അങ്കണവാടികളിലെ കുരുന്നുകൾക്ക് ‘കുരുന്നില’ വിതരണം ചെയ്തു.
കോലഴി: പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും 2നഴ്സറികളിലെയും കുരുന്നുകൾക്ക് ‘കുരുന്നില ‘ എന്ന സചിത്ര പുസ്തകസമാഹാരം സൗജന്യമായി വിതരണം ചെയ്തു.
കുട്ടികളുടെ മനശ്ശാസ്ത്രവും അഭിരുചിയും മനസ്സിലാക്കി വിദഗ്ധരും ബാലസാഹിത്യകാരമാരും ചേർന്ന് തയ്യാറാക്കിയ 34ചെറിയ സചിത്രപുസ്തകങ്ങളും 10 കാർഡുകളുമടങ്ങിയ സമാഹാരമാണ് ഇത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ കുരുന്നില സെറ്റൊന്നിന് 1800 രൂപയാണ് വില. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള സുമനസ്സുകളെക്കൊണ്ട് പരിഷത്ത് കോലഴി മേഖലാപ്രവർത്തകർ സ്പോൺസർ ചെയ്യിപ്പിച്ചാണ് പുസ്തകസമാഹാരത്തിന്റെ സൗജന്യ വിതരണത്തിന് പണം കണ്ടെത്തിയത്. കോലഴി പഞ്ചായത്തിലെ ആകെയുള്ള 27 അങ്കണവാടികളിലേക്കും 2 നഴ്സറികളിലേക്കും പുസ്തകം നൽകി.
കോലഴി ZMLP സ്കൂളിലെ നഴ്സറി കുട്ടികൾക്ക് പുസ്തകസമാഹാരം നൽകി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ , പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലേക്കും കുരുന്നില എത്തിച്ചതിന്റെ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ അഭിരാമി സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശോഭ സാമുവൽ ,പി.ടി.എ. പ്രസിഡണ്ട് ഷീന കാർത്തികേയൻ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി.ബാലചന്ദ്രൻ , മേഖലാപ്രസിഡണ്ട് എം.എൻ. ലീലാമ്മ, കോലഴി യൂണിറ്റ് സെക്രട്ടറി ടി.എൻ. ദേവദാസ് , ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു.
കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചവും ദിശാബോധവും നൽകാനുതകുന്ന കുരുന്നിലയുടെ സൗജന്യവിതരണം മേഖലയിലെ ഇതര പഞ്ചായത്തുകളിൽ കൂടി ഉടൻ നടത്തുമെന്ന് പരിഷത്ത് മേഖലാപ്രസിഡണ്ട് എം.എൻ. ലീലാമ്മ അറിയിച്ചു.