ഞാനും പരിഷത്തും: അശാേകൻ ഇളവനി

0

പരിഷത്ത് ജീവിതം നാൽപ്പത് വർഷം പൂർത്തീകരിച്ചു, ഇപ്പോഴും മടുപ്പ് തോന്നിയിട്ടില്ല.

ഞാനെങ്ങനെ പരിഷത്ത് ആയി. ഇപ്പോൾ തിരിഞ്ഞു നോക്കുന്നത് കൗതുകകരം തന്നെ. ഞാൻ ഡിഗ്രിക്ക് എസ്. എൻ. കോളേജിൽ പഠിക്കുന്ന കാലം. 1979-80 വർഷം സയൻസ് അസോസിയേഷൻ സെക്രട്ടറി ആയി എന്നെ തെരഞ്ഞെടുത്തു. ഒരു ഇലക്ട്രോണിക് ഹോബിയിസ്ററ് ആയ എൻറെ പ്രാക്ടിക്കൽ സെഷനുകളിലെ താൽപര്യം കണ്ടാണ് പ്രൊഫ. ഭാസ്കരൻ സാർ പ്രസ്തുത സ്ഥാനത്ത് എന്നെ അവരോധിച്ചത്. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അന്തിച്ചുപോയ എന്നെ സാർ സമാധാനിപ്പിച്ചു. ഞങ്ങൾ പറഞ്ഞു തരും. അതനുസരിച്ച് നീങ്ങിയാൽ മതി. ഒക്കെ ശരിയാവും. പിന്നെ എനിക്ക് അപ്പീൽ ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് മാസങ്ങൾ ഒന്നും ചെയ്യാതെ കടന്നുപോയി. ഒരു ദിവസം ഭാസ്‌കരൻ സാർ എന്നെ ആളുവിട്ട് വിളിപ്പിച്ചു. എന്നോട് ചോദിച്ചു. അല്ലാ നമ്മുടെ അസോസിയേഷൻ ഒന്ന് ഉൽഘാടനം ചെയ്യേണ്ടേ? അതിനെന്താണ് വേണ്ടതെന്ന് ചോദ്യഭാവത്തിൽ നോക്ക്യ എന്നോട് സാറ് ഒതുക്കത്തോടെ പറഞ്ഞു, നമുക്ക് ഈ വർഷം ഒരു ശാസ്ത്ര പ്രഭാഷണത്തോടെ ഉൽഘാടന പരിപാടി നടത്താം. അതിനിപ്പൊ പ്രഭാഷകനായി ആരെ കിട്ടും എന്നായി ഞാൻ. സാറ് ഒരു നിമിഷം ഒന്ന് ആലോചിച്ച് പറഞ്ഞു. പ്രൊഫ. മാത്യു താമരക്കാടിനെ പോയി കാണൂ. ദേവഗിരി കോളേജിലെ ബോട്ടണി ഡിപ്പാർട്ട്‌മെന്റിൽ പോവുക. ഞാൻ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞാൽ മതി തിരക്ക് ആണെങ്കിലും കാണാൻ കഴിയും. അന്ന് ലാൻഡ് ഫോൺ തന്നെ അപൂർവ വസ്തുവായിരുന്ന കാലമാണ്. ഞാൻ ആദ്യമായി ദേവഗിരി കോളേജിൽ ചെന്ന് സാറിനെ മുഖം കാണിച്ചു. വിവരം പറഞ്ഞപ്പോൾ സാറ് ഡയറിയെടുത്ത് പരതി. പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ഒഴിവില്ല. നിറയെ പരിപാടികളാണ്. ഞാനാകെ നിരാശനായി. എൻറെ മുഖഭാവവും തിരികെ നടക്കാത്തതും കണ്ടാവാം സാറ് പറഞ്ഞു. മററാരെയെങ്കിലും നോക്കൂ. പരിപാടി മാറേറണ്ട. എന്നിട്ട് എന്തോ ഓർത്തെടുത്തത്പോലെ എന്നോട് പറഞ്ഞു, നീ പോയി പ്രൊഫ. പ്രസാദിനെ കാണൂ. ആർട്‌സ് കോളേജിലുണ്ട്. ഇന്ന് തന്നെ പോയ്ക്കോ. സാറിനും തിരക്കാവും. എനിക്കൽപം സമാധാനമായി. സാറിന് കൈകൂപ്പി നന്ദി പറഞ്ഞുകൊണ്ട് ആർട്‌സ് കോളേജിലേക്ക് വെച്ചു പിടിച്ചു. വട്ടക്കിണർ ഇറങ്ങി കോളേജിലേക്ക് നടന്നു. പ്രസാദ് സാർ ഇരിക്കുന്ന മുറി അന്വേഷിച്ച് കണ്ടുപിടിച്ചു. സാറ് ഏതോ ഒരു പുസ്തകം മറിച്ചു നോക്കി ഇരിക്കുന്നു. ഞാൻ മുന്നിൽ ചെന്ന് വന്ന കാര്യം പറഞ്ഞു. പ്രസാദ് സാർ തിയ്യതി അന്വേഷിച്ചു. ഡയറി പരിശോധിച്ച് ഉറപ്പ് വരുത്തി പറഞ്ഞു. ശരി..ഞാൻ വരാം… ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങണം.
പരിസ്ഥിതി സംബന്ധിച്ച് ഒരു ചർച്ചയാകാം. സാറ് പറഞ്ഞു.
എനിക്ക് സമാധാനമായി. ഞാൻ സാറിന് കൈകൂപ്പി നന്ദി പറഞ്ഞ് തിരികെപ്പോന്നു.
ഉൽഘാടന ദിവസം പ്രസാദ് സാർ നടത്തിയത് സൈലന്റ് വാലി വിഷയം സംബന്ധിച്ച പ്രഭാഷണമായിരുന്നു.
ഏത് പ്രസംഗവും ശ്രദ്ധിക്കാതെ അലങ്കോലമാക്കുന്ന കുട്ടികളെ സാറ് പിടിച്ചിരുത്തി. പരിസ്ഥിതി എന്ന് മുമ്പ് കേട്ടതല്ലാതെ ഇക്കോ സിസ്ററവും നിത്യഹരിത വനങ്ങളും സൈലന്റ് വാലിയിലെ ജീൻ കലവറയും കാടും അക്കേഷ്യാ തോട്ടങ്ങളും തമ്മിലുള്ള വത്യാസവും സിംഹവാലൻ കുരങ്ങ് ലാററിനമേരിക്കൻ ഷമിലിയോണിന് സമാനമായ അപൂർവയിനം ലിസാർഡുകളെ പററി മറെറാരിടത്തും കാണാനാവാത്ത നിബിഢ വനഭംഗിയും അപൂർവയിനം സസ്യജാലങ്ങളും സൈലൻറ് വാലി സംരക്ഷിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് മററ് സഹമനസ്കരോടൊപ്പം നടത്തി വരുന്ന പ്രക്ഷോഭ ക്യാമ്പെയിൻ. എല്ലാമെല്ലാം ഒന്നര മണിക്കൂർ നീണ്ട ആ പ്രഭാഷണത്തിൽ കടന്നു വന്നു. ഫ്ലാംബയോൺഡ് ആയി നടന്നിരുന്ന എൻറെ മനസ്സിലേക്ക് ഒരുപാട് വിവരങ്ങൾ ആ പ്രഭാഷണത്തോടെ കടന്നു വന്നു. പക്ഷേ എൻറെ പ്രദേശത്തെവിടെയും സൈലന്റ് വാലി ചർച്ചകൾ നടന്നിരുന്നില്ല. എൻറെ വായനശാലയിലെ കൂട്ടുകാരോട് ചോദിച്ചു. അവരെല്ലാം കൈമലർത്തി. ഏതാണ്ട് ഒരു വർഷക്കാലം അങ്ങനെ കടന്ന് പോയി. ഒരു ദിവസം വായനശാലയിൽ ചെന്നപ്പോൾ നാരായണൻ കുട്ട്യേട്ടൻ പറഞ്ഞു.. നമുക്ക് മററന്നാൾ കാക്കൂർ എൽപി സ്കൂളിൽ പോകണം. ശ്രീധരൻ മാഷ് വരുന്നുണ്ട്. ഒരു പുതിയ കലാസാംസ്കാരിക കമ്മിറ്റി ണ്ടാക്കണം. മണിമാഷ് ഏർപ്പാടാക്കിയിട്ടുണ്ട്. ഞാനും, സി വിജയനും കെ അശോകനും മോഹനനും നാരായണൻ കുട്ട്യേട്ടനും ഡോ. ഭരതനും (ഇന്നില്ല) വയലിലൂടെ നടന്ന് യോഗം ചേരുന്ന സ്കൂളിൽ എത്തി. അൽപ സമയത്തോടെ പത്തിരുപത് ആളുകളായി. ഞങ്ങൾക്കെല്ലാം മുമ്പേ ഒരഥിതി അവിടെയെത്തി എന്തോ വായിച്ചിരിക്കുന്നുണ്ടായിരുന്നു. യോഗം തുടങ്ങി. മണിമാഷ് പരിചയപ്പെടുത്തി. കൊടക്കാട് ശ്രീധരൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻെറ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. കൊടക്കാട് അന്ന് നടത്തിയ അവതരണം. അക്ഷരം വിടാതെ ഇന്നും എനിക്ക് പറയാൻ കഴിയും. ആദിമ മനുഷ്യൻറെ വളർച്ചയുടെ കഥ. ആർജ്ജിച്ച അറിവുകൾ. കയറിപ്പോയ പടവുകൾ. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ നേട്ടങ്ങൾ. അവയുടെ ഗുണങ്ങൾ അതിന്റെ ഉടമസ്ഥന് നൽകാതെ ലാഭവർദ്ധനക്കായി കയ്യടക്കിയ മൂലധന ശക്തികൾ. ആ അറിവ് അതിന്റെ ഉടമകളായ സാധാരണക്കാരായ മനുഷ്യരുടെ കൈകളിലേക്ക് തിരിച്ചേൽപ്പിക്കേണ്ടതിൻെറ അനിവാര്യത. ശരിക്കും ബ്രെയിൻ സ്ട്രോമിങ്ങ്. തുടർന്ന് എല്ലാവരും പങ്കെടുത്ത ചർച്ച. അപ്പോൾ തന്നെ കാക്കൂർ പരിഷത്ത് യൂനിററ് രൂപീകരിക്കുന്നു. 1981 ഏപ്രിൽ 21. വേങ്ങേരിക്ക് വടക്കോട്ട് ആദ്യ യൂനിററ്. സി വിജയനെ ആദ്യ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ചാത്തുക്കുട്ടി മാസ്റററെ കൊടക്കാട് നോമിനേറ്റ് ചെയ്തു. ഞങ്ങൾ ഞെട്ടിത്തരിച്ചിരുന്നുപോയി. കാരണം അത്രമാത്രം അന്ധവിശ്വാസ പ്രചാരകനായിരുന്നു സ്വന്തമായി ഒരു കുട്ടിച്ചാത്തൻ സേവ നടത്തുന്ന ചാത്തുക്കുട്ടി മാസ്റ്റർ. പക്ഷേ അദ്ദേഹത്തെ ഇരുത്തി ആരും ഒന്നും പറഞ്ഞില്ല. യോഗം കഴിഞ്ഞു പിരിഞ്ഞു. കൊടക്കാടും മണിമാഷും ഞാനും അശോകനും വിജയനും ചായകുടിക്കാനായി ഹസ്സൻകായുടെ ഹോട്ടലിലേക്ക് കയറി. അശോകൻ മടിച്ചു മടിച്ച് കൊടക്കാടിനോട് ചോദിച്ചു. മാഷ് പ്രസിഡന്റായി ചാത്തുക്കുട്ടി മാഷുടെ പേര് പറഞ്ഞത് കേട്ട് ഞങ്ങളെല്ലാം ഞെട്ടി പ്പോയി. എന്താണതിന് കാരണം മാഷേ.
ഉടനടി വന്നു കൊടക്കാടിൻെറ മറുപടി. നിങ്ങളിൽ ഏററവും കൂടുതൽ മാററമുണ്ടാവേണ്ടത് ചാത്തുക്കുട്ടി മാഷിനാണ് എന്നെനിക്ക് ഉറപ്പാണ്. ശരിയാവുന്നെങ്കിൽ ഒരാളെ കിട്ടും. ഇല്ലെങ്കിൽ മൂന്ന് മാസംകൊണ്ട് പൊയ്ക്കോളും. പിന്നാലെ മനോഹരമായ ഒരു ചിരിയും. കൊടക്കാട് പറഞ്ഞത്പോലെ തന്നെ ചാത്തുക്കുട്ടി മാഷ് പോയി. പക്ഷേ കാക്കൂർ യൂനിററ് വളർന്നു വലുതായി. സ്വന്തമായി കലാട്രൂപ്പ് ഉണ്ടാക്കി. സി വിജയൻെറ ചെട്ട്യാംകണ്ടി വീട്ടുമുറ്റത്ത് സന്ധ്യയാവുമ്പോൾ ഒത്തു കൂടി റിഹേർസലുകൾ. ഒടുവിൽ ടീം സെററായി. കാക്കൂരിലെ ആദ്യ അവതരണം. എന്തിന്നധീരതക്ക് ശേഷം രണ്ടാമത്തെ അവതരണം തുടങ്ങി.
ഞാനും ഡോ. ഭരതനും കൈകൾ ബന്ധിപ്പിക്കപ്പെട്ട ശാസ്ത്ര തിരുവടികളായി പ്രകാശനും രംഗത്ത്. ഡോ. ഭരതൻ അരങ്ങ് തകർക്കുകയാണ്. കാക്കൂരിലെ പഴയ പീടിക പൊളിച്ച കുഞ്ഞിത്തറയെന്ന ഓപ്പൺ സ്റേറജിലായതിനാൽ ഡയലോഗ് പ്രോംപ്ടിങ്ങ് കാണികൾക്ക് പുറംതിരിഞ്ഞു നിന്ന് മാറിമാറി നടത്തണമെന്നാണ് ധാരണ. ഡോ. ഭരതനിൽ നിന്നും ശാസ്ത്ര തിരുവടികൾക്ക് നേരെ ചോദ്യശരങ്ങൾ ഒന്നിന് പുറകെ ഒന്നായി. ഞാൻ കാണികൾക്ക് പുറംതിരിഞ്ഞ് പതിയ ശബ്ദത്തിൽ പ്രോംപ്ട് ചെയ്യുന്നു. അത് കേൾക്കാനായി മികവുറ്റ രംഗബോധത്തോടെ ഡോക്ടർ ചലനങ്ങൾക്കിടെ എൻറെ അടുത്ത്കൂടി കടന്നു പോകും. അതാ ഡോക്ടർ കറങ്ങി തിരിഞ്ഞ് അടുത്ത ചോദ്യശരത്തിനായി ആയുന്നു.
എൻറെ പതിയെയുള്ള പ്രോംപ്ടിങ്ങ്. ഡിഎൻഎ എന്നാൽ എന്താണണന്ന് അറിയാമോ. ഡോക്ടർ അലറിച്ചോദിക്കുന്നു. ഡിഎൻസി എന്നാൽ എന്താണെന്ന് അറിയാമോ. സർവ നിയന്ത്രണവും വിട്ട് ഞാൻ ചിരിച്ചു പോയി. രംഗത്ത് പുറംതിരിഞ്ഞാണ് നിൽപ്പ് എന്നതിനാൽ ആരും കണ്ടില്ല. പക്ഷേ ഡോക്ടർ കറങ്ങിയെത്തിയപ്പോൾ അടുത്ത ചോദ്യം പ്രോംപ്ട് ചെയ്തു കൊടുക്കാനായില്ല. പക്ഷേ രംഗ പരിചയമുള്ള ഡോക്ടറുണ്ടോ വിടുന്നു. നിന്നോടൊന്നും ഒന്നും ചോദിച്ചിട്ട് കാര്യമില്ല. ശാസ്ത്രമാണ് പോലും. ശാസ്ത്രം. നാടകം പൊടിപൊടിച്ചു. പിഴവ് ആരും മനസ്സിലാക്കിയില്ല.  നാടകം പഠിപ്പിച്ച മണിമാഷ് മാത്രം കണ്ണുരുട്ടിനോക്കി. പിന്നെ തിരിഞ്ഞു നോക്കിയില്ല. ഒട്ടേറെ കേന്ദ്രങ്ങളിൽ പരിപാടികൾ നടത്തി. നരിക്കുനി, പുന്നശ്ശേരി, കക്കോടി, കരിയാത്തൻകാവ് എകരൂൽ എന്നിവിടങ്ങളിൽ അവതരണത്തോടൊപ്പം പുതിയ യൂനിററുകൾ ആരംഭിച്ചു. അവയൊക്കെ ഇന്നും നിലനിൽക്കുന്നു. കോളേജ് വിദ്യാർത്ഥിയിൽ നിന്നും പരിഷത്ത് പ്രവർത്തകനിലേക്കുള്ള പരിണാമം. യൂനിറ്റ് സെക്രട്ടറി, മേഖലാ സെക്രട്ടറി, ജില്ലാ ട്രഷറർ, വിദ്യാഭ്യാസ കൺവീനർ, ഐടി കൺവീനർ, ജില്ലാ വൈസ്പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, നിർവഹകസമിതി അംഗം എന്നിങ്ങനെ പരിഷത്ത് ജീവിതം നാൽപ്പത് വർഷം പൂർത്തീകരിച്ചു. ഇപ്പോഴും മടുപ്പ് തോന്നിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *