നാനാത്വത്തെ കോർത്തിണക്കുന്ന ഏകത്വമെന്ന ചരട് ക്ഷേമരാഷ്ട്രസങ്കല്പം : പരിഷത്ത് സെമിനാർ

0

K Jayadevan

തൃശ്ശൂർ : ഇന്ത്യയിലെ വൈവിധ്യങ്ങളുടെ നാനാത്വത്തെ കോർത്തിണക്കുന്ന ഏകത്വമെന്ന ചരട് ക്ഷേമരാഷ്ട്രസങ്കല്പം ആണെന്ന് സാംസ്കാരികചിന്തകനും പ്രഭാഷകനുമായ കെ ജയദേവൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി , കല-സംസ്കാരം ഉപസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്നതാണ് ദേശീയത” എന്ന വാദം പുതിയ കാലത്ത് പ്രചരിക്കുന്ന പച്ചക്കള്ളമാണ്. നൂറു കൊല്ലത്തെ പഴക്കം മാത്രമേ , ഇന്ന് ഏറെ കൊട്ടിഘോഷിക്കുന്ന ദേശീയതക്കുള്ളു !

മതനിരപേക്ഷതയും ജനാധിപത്യവും ഉള്ള ഇന്ത്യ ഉണ്ടാകണം എന്ന ചർച്ച 1920കളിൽ മാത്രമാണ് തുടങ്ങിയത്. 1800കളിൽ ഇന്ത്യ സ്വതന്ത്രമായിരുന്നെങ്കിൽ, 1947ൽ രൂപപ്പെട്ട ഇന്ത്യയാകില്ല ഉണ്ടാകുമായിരുന്നത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൂല്യങ്ങൾ (മതനിരപേക്ഷത, തുല്യത, ജനാധിപത്യം) അന്നത്തെ സ്വതന്ത്ര ഇന്ത്യയ്ക്ക് ഉണ്ടാകുമായിരുന്നില്ല. ‘മതനിരപേക്ഷമായ ഇന്ത്യ’ ക്ക് കയറി ഇരിക്കാൻ ഒരു ഇരിപ്പിടം അന്നുണ്ടായിരുന്നില്ല. അതിനൊരു ആശയപരമായ അടിത്തറ അന്നുണ്ടായിരുന്നില്ല.

ചിതറിക്കിടക്കുന്ന, പരസ്പരം പോരടിക്കുന്ന നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടം മാത്രമായിരുന്നു അന്നത്തെ ഇന്ത്യ ! അതുകൊണ്ടുമാത്രമാണ് വളരെ ചെറിയൊരു രാജ്യമായ ബ്രിട്ടന് ഇന്ത്യയെ കീഴടക്കാൻ ആയത്.

മതരാഷ്ട്രവാദവും മതനിരപേക്ഷ ഇന്ത്യ എന്ന ആവശ്യവും തമ്മിലുള്ള സംഘർഷം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. അതിനുമുമ്പ് ഹിന്ദുത്വ എന്ന ആശയം ഇല്ലായിരുന്നു. ഒരു രാഷ്ട്രീയപദ്ധതിയായി ‘ഹിന്ദുത്വ’ ആദ്യമായി അവതരിപ്പിച്ചത് 1930ൽ വി.ഡി.സവർക്കർ ആയിരുന്നു. എന്നാൽ സ്വാതന്ത്ര്യലബ്ധിയോടെ അവരുടെ മതരാഷ്ട്രസങ്കല്പം പാളിപ്പോയി. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിൻറെ യും ബ്രാൻഡ് അംബാസഡറായ ഗാന്ധിജിയാണ് അവരുടെ സ്വപ്നം പൊളിച്ച മുന്നണിപ്പോരാളികളിൽ പ്രധാനി. അതിനാലാണ് സ്വതന്ത്രഇന്ത്യയുടെ ഒന്നാം വാർഷികമെത്തും മുമ്പുതന്നെ അവർ അദ്ദേഹത്തെ വധിച്ചത് !

അവരുടെ തോക്കിലെ ഒരു ഉണ്ട മാത്രമായിരുന്നു ഗോഡ്സെ ! ഹിന്ദുരാഷ്ട്രവാദം ആണ് അവരുടെ തോക്ക് . യഥാർത്ഥത്തിൽ ഗാന്ധിജിക്ക് നേരെ ‘കാഞ്ചി വലിച്ചത് ‘ സവർക്കർ ആണ്. മതരാഷ്ട്രം എന്ന തങ്ങളുടെ സ്വപ്നത്തിന് എതിര് നിൽക്കുന്നവർക്ക് ഇതായിരിക്കും അനുഭവം എന്നാണ് ഗാന്ധിവധത്തിലൂടെ അവർ മുന്നറിയിപ്പു നൽകിയത്.! മതരാഷ്ട്രമെന്ന തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി അവരിന്നും സംഘടിതശ്രമം തുടരുന്നു എന്നതാണ് ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ന്യൂനപക്ഷ – ഭൂരിപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കപ്പെടേണ്ടതുണ്ട്. രണ്ടിന്റെയും വിനാശക ഫലം ഒന്നുതന്നെയാണ്. അധികാരത്തിലേക്ക് ചാരിവെച്ചിരിക്കുന്ന ഏണിയാണ് വർഗീയത. വർഗീയതയ്ക്ക് വളരാനുള്ള ഘടകങ്ങൾ സമൂഹത്തിൽ തന്നെയുണ്ട്. ഒരു വർഗീയത വളരുന്നതിന് മറ്റൊരു വർഗീയതയാണ് കാരണമെന്ന തരത്തിലുള്ള വിശദീകരണം അബദ്ധ ചിന്തയാണ്. പുറമേ നിന്ന് നോക്കുമ്പോൾ ഹിന്ദുമതം ഒരു ഇഡ്ഡലിച്ചെമ്പ് പോലെ ഒറ്റ പാത്രമാണ് ; ഒന്നാണ്. എന്നാൽ ഇഡ്ഡലിച്ചെമ്പിന്റെ മൂടി തുറന്നാൽ ജാതീയതയുടെ നിരവധി തട്ടുകൾ കാണാം ! ഹിന്ദുമതത്തെ ദേശീയതയുടെ പുറം കുപ്പായത്തിൽ സുരക്ഷിതം ആക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. ഇതിനെതിരെ എല്ലാവരും ഒന്നിക്കേണ്ടത് മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ജയദേവൻ പറഞ്ഞു നിർത്തി.

ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. ആന്റണി, ടി.എസ്. നിർമ്മൽ കുമാർ , വി.ഡി. മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *