കോഴിക്കോട് : ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള വികസനവുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തി വികേന്ദ്രീകൃതാസൂത്രണം, സുസ്ഥിര വികസനം എന്നിവയെ കുറിച്ചുളള ആശയപരമായ വ്യക്തത വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിൽ  സമൂഹത്തിലെ പരമാവധി ആളുകളെ പങ്കാളികളാക്കുന്ന ഒരു ബഹുജന ക്യാമ്പയിൻ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സംഘടിപ്പിക്കാനുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപത്തിരണ്ടാം സംസ്ഥാന വാര്‍ഷിക സമ്മേളന തീരുമാനത്തിന്‍റെ ഭാഗമായി ” നാളെത്തെ പഞ്ചായത്ത് : ജനകീയമാനിഫെസ്റ്റോ ” എന്ന ജനകീയ ക്യാമ്പയിൻ പ്രവർത്തനത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ജില്ലയിലെ പരിഷത്ത് പ്രവർത്തകർക്കും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പൊതു പ്രവർത്തകർക്കുമായി  ജില്ലാതല വികസന ശില്പശാല കോഴിക്കോട് പരിഷത്ത് ഭവനിൽ സംഘടിപ്പിച്ചു.

2025 ജൂലൈ 20 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ശില്പശാലയിൽ ജില്ലാസെക്രട്ടറി പി ബിജു സ്വാഗതഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് വി കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കേരളത്തിന്‍റെ അധികാരവികേന്ദ്രീകരണം ഒരു വിലയിരുത്തൽ എന്ന വിഷയം അവതരിപ്പിച്ച് കേന്ദ്രനിർവ്വാക സമിതി അംഗം പ്രൊഫ.ടി പി കുഞ്ഞിക്കണ്ണൻ ഉദ്ഘാനം നിർവഹിച്ചു.

തുടർന്ന് പരിഷത്ത് സംസ്ഥാന വികസന വിഷയസമിതി ചെയർമാൻ ഡോ. രാജേഷ് വികസന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ആമുഖാവതരണം നടത്തി. തുടർന്ന് നടന്ന സെഷനുകളിൽ ജനകീയ വികസന മാനിഫെസ്റ്റോ തയാറാക്കൽ പ്രക്രിയയുടെ ജില്ലാതല സംഘാടനം സംബന്ധിച്ച് ജില്ലാ വികസന വിഷയസമിതി ചെയർമാൻ കെ ശശിധരൻ, ഫോക്കസ് ഗ്രൂപ്പ് ചർച്ചയും ദ്വീതീയ വിവരശേഖരണവും ഓൺലൈൻ ചർച്ചയും എന്ന വിഷയത്തിൽ ജില്ലാ വികസന വിഷയ സമിതി ജോയിന്റ് കൺവീനർ ടി സുമേഷ് എന്നിവരും അവതരണങ്ങൾ നടത്തി. അവതരണങ്ങളെ തുടർന്ന് ശില്പശാലയിൽ പങ്കെടുത്ത പ്രതിനിധികൾ വിവിധ മേഖലാ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ്ചർച്ചയും ചർച്ചകളുടെ അവതരണവും നടന്നു. തുടർന്ന് ജില്ലാ വികസന വിഷയ സമിതി അംഗം സി പി ശശീന്ദ്രൻ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. വൈകിട്ട് 4.30 ന് വരെ തുടര്‍ന്ന ശില്പശാലക്ക് ജില്ലാ വികസന വിഷയസമിതി കൺവീനർ പി പി വിശ്വനാഥൻ നന്ദിഅറിയിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *