ജെ.ഡി.ബർണൽ: മഹാശാസ്ത്രജ്ഞൻ്റെ ജീവിതകഥ പ്രകാശനം ചെയ്തു.
ജെ.ഡി.ബർണൽ വിപ്ലവകാരിയായ ശാസ്ത്രജ്ഞൻ
ഡോ. സബ്യസാചി ചാറ്റർജി
ഹെർബർട്ട് ആൻ്റണി വിവർത്തനം ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘ജെ.ഡി.ബർണൽ: മഹാശാസ്ത്രജ്ഞൻ്റെ ജീവിതകഥ’ എന്ന പുസ്തകം ഡോ.എം.പി.പരമേശ്വരൻ തൃശൂർ ശ്രീകേരളവർമ്മ കോളേജ് അധ്യാപിക ഡോ.എസ്.ബിനിക്ക് നൽകിപ്രകാശനം ചെയ്തു.
പുസ്തകപ്രകാശനസമ്മേളനത്തിൽ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് മുൻ പ്രൊഫസറും അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശ്യംഖലയുടെ മുൻ അധ്യക്ഷനുമായ ഡോ.സബ്യസാചി ചാറ്റർജി മുഖ്യ പ്രഭാഷണം നടത്തി.
ജെ.ഡി.ബർണൽ വിപ്ലവകാരിയായ ശാസ്ത്രജ്ഞനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രങ്ങളുടെ ശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവ് (Founder ഠf Science of Sciences) ആയും, ശാസ്ത്രതാപസൻ (sage of Science) ആയും അദ്ദേഹം അറിയപ്പെട്ടു. ശാസ്ത്രത്തിന് ഒരു സാമൂഹിക ധർമ്മമുണ്ടെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച മനുഷ്യസ്നേഹിയായ ശാസ്ത്രജ്ഞനായിരുന്നു ബർണൽ എന്നും അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ ലോകമെമ്പാടും നിർണായകസ്വാധീനം ചെലുത്തുകയും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിന് പ്രചോദനമാവുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂർ താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട 50 വായനശാലകൾക്ക് രണ്ടു വോള്യങ്ങളുള്ള പുസ്തകം സംസ്ഥാന പ്രസിഡണ്ട്
ടി.കെ.മീരാഭായ് സൗജന്യമായി വിതരണം ചെയ്തു.
2025 ജൂൺ 1 ന് വൈകീട്ട് 5 മണിക്ക് സാഹിത്യ അക്കാദമിയിൽ നടന്ന യോഗത്തിൽ ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രസിഡണ്ട് ടി.കെ.മീരാഭായ് ടീച്ചർ, തൃശൂർ ജില്ലാ പ്രസിഡണ്ട് ഡോ.സി.എൽ.ജോഷി, തൃശൂർ ജില്ലാ സെക്രട്ടറി അഡ്വ.ടി.വി.രാജു, തൃശൂർ ജില്ലാ ശാസ്ത്രാവബോധസമിതി ചെയർമാൻ ഡോ.കെ.കെ.അബ്ദുള്ള, കൺവീനർ സി.ബാലചന്ദ്രൻ, പുസ്തകത്തിൻ്റെ പരിഭാഷകൻ ഹെർബർട്ട് ആൻ്റണി,
ജില്ലാ ജോ.സെക്രട്ടറി കെ.കെ.കസീമ, തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.