കെ.വി.രഘുനാഥൻമാസ്റ്റർ അന്തരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തവരിൽ, ജീവിച്ചിരിപ്പുണ്ടായിരുന്ന ഏക വ്യക്തി, കെ.വി.രഘുനാഥൻ മാസ്റ്റർ ഇന്ന് പുലർച്ചെ 3 മണിക്ക് തൃശൂരിലെ ദയ ഹോസ്പിറ്റലിൽ നിര്യാതനായി. പത്നി ശ്രീമതി സരോജിനി (റിട്ട. KSEB അക്കൗണ്ടൻ്റ്), ഏകമകൾ ശുഭ മീനാക്ഷി (USA).
തൃശൂരിലെ വേലൂരിലാണ് കെ.വി.ആറിൻ്റെ ജൻമനാട്
1962 സപ്തംബർ 9,10 തീയ്യതികളിലായി (9 ന് ശാസ്ത്ര പ്രദർശനവും 10 ന് രാത്രി ഉദ്ഘാടന സമ്മേളനവും) കോഴിക്കോട് ദേവഗിരി കോളേജിൽ നടന്ന പരിഷത്തിൻ്റെ ഉദ്ഘാടന സമ്മേളന വിവരമറിഞ്ഞ് അതിൽ സ്വമേധയാ പങ്കെടുക്കുകയായിരുന്നു.
1971 ൽ കണ്ണൂരിലെ സെൻ്റ് മൈക്കിൾസ് ഹൈസ്കൂളിൽ അധ്യാപകനായി ചേർന്നതോടെ മാഷ് കണ്ണൂർക്കാരനായി. പിന്നീട് അദ്ദേഹത്തിൻ്റെ പൊതുജീവിതം ഏതാണ്ട് പൂർണ്ണമായും പരിഷത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചതു പോലെയായിരുന്നു. കണ്ണൂരിൻ്റെ ഉൾഗ്രാമങ്ങളിൽ പരിഷത്തിൻ്റെ വേരുകൾ എത്തിക്കാനുള്ള നിരന്തരമായ ശ്രമമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിലുടനീളം. എം.എം. ജി. നമ്പൂതിരി, വി. എ രാമാനുജൻ, കൂവേരി മാധവൻ മാസ്റ്റർ, വി. പി.കെ. മായൻ, കെ.കെ. പത്മനാഭൻ മാസ്റ്റർ, എം.എൻ. രാജൻ മാസ്റ്റർ ‘കെ.വി രാഘവൻ നമ്പ്യാർ തുടങ്ങിയവരടക്കം വലിയൊരു സംഘം പരിഷത്തിൻ്റെ നേതൃനിരയിലെത്തിയ ഈ കാലഘട്ടം പരിഷത്തിൻ്റെ വളർച്ചയിലെ നിർണ്ണായകഘട്ടമായിരുന്നു. ഇക്കാലത്തെ കണ്ണൂരിലെ പരിഷത്തിൻ്റെ വളർച്ചയുടെ പ്രകടനമായിരുന്നു 1976 ൽ നടന്ന 13-ാം സംസ്ഥാന സമ്മേളനം.
പരിഷത്തിൻ്റെ എല്ലാ തലങ്ങളിലും രഘുനാഥൻ മാസ്റ്റർ പ്രവർത്തിക്കുകയുണ്ടായി. ഗ്രാമശാസ്ത്രം മാസികയുടെ ആദ്യ എഡിറ്റർ, സംസ്ഥാന ബാലവേദി കൺവീനർ, ഗ്രാമശാസ്ത്ര സമിതി സംസ്ഥാന കൺവീനർ, സംസ്ഥാന വൈസ് പ്രസിഡണ്ട്, ശാസ്ത്രകേരളം എഡിറ്റർ എന്നിങ്ങനെ പല ഉത്തരവാദിത്തങ്ങളും വഹിച്ചു.