ഞാനും പരിഷത്തും: ടി കെ ദേവരാജൻ
അതെ പരിഷത്തിനവകാശപ്പെട്ടതായിരുന്നു ഇക്കാലയളവിലെ എന്റെ പൊതുജീവിതമാകെ.
പരിഷത്തിന്റെ 58-ാം വാര്‍ഷികമാണ്.
എങ്ങിനെ ഞാന്‍ പരിഷത് കാരനായി എന്ന് ഓര്‍ത്തെടുക്കുന്നത് കൗതുകകരമാകും.
പരിഷത്തിനെ ആദ്യം കണ്ടുമുട്ടുന്നത് 1972 ല്‍, എട്ടാം ക്ലാസ്സില്‍ ചിറ്റാരിപറമ്പ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍. സയന്‍സില്‍ ഏറെ താല്പര്യം കാണിച്ചിരുന്ന എന്നെ സയന്‍സ് ക്ലബില്‍ ചേര്‍ത്തതോടൊപ്പം വായിക്കാന്‍ യൂറീക്കയും തന്നു, അന്ന് സയന്‍സ് പഠിപ്പിച്ചിരുന്ന വേലായുധന്‍ മാഷ്. വലിയ താല്‍പര്യത്തോടെയാണ് അന്നത് വായിച്ചത്. പിന്നീടുള്ള ലക്കങ്ങളും. വൈകാതെ സ്കൂള്‍ മാറേണ്ടി വന്നു. ആലക്കോട് എന്‍എസ് എസ് ഹൈസ്കൂളിലേക്ക്. ആവിധം പ്രോത്സാഹനമോ സംവിധാനമോ ഒന്നും ഇല്ലാത്ത സ്കൂള്‍. എന്നിട്ടും പല വഴികളില്‍- സുഹൃത്തുക്കള്‍, വായനശാലകള്‍- യുറീക്കയും ശാസ്ത്രകേരളവും വായിക്കാന്‍ അവസരം കിട്ടിയിരുന്നു. അവയിലൂടെ ശാസ്ത്രസാഹിത്യ പരിഷത്തും പരിഷത്തിന് നേതൃത്വം നല്കുന്നവരും മനസ്സില്‍ ബിംബങ്ങളായി മാറികൊണ്ടിരുന്നു. സര്‍സയ്യദ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ഫിസിക്സ് അധ്യാപകന്‍ ലക്ഷ്മണന്‍ മാഷ് ആലക്കോട് പരിഷത്തിന്റെ ക്ലാസ്സ് എടുക്കാന്‍ പോയപ്പോള്‍ വഴികാട്ടിയായി എന്നെയും കൂട്ടിയത് അഭിമാനമായി. അടുത്തവര്‍ഷം ശാസ്ത്രസാംസ്കാരിക ജാഥയുടെ പോസ്റ്റര്‍ കോളേജില്‍ ഒട്ടിക്കേണ്ട ചുമതലയും മാഷ് എന്നെയാണ് ഏല്‍പിച്ചത്. പരിഷത്തിനെകുറിച്ചുള്ല ഏത് വാര്‍ത്തയും അന്ന് അതീവതാല്പര്യത്തോടെ വായിക്കും . മാവൂര്‍സമരവും സൈലന്റ് വാലി വിവാദവുമെല്ലാം പത്രത്തില്‍ വായിച്ച് മനസ്സുകൊണ്ട് പരിഷത്തിനെ പിന്തുണക്കും. ഇതിനിടയില്‍ സിപിഎം പ്രവര്‍ത്തകനായി മാറിയിരുന്ന ഏട്ടന്‍ വഴി വീട്ടിലെത്താറുള്ള ചിന്ത വാരികയും അതില്‍ പരിഷത്തുകാരായി തിരിച്ചറിഞ്ഞിട്ടുള്ള ഡോഎം പി പരമേശ്വരന്‍ , സി പിനാരായണന്‍ എന്നിന്നിവരുടെ സാന്നിധ്യവും, ഒപ്പം പരിഷത്തിനെകുറിച്ചുള്ള ചോദ്യോത്തര പംക്തിയിലെ ഇഎംഎസിന്റെ മറുപടിയുമെല്ലാം ഏറെ കൗതുകം വളര്‍ത്തിയവയായിരുന്നു. 1978 ല്‍ കൂവേരി മാധവന്‍മാസ്റ്ററുമായി ബന്ധപ്പെട്ട് സുഹൃത്ത് സ്കറിയയുടെ മുന്‍കയ്യില്‍ ഞങ്ങളുടെ നാട്ടില്‍ പരിഷത് യൂണീറ്റ് (വെള്ളാട്). അംഗത്വഫീസായി ആറു രൂപ നല്കി മൂന്ന് മടക്കുള്ള കാര്‍ഡ് രൂപത്തിലുള്ലഅപേക്ഷാഫോറം പൂരിപ്പിച്ചു നല്കിയതും അംഗമാക്കിഎന്നറിയിച്ചും അംഗത്വ നമ്പര്‍നല്കിയും ഫോറത്തിന്റെ മൂന്നാം ഭാഗം ജനറല്‍സെക്രട്ടറി ഒപ്പിട്ട് തിരിച്ച് കയ്യിലെത്തിയപ്പോള്‍ വലിയ ആവേശമായിരുന്നു. പിന്നീട് ഏറെക്കാലം ആ നമ്പര്‍ കാണിച്ചാണ് അംഗത്വം പുതുക്കിയിരുന്നത്. യൂണീറ്റ് രൂപീകരിച്ചെങ്കിലും എന്തുചെയ്യണമെന്നറിയാതെ നിശ്ചലമായിരുന്നു, അത്…
