ഇന്ത്യാ സ്റ്റോറി നാടകയാത്ര നാളെ മുതൽ കണ്ണൂർ ജില്ലയിൽ
കണ്ണൂർ : വർത്തമാനകാല ഇന്ത്യയുടെ ചിത്രം വിളിച്ചോതുന്ന ഇന്ത്യാ സ്റ്റോറി നാടകയാത്ര വ്യാഴാഴ്ച ജില്ലയിൽ പ്രവശേിക്കും. ശാസ്ത്രസാഹിത്യ പരിഷത് നാടകയാത്ര രാവിലെ 9.30ന് പേരാവൂർ ബിഎഡ് കോളേജിൽ ആദ്യ സ്വീകരണത്തോടെയാണ് ജില്ലയിൽ പ്രവേശിക്കുക. ജനാധിപത്യം മതനിരപേക്ഷത, തുല്യത, സാമൂഹിക നീതി തുടങ്ങിയവയെല്ലാം ഇല്ലാതാകുമ്പോൾ നിരാശരാവുകയല്ല ജാഗ്രത്താവുകയാണ് ഓരോരുത്തരുടെയും രാഷ്ട്രീയ ഉത്തരവാദിത്തമെന്ന് കലാജാഥ ആഹ്വാനം ചെയ്യുന്നു.
നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ ബഹുസ്വരതയുടെ മഴവിൽ സൗന്ദര്യം മറച്ചുവെച്ച് സർവവും ഒരു അധികാര കേന്ദ്രത്തിലേക്ക് പരിമിതപ്പെടുത്തുന്നു. ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു നിയമം, ഒരു തെരഞ്ഞെടുപ്പ് എന്നിങ്ങനെ ഭരണകൂടം ഉയർത്തുന്ന ഏകത്വമന്ത്രം മതരാഷ്ട്രവാദത്തിന്റെ പ്രതിഫലനം മാത്രമാണന്ന് കലാജാഥ പറയുന്നു.
കാലാവസ്ഥാ മാറ്റത്തെ ഗൗരവപൂർവ്വം പരിഗണിച്ചുകൊണ്ട് സുസ്ഥിര വികസനത്തിനുള്ള ബദൽ അന്വേഷണത്തിന് പ്രേരണയാകാൻ നാടകം ആഹ്വാനം ചെയ്യുന്നു. എതിർശബ്ദങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്നതിന് പകരം അസഹിഷ്ണുതയുടെ ജപഘോഷയാത്രകൾ രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്നു. അശാന്തമാകുന്ന മണിപ്പൂർ നിരപരാധികളുടെ ചോര കൊണ്ട് ചുവക്കുമ്പോഴും രാജ്യം വാഴുന്നോർ ദയാരഹിതമായ നിസ്സംഗതയും നിശ്ശബ്ദതയും തുടരുന്നതിന്റെ ചിത്രം കലാജാഥ വരച്ചുകാട്ടുന്നു.
എതിർപ്പിന്റെ ശബ്ദങ്ങളെ ഭയപ്പെടുന്ന അധികാരത്തിന്റെ ശക്തികൾ എന്തിനും ഏതിനും പരിധികൾ നിശ്ചയിക്കുന്നു. അതുവഴി വാക്കിന്റെ ഊക്കിനെ തടയാമെന്നവർ കരുതുന്നു. അധികാരത്തിന്റെ ആധിപത്യരൂപങ്ങളെ സംഘശക്തി കൊണ്ടും അറിവിന്റെ മൂർച്ഛകൊണ്ടും തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പകർന്നാണ് നാടകയാത്ര പര്യടനം തുടരുന്നത്.
സ്‌കൂൾ ഓഫ് ഡ്രാമ തൃശൂരിലെ പി.ജി വിദ്യാർത്ഥിയായ അരവിന്ദാണ് നാടകയാത്ര തയ്യാറാക്കിയത്. പരിഷത് സംസ്ഥാന കമ്മിറ്റി അംഗം എഎം ബാലകൃഷ്ണൻ മാനേജറും ബിന്ദു പീറ്റർ ക്യാപ്റ്റനുമായ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. വ്യാഴാഴ്ച 11ന് പായം നവപ്രഭ വായനശാല, 3.30 നിടുവാലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 6ന് പറവൂരിൽ സമാപിക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് പയ്യന്നൂർ ഗാന്ധി പാർക്കിലെ സ്വീകരണത്തിന് ശേഷം കാസർഗോഡ് ജില്ലയിൽ പ്രവേശിക്കും. ശനിയാഴ്ച വൈകീട്ട് 6.30ന് മാടായി കുളപ്പുറത്ത് സമാപിക്കും.
26ന് തളിപ്പറമ്പ് , വൻകുളത്തുവയൽ, പാവന്നൂർമെട്ട എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മുണ്ടേരി സമാപിക്കും.
27ന് പെരളശ്ശേരി, കൂത്തുപറമ്പ് ടൗൺ, വടക്കേ പൊയിലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പിണറായി സമാപിക്കും.
28ന് രാവിലെ തലശ്ശേരി എൻജിനിയറിംഗ് കോളേജിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.
ജാഥാ പര്യടനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ നടക്കുന്നുണ്ട്. 25 ലക്ഷം രുപയുടെ ശാസ്ത്രപുസ്തക പ്രചാരണവും നടക്കുന്നുണ്ട്. ജാഥാ സ്വീകരണ പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെപി പ്രദീപ്കുമാറും സെക്രട്ടറി പിടി രാജേഷും അഭ്യർത്ഥിച്ചു.