കേരള പഠനം 2.0 : ഒന്നര ദശാബ്ദത്തിലെ ജനജീവിതമാറ്റങ്ങൾ 2004 -2019

0

കോഴിക്കോട്:വിവിധകാലങ്ങളിലായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ചെറുതും വലുതുമായ നിരവധി പഠനങ്ങൾ കേരള സമൂഹത്തിൽ വിപുലമായ ചർച്ചകൾ ഉയർത്തുകയും സക്രിയമായ ഇടപെടലുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്‍റെ സമ്പത്ത് (1976) കുട്ടനാട് പഠനം (1978) ചാലിയാർ പഠനം (1979) സൈലൻ്റ് വാലി പഠനം (1979) കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് (1995) ആരോഗ്യ സർവെ (1987ലും 97ലും)  സ്ത്രീപഠനം കായൽ കമ്മീഷൻ റിപ്പോർട്ട് (2017) സിൽവർ ലൈൻ പഠനം (2024 ) തുടങ്ങിയവ ഇക്കൂട്ടത്തിൽ എടുത്തു പറയാവുന്നതാണ്.

പരിഷത്ത് 2004 ൽ നടത്തിയ ബൃഹത്തായ സാമൂഹ്യ ശാസ്ത്ര അന്വേഷണമായിരുന്നു കേരള പഠനം. ജനപക്ഷത്ത് നിന്നുള്ള പഠനമായിരുന്നു ഇത്. ബൃഹത്തായ ആ ജനകീയ പഠനത്തില്‍ നൂറുകണക്കിന് പരിഷത്ത് പ്രവര്‍ത്തകരാണ് പങ്കാളികളായത്. അന്ന് ആറായിരത്തോളം കുടുംബങ്ങളിലാണ് വിവരശേഖരണം നടത്തിയത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും അതിലുള്‍പ്പെട്ടു. ബൃഹത്തായ ആ ജനകീയാന്വേഷണത്തിന്‍റെ കണ്ടെത്തലുകള്‍ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴി തെളിക്കുകയുണ്ടായി.

ഒന്നാം കേരള പഠനത്തിന് ശേഷമുള്ള ഒന്നര ദശകകാലത്തിനുള്ളിൽ കേരളത്തിൽ വിപുലമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റങ്ങളെ പഠന വിധേയമാക്കാനും 2004 ലെ കണ്ടെത്തലിന് ശേഷം ഏതെല്ലാം രംഗങ്ങളിൽ എന്തെന്ത് മാറ്റങ്ങൾ വന്നുചേർന്നതെന്ന് പരിശോധിക്കാനാണ് രണ്ടാം കേരള പഠനത്തിലൂടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിശ്രമിച്ചത്.  2019 ലാണ് ഈ പഠനത്തിന്‍റെ വിവരശേഖരണം പൂർത്തിയായത്. കോവിഡിന് ശേഷം വിവിധ തട്ടുകളിലുള്ള വിലയിരുത്തലിന് ശേഷം 2025 ൽ പ്രസിദ്ധപ്പെടുത്തി. ആ കണ്ടെത്തലുകളെ പൊതുജനസമക്ഷം അവതരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്.

കേരള സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങൾ, വർധിച്ചു വരുന്ന അസമത്വം, ദാരിദ്രത്തിന്‍റെ സ്വഭാവം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം തുടങ്ങിയ പുതിയ ഉൾകാഴ്ചകൾ കേരളപഠനം മുന്നോട്ട് വെച്ചിരുന്നു. 2004 ലെ കണ്ടെത്തലുകളിൽ നിന്ന് ഏതെല്ലാം രംഗങ്ങളിൽ എന്തെന്തു മാറ്റങ്ങളാണ് വന്ന് ചേർന്നത് എന്ന് പരിശോധിക്കാനാണ് രണ്ടാം കേരള പഠനത്തിലൂടെ പരിശ്രമിക്കുന്നത്.

പുസ്തകത്തിന്‍റെ പ്രകാശനം 2025 ജൂലായ് 13 ഞായർ വൈകീട്ട് 3.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻഹാളിൽ മുൻ ധനകാര്യവകുപ്പ്  മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിർവ്വഹിക്കും. പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാർ പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ സ്വാഗതമാശംസിക്കുന്ന ചടങ്ങിൻ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി കെ മീരാഭായ് അദ്ധ്യക്ഷത വഹിക്കും. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ പി അരവിന്ദൻ കേരളപഠനം 2.0 റിപ്പോർട്ട് അവതരിപ്പിക്കും തുടർന്ന് മാധ്യമപ്രവർത്തകരായ കെ കെ ഷാഹിന കെ ജെ ജേക്കബ് എന്നിവർ പ്രതികരണങ്ങൾ നടത്തും.  പഠന പുസ്തകം പരിഷത്ത് ഭവനനുകളിലും പരിഷത്ത് പ്രവർത്തകരുടെ പക്കൽ നിന്നും 400 രൂപ മുഖവിലക്ക്  ആവശ്യക്കാർക്ക് ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed