ്റ്റോറി നാടകം അവതരിപ്പിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രസിഡന്റ് പി കെ വാസു കൈമാറിയ പതാക ജാഥ ക്യാപ്റ്റൻ അഖിലേഷ് തയ്യൂർ ഏറ്റു വാങ്ങി. സ്വാഗത സംഘം ചെയർമാൻ വി പി മാർക്കോസ്, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോ തുടങ്ങിയവർ യാത്രയെ സ്വീകരിച്ചു.










