ശാസ്ത്ര വീഥിയിലെ നിത്യസഞ്ചാരി – പ്രൊഫ.കെ.ശ്രീധരന് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം
കോഴിക്കോട്: കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് കാലമായി ഉന്നതമായ ശാസ്ത്രചിന്തയും അതിരുകളില്ലാത്ത മാനവികതയും മുറുകെ പിടിച്ച് കോഴിക്കോട്ടെ സജീവ സാന്നിധ്യമായി ശാസ്ത്ര പ്രചാരണത്തിന്‍റെ വറ്റാത്ത ഊർജ്ജ സ്രോതസ്സായി പ്രവർത്തിച്ചു വരുന്ന ഭൗതികശസ്ത്ര അദ്ധ്യാപകനും , ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്‍റെ മുതിർന്ന പ്രവർത്തകനുമായ പ്രൊഫ.കെ.ശ്രീധരൻ . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡണ്ട് കൂടിയായ പ്രൊഫ.കെ.ശ്രീധരൻ പരിസ്ഥിതി രംഗത്തെ പ്രധാന ഇടപെടലുകളായ ചാലിയാർ മലിനീകരണത്തിന് എതിരായ സമരം, ജീരകപ്പാറ വനംമുറിക്കെതിരായ സമരം എന്നിവയുടെ നേതൃനിരയിൽ നിന്നു പ്രവർത്തിച്ചു. പരിഷത്ത് മാസികകളായ യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ വളർച്ചയിൽ നിർണ്ണായകമായ നേതൃത്വം നൽകുന്നതിലും കെ എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രൊഫ.കെ ശ്രീധരന്‍റെ പങ്ക് എന്നും സ്മരിക്കപെടേണ്ടതാണ്. 82 വയസ്സിൽ എത്തി നിൽക്കുന്ന കെ എസ് ശാസ്ത്ര വീഥിയിലെ നിത്യസഞ്ചാരിയായി തുടരുന്നു. കോഴിക്കോടിന്‍റെ സാമൂഹ്യമണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായി ഇപ്പോഴും തുടരുന്ന പ്രൊഫ.കെ ശ്രീധരന് കോഴിക്കോടിന്‍റെ പൗരാവലി ” ശാസ്ത്ര വീഥിയിലെ നിത്യസഞ്ചാരി” എന്ന പേരിൽ 2024 മെയ് 23 ന് വൈകിട്ട് 3.30 ന് കോഴിക്കോട് ടൗൺ ഹാളിൽ ആദരമൊരുക്കി.
ബഹു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് , “ശാസ്ത്രാന്വേഷണ വീഥികളിലൂടെ ” എന്ന പേരിൽ പ്രൊഫ.കെ ശ്രീധരൻ രചിച്ച അദ്ദേഹത്തിന്റെ പരിഷത്ത് അനുഭവങ്ങളും ജീവിതരേഖയും ഉൾചേർത്ത പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് ഉദ്ഘാടനം നടത്തി. തുടർന്ന് ഡോ.ഗോപകുമാർ ചോലയിൽ ” അതിതാപനവും അതിജീവനവും ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സി.എം. മുരളീധരൻ കെ എസ്സിന്‍റെ ജീവിതരേഖയുടെ അവതരണം നടത്തി. ആർട്ടിസ്റ്റ് മദനൻ വരച്ച കെ.എസ്സിന്റെ കാരിക്കേച്ചർ ആലേഖനം ചെയ്ത ഫലകം സ്വാഗതസംഘം ചെയർ പേഴ്സൺ കൂടിയായ മേയർ ബീന ഫിലിപ്പ് പ്രൊഫ.കെ ശ്രീധരന് കൈമാറി കോഴിക്കോടിന്‍റെ ആദരം അറിയിച്ചു.എ പ്രദീപ്കുമാർ (മുൻ എം എൽ എ ), ടി കെ മീരാഭായ് (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡണ്ട് ), ടി വി ബാലൻ (യുവ കലാ സാഹിതി ), ഡോ.ഡി കെ ബാബു (സ്കിൽ ഡവലപ്പ്മെന്‍റ് സെന്‍റര്‍ ), പ്രൊഫ.പി പി ജോൺ ( ദേവഗിരി റസിഡൻസ് ), പ്രൊഫ.ശശീന്ദ്രൻ (ബ്രണ്ണനൈറ്റ്സ് ), ഡോ. അനിൽകുമാർ വർമ (എ കെ പി സി ടി എ ), ഡോ. യു ഹേമന്ദ് കുമാർ (പുരോഗമന കലാ സാഹിത്യ സംഘം), ആർട്ടിസ്റ്റ് മദനൻ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് പ്രൊഫ.കെ ശ്രീധരൻ തന്‍റെ മറുമൊഴി ഭാഷണം നടത്തി. ആദരം പരിപാടിക്ക് സ്വാഗതം പറഞ്ഞ് സ്വാഗതസംഘം കൺവീനർ ടി പി സുകുമാരനും നന്ദി പറഞ്ഞ് പരിഷത്ത് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രനും സംസാരിച്ചു. പരിപാടികൾക്ക് തുടക്കം കുറിച്ച് മോഹൻദാസ് കരംചന്ദ് , ഇ ടി സുജാത , പ്രീത, ഹരീഷ് ഹർഷ എന്നിവർ ചേർന്ന പരിഷത്ത് ഗീതങ്ങളുടെ ആലപനവുമുണ്ടായി. പരിഷത്ത് ജനറൽ സെക്രട്ടറി പി വി ദിവാകരൻ നിർവാഹക സമിതി അംഗങ്ങൾ, കോഴിക്കോട്ടെ പൗര പ്രമുഖർ , കെ എസ്സിന്‍റെ കുടുംബാഗങ്ങൾ എന്നിവർ പരിപാടിയിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു.