കപടബോദ്ധ്യങ്ങൾ കരുത്താർജിക്കുന്നു കെ.വി.കുഞ്ഞികൃഷ്ണൻ

0

അങ്കമാലി : ഒക്ടോബർ 29 വൈകിട്ട് 6 നു അങ്കമാലി മേഖലയിലെ കാലടി സമീക്ഷയിൽ നടന്ന എറണാകുളം ജില്ലാ പ്രവർത്തകയോഗത്തിനു തുടക്കം കുറിച്ചുകൊണ്ട് സംസ്കാരവും ദേശീയതയും എന്നവിഷയം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ചു. പൊതുസംവാദങ്ങൾ യുക്തിബോധത്തിൽ നിന്നും മതനിരപേക്ഷതയിൽ നിന്നും മതാത്മകതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും വഴിമാറി കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണെന്നു അദ്ദേഹം പറഞ്ഞു. ദേശീയത ക്രമാനുഗതമായി രൂപപ്പെട്ടതാണ് അത് സമ്പൂർണ്ണമായ ഒരു ഉത്പന്നമല്ല, മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന , തുടർന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണ്. സംസ്കാരം നദി പോലെ ഒഴുകുന്നതാണ് -ബഹുസ്വരതയും, പരസ്പരം ഉൾക്കൊള്ളുന്നതിനുള്ള ചേതനയുമാണ് അതിന്റെ കാതൽ . തെറ്റായ ചരിത്ര ബോദ്ധ്യത്തിൽ നിന്നും ഉടലെടുത്ത സാംസ്കാരിക ദേശീയത എന്നു വിളിക്കുന്ന ഹിന്ദു ദേശീയതാവാദമാണ് ഇന്ത്യൻ ദേശീയത നേരിടുന്ന പ്രധാന വെല്ലുവിളി .അപകടങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുള്ള ജനാധിപത്യത്തിന്റെ കരുത്താണ് ഭാരതത്തിന്റെ ശക്തി. ജാതിവിവേചനം അവസാനിപ്പിക്കുന്നതിനും വർഗീയ വിദ്വേഷങ്ങൾക്കെതിരെ സ്വതന്ത്രചിന്തയെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും വിശകലനശേഷി തിരിച്ചുപിടിച്ചു കൊണ്ടും ചെറുത്തുനിൽപ്പുകൾ ഉണ്ടാകണം .
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ , ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്യാമള ടീച്ചർ , ആൽബിൻ ആന്റണി തുടങ്ങിയവർ ആശംസകളർപ്പിച്ചു . സ്വാഗതസംഘം ചെയർമാനായ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ സന്തോഷ് അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ രാധാമുരളീധരൻ സ്വാഗതവും മേഖലാസെക്രട്ടറി എൻ.കെ സുകുമാരൻ നന്ദിയും പറഞ്ഞു.
ശാസ്ത്രഗതി മാനേജിങ് എഡിറ്റർ പി.എ തങ്കച്ചൻ, നിർവാഹകസമിതി അംഗങ്ങളായ എ.പി മുരളീധരൻ, വി എ വിജയകുമാർ , പ്രൊഫ.പി.ആർ രാഘവൻ തുടങ്ങിയവർ വിവിധ ഗ്രൂപ്പ് ചർച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ജില്ലാ സെക്രട്ടറി സംഘടനാവലോകനവും ജില്ലാ ട്രഷറര്‍ സാമ്പത്തികാവലോകനവും നടത്തി. “ശാസ്ത്രാവബോധവും സംഘടനാപ്രവർത്തനവും” എന്ന വിഷയം നിർവാഹസമിതി അംഗം ഡോ.ജിജു.പി.അലക്സ് അവതരിപ്പിച്ചു. സാംസ്കാരിക രേഖ ജില്ലാകമ്മറ്റി അംഗം എം.കെ രാജേന്ദ്രനും, ഭാവി പ്രവർത്തനങ്ങൾ നിർവാഹക സമിതി അംഗം എ.പി മുരളീധരനും അവതരിപ്പിച്ചു . അങ്കമാലി മേഖല ക്യാമ്പിന്റെ സംഘാടനം മികച്ചതാക്കി. വിപുലമായി നടന്ന അനുബന്ധപരിപാടികൾ ശ്രദ്ധേയമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *