കാരാപ്പുഴ ഡാമിലെ മാലിന്യം: പരിശോധനാഫലം ഉടന്‍ പുറത്തുവിടണം
വയനാട് ജില്ലാ പത്രക്കുറിപ്പ്
വയനാട് : കാരാപ്പുഴ ഡാമിന്റെ ചീപ്രംകടവ് ഭാഗത്ത് കാണപ്പെട്ട മാലിന്യം ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കിയതിന്റെ വിവരങ്ങള്‍ എത്രയും പെട്ടന്ന് പുറത്തുവിടണമെന്ന് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ക്ക് ഉത്തരവാദിത്തമുണ്ട്. നിലവില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആയിരക്കണക്കിനു കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നതാണ് കാരാപ്പുഴ ജലസംഭരണി.
ജൂണ്‍ 15നും 18നുമാണ് കാരാപ്പുഴ ഡാമില്‍ രൂക്ഷഗന്ധത്തോടെ മാലിന്യം കാണപ്പെട്ടതെന്ന് പരിസരവാസികള്‍ പരിഷത്ത് സംഘത്തോട് പറഞ്ഞു. മാലിന്യം ജലാശയത്തിന് മുകളില്‍ പൊങ്ങി കിടക്കുകയാണ്. മാലിന്യം കാണപ്പെട്ട ചീപ്രംകടവ് ഭാഗത്ത് ആദ്യം കണ്ട അളവില്‍ മാലിന്യം ഇപ്പോള്‍ കാണുന്നില്ല. ഗന്ധവും കുറഞ്ഞിട്ടുണ്ട്. അത് ജലാശയത്തിലെ സ്വാഭാവിക ജൈവ വസ്തുവാണ് എന്ന് വിശ്വസിക്കാന്‍ കഴിയില്ല.
ഈ ജലാശയത്തോട് ചേര്‍ന്ന് രണ്ട് മീറ്റര്‍ അകലത്തില്‍ ചീപ്രം ആദിവാസി കോളനിക്കാര്‍ കുടിവെള്ളമെടുക്കുന്ന കിണറുണ്ട്. ഇതിന് മുകളില്‍ നേര്‍ത്ത പാടപോലുള്ള ആവരണം രൂപപ്പെട്ടിട്ടുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്നതായി കോളനിവാസികള്‍ സംഘത്തോട് വ്യക്തമാക്കി.
ജലസംഭരണിയില്‍ മാലിന്യം കാണപ്പെട്ടത് സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് നിരവധി സംഘങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതിന്റെ സാമ്പിള്‍ ശേഖരിച്ചുകൊണ്ടു പോയതല്ലാതെ മറ്റൊന്നൂം നടന്നിട്ടില്ല. പരിശോധനാഫലം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത് ഈ ജലസംഭരണിയെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ആരോഗ്യപരമായ ആശങ്ക പരത്തിയിരിക്കുകയാണ്. മാലിന്യം മാറ്റാനോ അവിടം ശുദ്ധീകരിക്കാനോ നടപടിയുണ്ടായില്ല. പകര്‍ച്ചവ്യാധികളുടെ കാലമായിട്ടു പോലും ഇക്കര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.
കാരാപ്പുഴ ജലസംഭരണിയെ സംരക്ഷിക്കുന്നതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ സമിതികള്‍ രൂപീകരിക്കുന്നത് മേലില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തടയാന്‍ സഹായകമാവുമെന്ന് പരിഷത്ത് അഭിപ്രായപ്പെട്ടു. ഇക്കാര്യം നിയമസഭാ പരിസ്ഥിതി സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനൂം യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ആര്‍ മധുസൂധനന്‍, പി സി ജോണ്‍, എം കെ ദേവസ്യ, കെ കെ രാമകൃ്ണന്‍, പി കെ മുഹമ്മദ് ബഷീര്‍, എല്‍ദോ വാഴവറ്റ എന്നിവര്‍ സംസാരിച്ചു .