ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന് ഉജ്ജ്വലതുടക്കം
യുക്തിചിന്തയും ശാസ്ത്രബോധവും തകര്‍ക്കാനുള്ള ബോധപൂര്‍വശ്രമം നടക്കുന്നു-കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ
കാര്യവട്ടം: സമൂഹത്തിന്റെ ശാസ്ത്രബോധവും യുക്തിചിന്തയും തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളെ ചെറുക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍പോലും പുരാണങ്ങളെയും മിത്തുകളെയും ഉപയോഗിച്ച് ശാസ്ത്രത്തിന്റെ രീതികളെ ഇകഴ്ത്താനാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ കാര്യവട്ടം ക്യാമ്പസ്സില്‍ സംഘടിപ്പിക്കുന്ന ബാലശാസ്ത്രകോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ പഠനരീതിയിലും മൂല്യനിര്‍ണ്ണയത്തിലും പുതിയൊരു മാതൃക സൃഷ്ടിക്കുന്ന യുറീക്ക വിജ്ഞാനോത്സവവും ബാലശാസ്ത കോണ്‍ഗ്രസ്സും ഇന്ത്യയുടെ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ഏറെ പ്രസക്തവും അനിവാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം ഒരു ജീവിതരീതിയും ചിന്താപദ്ധതിയുമാകുന്നതിന് ബാലശാസ്ത്ര കോണ്‍ഗ്രസ്സ് പോലുള്ള ഇടപെടല്‍ അനിവാര്യമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്‌സിറ്റ് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ.ജി. ഗോപ്ചന്ദ്രന്‍, സെനറ്റ് മെമ്പര്‍മാരായ ഡി.എന്‍. അജയന്‍, അമര്‍നാഥ്, വി. ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. ഡോ. രാകേന്ദ്രു സി.കെ. സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ഡോ. പ്രമോദ് കിരണ്‍ നന്ദിയും രേഖപ്പെടുത്തി. കാര്യവട്ടം ക്യാമ്പസ്സിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച സമാപിക്കും.
കടകംപള്ളി സുരേന്ദ്രന്‍ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കൊപ്പം.