കൗമാരം സംഘർഷങ്ങൾക്കപ്പുറം : മലപ്പുറം ജില്ല പ്രാദേശിക ജനകീയ കാമ്പയിനിലേക്ക്

0

മലപ്പുറം ജില്ലാ സമ്മേളനം പൂർത്തിയായി. കൗമാരം സംഘർഷങ്ങൾക്കപ്പുറം – പ്രാദേശിക കാമ്പയിൻ , ക്വാണ്ടം സിദ്ധാന്തത്തിന് 100 വയസ് – ശാസ്ത്ര കാമ്പയിൻ എന്നീ ഭാവിപരിപാടികൾ സമ്മേളനത്തിൽ തീരുമാനമായി.

13 ഏപ്രിൽ 2025 /

എടപ്പാൾ ( മലപ്പുറം)

വര്‍ത്തമാനകാല തലമുറ പ്രതിസന്ധികളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രാദേശിക തലത്തിൽ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ച് മലപ്പുറം ജില്ലാ സമ്മേളനം പൂർത്തിയായി.

കൗമാരം സംഘർഷങ്ങൾക്കപ്പുറം എന്ന ആശയത്തിൽ സ്വീറ്റ് ടീന്‍, ഡ്രീം ടീന്‍, ടീന്‍ ഹൊറൈസണ്‍ (Sweet Teen Dream Teen, Teen Horizon) എന്ന ഹാഷ് ടാഗിൽ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും വീട്ടുമുറ്റങ്ങള്‍, വിദ്യാലയങ്ങള്‍, വായനശാലകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളെ കണ്ണിചേര്‍ത്തുകൊണ്ടുള്ള വിപുലമായ കാമ്പയിന്‍ മെയ് മാസത്തില്‍ ആരംഭിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കാമ്പയിന്‍ സെല്ലിന് സമ്മേളനം രൂപം നല്‍കി.

ക്വാണ്ടം സിദ്ധാന്തത്തിന് നൂറു വയസു തികയുന്ന പശ്ചാത്തലത്തിൽ കാമ്പസുകൾ കേന്ദ്രീകരിച്ച് ശാസ്ത്രാവബോധ പരിപാടികൾ നടത്താനും സമ്മേളനം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി മലപ്പുറത്ത് മൂന്നു ദിവസത്തെ സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കും.

രണ്ടുദിവസമായി നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സി.പി.സുരേഷ്ബാബു അധ്യക്ഷനായി. രണ്ടാം ദിവസം, കൗമാരം സംഘർഷങ്ങൾക്കപ്പുറം : സ്വീറ്റ് ടീന്‍, ഡ്രീം ടീന്‍, ടീന്‍ ഹൊറൈസണ്‍ പാനല്‍ ചര്‍ച്ച നടന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡംഗം അഡ്വ.ഷാജേഷ് ഭാസ്ക്കര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം ഫാക്കല്‍റ്റി അപര്‍ണ വി.വി., തൃശൂര്‍ ഗവ.മാനസികാരോഗ്യകേന്ദ്രം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സുബ്രഹ്മണ്യന്‍ എസ്.വി., ലഹരി മുക്തം മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ ബി.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം വി.വിനോദ് മോഡറേറ്ററായി.

കൗമാരം : സംഘർഷങ്ങൾക്കപ്പുറം - പാനൽ ചർച്ച

 

 

 

 

 

ജില്ലാ കമ്മിറ്റിയംഗം സുനില്‍ സി.എന്‍. ഭാവിരേഖ അവതരിപ്പിച്ചു. പി.വി. ദിവാകരൻ, ഡോ. വി.കെ. ബ്രിജേഷ്, പി.കെ. ബാലകൃഷ്ണൻ, രാജലക്ഷ്മി വി, രുഗ്മിണി, അഡ്വ. കെ. വിജയൻ, എ.അബ്ദുൾ കബീർ, സന്തോഷ് പി എന്നിവർ സംസാരിച്ചു. എട്ടാം ക്ലാസ്സിൽ മിനിമം മാർക്ക് നിർബന്ധമാക്കിയത് പുന:പരിശോധിക്കുക, വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ വിജയിപ്പിക്കുക, മുണ്ടിനീരിനെതിരെയുള്ള വാക്സിൻ ദേശീയ പ്രതിരോധ പട്ടികയിൽ ഉൾപ്പെടുത്തുക, മാലിന്യമുക്ത നവകേരള പ്രവർത്തനം സുസ്ഥിരമാക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് ഇരുനൂറ് പ്രതിനിധികളാണ് രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തത്.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ ചെയര്‍മാനും പരിഷത്ത് മേഖലാ സെക്രട്ടറി ജിജി വര്‍ഗീസ് പി. ജനറൽ കണ്‍വീനറുമായ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടത്തിയത്.

പുതിയ ഭാരവാഹികളായി സി.പി. സുരേഷ്ബാബു – പ്രസിഡന്റ്, വി.രാജലക്ഷ്മി – സെക്രട്ടറി, സുബ്രഹ്മണ്യന്‍ പാടുകണ്ണി – ട്രഷറർ. അനൂപ് മണ്ണഴി, ശരത് പി. (ജോ.സെക്രട്ടറിമാർ ), സ്മിത എന്‍., സന്തോഷ് പി (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തിരഞ്ഞെടുത്തു. 34 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *