വാക്കിതൊക്കെയും പൂവുകൾ -യുറീക്ക വായനസല്ലാപം 2025 

0

കാസർഗോഡ് ജില്ലയിൽ  വിജ്ഞാനോത്സവഉപസമിതിയും വിദ്യാഭ്യാസവിഷയ സമിതിയും യുറീക്ക പത്രാധിപസമിതിയു സഹായത്തോടെ സംഘടിപ്പിച്ച പരിപാടിയായിരുന്നു വായനാസല്ലാപം- 2025 

കാസർഗോഡ് : വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ വായനാപരിശീലന പരിപാടി നടക്കാൻ ലക്ഷ്യമിട്ടുകൊണ്ട് അധ്യാപകർക്കായി ഓൺലൈൻ പരിശീലനം നടത്തി. നാലാം ക്ലാസ് കഴിയുന്നതോടെ എല്ലാ കുട്ടികളും സർഗാത്മകവായനക്കാരായി മാറണമെന്ന്  സ്കൂൾപാഠ്യപദ്ധതി ലക്ഷ്യം വെക്കുന്നുണ്ട്. എന്നാൽ ഏഴാം ക്ലാസ് കഴിയുമ്പോൾപോലും കുട്ടികളിൽ വായനാതാൽപര്യം വേണ്ടത്രയുണ്ടാകുന്നില്ല എന്നുള്ളതാണ് ബഹുഭൂരിഭാഗം കുട്ടികളെ സംബന്ധിച്ചുമുള്ള അനുഭവം.  പരീക്ഷാ കേന്ദ്രിതവും മത്സരാധിഷ്ഠിതവുമായ പഠനക്രമത്തിന് മുൻതൂക്കം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് വായനാ പരിശീലനത്തിനാവശ്യമായ പ്രവർത്തനങ്ങൾ നൽകാൻ അധ്യാപകർക്ക് സമയം ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഇത് കുട്ടികൾക്ക് വലിയ ദോഷമാണ് ചെയ്യുക. അതുകൊണ്ടുതന്നെ ബോധപൂർവ്വമായി വായനാപരിശീലന പരിപാടികൾ നടത്തി കുട്ടികളെ വായനയുടെ വഴിയിലേക്ക് നയിക്കേണ്ടത് അത്യാവശ്യമാണ്.കുട്ടികൾ മികച്ച ബാലമാസികകളും ബാലസാഹിത്യകൃതികളും വായിച്ചുപരിശീലിക്കുകയും ഗൗരവമാർന്ന വായനയിലേക്ക് പതുക്കെപ്പതുക്കെ ഉയർന്നുവരികയും ചെയ്യേണ്ടതുണ്ട്.വായിച്ചാസ്വദിക്കുകയും വരികൾക്കിടയിൽ വായിക്കുകയും വിമർശനാത്മകമായി സമീപിക്കുകയും ഒക്കെ ചെയ്യുന്ന മികച്ച വായനാസംസ്കാരമുള്ള കുട്ടികളാണ് വിദ്യാലയങ്ങളിൽനിന്ന് പുറത്തുവരേണ്ടത്.
ഇതിനുള്ള ചെറിയൊരു തുടക്കം കുറിക്കാനും   സ്കൂളുകൾക്കും അധ്യാപകർക്കും ഇതിനുള്ള ചെറിയൊരു സഹായം നൽകാനുമാണ് കാസർഗോഡ് ജില്ലയിൽ  വിജ്ഞാനോത്സവഉപസമിതിയും വിദ്യാഭ്യാസവിഷയ സമിതിയും യുറീക്ക പത്രാധിപസമിതിയു സഹായത്തോടെ വായനാസല്ലാപം- 2025 സംഘടിപ്പിച്ചത്.
മലയാളത്തിൽ കഴിഞ്ഞ 54 വർഷമായി മുടങ്ങാതെ കുട്ടികൾക്കായി പ്രസിദ്ധീകരിച്ചുവരുന്ന ശാസ്ത്രബാല മാസികയായ യുറീക്കയെ അടിസ്ഥാനമാക്കിയാണ് വായനാസല്ലാപം പരിപാടി വിഭാവനം ചെയ്യുന്നത്. ജൂൺ ലക്കം യുറീക്കയെ അടിസ്ഥാനമാക്കി പൂർണമായും കുട്ടികളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും അതിലെ വിഭവങ്ങൾ വായിക്കുകയും ആസ്വദിക്കുകയും പ്രതികരിക്കുകയും അവതരിപ്പിക്കുകയും ഒക്കെ ചെയ്യാനുള്ള ഏതാനും പ്രവർത്തനങ്ങളാണ് വായനാസല്ലാപം പരിപാടിയിൽ നടക്കുക?. ഒന്ന് -രണ്ട് ,മൂന്ന് -നാല്, യുപി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി പ്രവർത്തനങ്ങൾ തയ്യാറാക്കുകയും ആ  പ്രവർത്തനങ്ങളും അതിൻറെ സംഘാടന രീതിശാസ്ത്രവും അധ്യാപകരെ പരിചയപ്പെടുത്താനുള്ള പരിശീലനം സംഘടിപ്പിക്കുകയുമാണ് ചെയ്തത്.

ഓൺലൈൻ പരിശീലനത്തിൽ 170അധ്യാപകർ പങ്കെടുത്തു. യുറീക്ക എഡിറ്റർ കെ.ആർ.അശോകൻ യുറീക്കയെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. അസോസിയേറ്റ് എഡിറ്റർ ഡോ. രമേശൻ കടൂർ വായനാസല്ലാപത്തിൽ കുട്ടികൾക്കായി നൽകേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു.സംസ്ഥാന വിദ്യാഭ്യാസ വിഷയസമിതി കൺവീനർ ഡോ. എം. വി. ഗംഗാധരൻ സ്വാഗതവും വിജ്ഞാനോത്സവ ഉപസമിതി ജില്ലാ കൺവീനർ ബിന്നിഐരാറ്റിൽ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ .ബാലകൃഷ്ണൻമാസ്റ്റർ ചർച്ചകൾക്ക് തുടക്കം കുറിച്ച് സംസാരിച്ചു. വിജ്ഞാനോത്സവ ഉപസമിതി ജില്ലാ ചെയർമാൻ എം. കെ. വിജയകുമാർ അധ്യക്ഷനായി.  വായനാസല്ലാപ പ്രവർത്തനങ്ങളുടെ പ്രക്രിയാകുറിപ്പുകൾ അധ്യാപകർക്ക് പിന്നീട് വാട്ട്സപ്പ് ഗ്രൂപ്പുവഴി വിതരണം ചെയ്തു. ജൂൺ25-ാം തീയതി നടന്ന  പരിശീലനത്തിനുശേഷം വിദ്യാലയത്തിൽ ആലോചിച്ചു തീരുമാനിക്കുന്ന ദിവസങ്ങളിൽ ക്ലാസ്തലത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ സല്ലാപം പരിപാടി നടക്കും.     ശാസ്ത്ര സാഹിത്യ പരിഷത്തും വിദ്യാലയങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വിദ്യാലയങ്ങളിൽ  വിജ്ഞാനോത്സവത്തിനും മാസികാപ്രചരണത്തിനും നേതൃത്വം നൽകാൻ കഴിവും താല്പര്യവുമുള്ള അധ്യാപകരെ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള വിദ്യാലയസമ്പർക്ക പരിപാടി കൂടിയായിട്ടാണ് വായനാസല്ലാപം വിഭാവനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *