കോഴിക്കോട്: തുലാവര്‍ഷം നാളിതുവരെ ശക്തിയാര്‍ജിക്കാതിരിക്കുകയും കാലാവസ്ഥ മാറിമറിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന കൊടും വരള്‍ച്ചയെ നേരിടാന്‍ സമൂഹത്തെ സജ്ജമാക്കാനുതകുന്ന പ്രവര്‍ത്തന പരിപാടികള്‍ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക ക്യാമ്പ് രൂപം നല്‍കി. കുടിവെള്ള സംരക്ഷണം, മഴവെള്ളക്കൊയ്ത്ത്, ജലസാക്ഷരത, കിണര്‍ റീചാര്‍ജിംഗ് തുടങ്ങിയ പരിപാടികള്‍ ഗ്രാമപഞ്ചായത്ത് പങ്കാളിത്തത്തോടെ ജനകീയമായി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൊയിലാണ്ടി ഗവ. കോളേജില്‍ നടന്ന ജില്ലാ പ്രവര്‍ത്തക ക്യാമ്പ് ടി.കെ ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ പ്രൊഫ. കെ പാപ്പൂട്ടി അധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡണ്ട് കെ രാധന്‍, യുറീക്ക എഡിറ്റര്‍ സി.എം മുരളീധരന്‍, കെ.ടി രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എ.പി പ്രേമാനന്ദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി മുരളീധരന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ ശാന്തകുമാരി, പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍, ഇ അബ്ദുള്‍ ഹമീദ്, ഇ അശോകന്‍, മണലില്‍ മോഹനന്‍, വി.ടി നാസര്‍, പ്രൊഫ. കെ ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട്ട് നടപ്പാക്കാന്‍ പോകുന്ന ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധര്‍, പരിസ്ഥിതി സംഘടനകള്‍, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ എന്നിവരുമായി ചര്‍ച്ച നടത്തണമെന്നും കനോലി കനാല്‍ ദേശീയ ജലപാതയാകുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന 530ഓളം വീട്ടുകാരുടേയും 110 കടക്കാരുടേയും ആശങ്കകള്‍ക്ക് പരിഹാരം കാണമെന്നും പ്രവര്‍ത്തക ക്യാമ്പ് അധികൃതരോട് ആവശ്യപ്പെട്ടു.