ആലപ്പുഴ ജില്ലാ പ്രവർത്തക ക്യാമ്പ്
ആലപ്പുഴ : പരിഷത്ത് ആലപ്പുഴ ജില്ലാ പ്രവർത്തക ക്യാമ്പ് കാർത്തികപ്പള്ളി ഗവ. യു.പി. സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ആലപ്പുഴ കടൽത്തീരത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന തീരശോഷണം തടയുന്നതിന് ഗൗരവമായ പരിഹാരം കാണണമെന്ന് പ്രവർത്തക യോഗം അഭിപ്രായപ്പെട്ടു. ഇതുമൂലം ആറാട്ടുപുഴ, തോട്ടപ്പള്ളി, പുറക്കാട് തുടങ്ങി ദുർബലമായ തീരമുള്ള പ്രദേശത്തെ ജനങ്ങൾ ഏറെ ഭീതിയിലാണ് കഴിയുന്നത്. അനിയന്ത്രിതമായ കരിമണൽ ഖനനവും പ്രശ്നം വഷളാക്കുന്നുണ്ട്. മണൽ കയറി തുറമുഖ കവാടം അടഞ്ഞതുമൂലം തോട്ടപ്പള്ളി തുറമുഖം നിർമ്മാണത്തിനു ശേഷം പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. സമഗ്ര പഠനം നടത്തി പരിഹാരം കണ്ടില്ലാ എങ്കില്‍ തീരപ്രദേശം പൂർണ നാശത്തിലേക്കായിരിക്കും എത്തിച്ചേരുക. പ്രവർത്തക ക്യാമ്പ് മുതിർന്ന പരിഷത്ത് പ്രവർത്തകൻ ചുനക്കര ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ. പി.കെ. രവീന്ദ്രൻ ശാസ്ത്രബോധം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ അവതരണം നടത്തി. ജില്ലാ പ്രസിഡന്റ് പി.വി. ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ബി. കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ടും സി. സതീഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സമൂഹ മാധ്യമങ്ങളും ശാസ്ത്രപ്രചരണവും എന്ന വിഷയം എൻ. സാനു അവതരിപ്പിച്ചു. വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നായി 92 പ്രവർത്തകർ പങ്കെടുത്തു.