1980ല്‍ എംഎസ്സിക്ക് ബ്രണ്ണനില്‍ പഠിക്കുന്നകാലം. പരിഷത്തിന്റെ പേര്‍ എഴുതിയ ബാനര്‍കെട്ടിയ ജീപ്പിലിരുന്ന് കോളേജിലെ ബോട്ടണി പ്രൊഫസര്‍ ആയിരുന്ന ബാലകൃഷ്ണന്‍നായര്‍ അനൗണ്‍സ് ചെയ്യുന്നു. പാലയാട് ചിറക്കുനിയില്‍ അന്ന് ശാസ്ത്രകലാജാഥക്ക് സ്വീകരണം. ലോഡ്ജില്‍നിന്ന് സുഹൃത്തുക്കളുമായി പോയി ജാഥകണ്ടു. ആദ്യ പരിപാടി ബ്രഹ്തിന്റെ കവിതയെ അധികരിച്ചുള്ല സംഗീതശില്പം. “എന്തിന്നധീരത, ഇപ്പോള്‍ തുടങ്ങുവിന്‍..”അതിലെ ഓരോ വരികളും അവതരണ രീതിയും എന്നെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. തുടര്‍ന്ന് “ഡോക്ടറോട്”, “സായിപ്പ് പോയിട്ട്”…തുടങ്ങിയവ.ഈ സംഘടന എന്റേതാണെന്ന ബോധം അതോടെ അടിയുറച്ചു. തൊട്ടടുത്തവര്‍ഷം ശാസ്ത്രകലാജാഥക്ക് എന്റെ നാട്ടില്‍ തന്നെ സ്വീകരണം. ഏട്ടനുള്‍പ്പടെയുള്ള ചില സിപിഎം പ്രവര്‍ത്തകര്‍ നാടുമായി ബന്ധമുള്ള പ്രൊ ടി പി ശ്രീധരന്‍, മാധവന്‍മാസ്റ്റര്‍ എന്നിവരുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകവില്പനയില്‍ ആവേശത്തോടെ. വില്പനക്കിടയില്‍ ചുളുവില്‍ ഗണിതത്തിലെ അതികായന്‍മാരും വേദങ്ങളുടെ നാടും വായിച്ചു തീര്‍ത്തു.
എം എസ് സി രണ്ടാം വര്‍ഷം അവസാനത്തോടടുത്തപ്പോഴാണ് ബാങ്കില്‍ ജോലികിട്ടിയത്. ജോലിക്കാര്യം പറയാന്‍ അന്നേറ്റവും ബഹുമാനം തോന്നിയിരുന്ന പ്രൊ കെജയചന്ദ്രന്റെ അടുക്കലെത്തി. പഠനം പൂര്‍ത്തിയാകാതെ പോകുന്നോ? വീട്ടിലെ സ്ഥിതി സൂചിപ്പിച്ചു. ശരി , ജോലിക്ക് ചേര്‍ന്നോളൂ. പക്ഷേ കോഴ്സ് പൂര്‍ത്തിയാക്കണം. പറഞ്ഞു പുറത്തേക്കിറങ്ങിയ എന്നെ തിരിച്ചു വിളിച്ച അദ്ദേഹം “ബാങ്കിലെ ജോലിക്കിടയിലും പ്രവര്‍ത്തിക്കാവുന്ന, നിങ്ങളേ പോലുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു സംഘടനയുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്. അതുമായി ദേവരാജന്‍ ബന്ധപ്പെടണം”. സത്യത്തില്‍ ഞെട്ടിപ്പോയി. ക്ലാസ്സിലെ പ്രോബ്ലം ചെയ്യുന്നതിലും ചോദ്യം ഉന്നയിക്കുന്നതിലും മോശമല്ലാതിരുന്ന വിദ്യാര്‍ഥി എന്ന നിലയിലല്ലാതെ എന്നെ യാതൊരു വിധത്തിലും അറിയാത്ത ഗുരുനാഥന്‍, ഞാനാഗ്രഹിച്ചിരുന്ന കാര്യം എന്നോട് പറയുന്നു. പരിഷത്തിനെ നന്നായി അറിയാം, അംഗമാണ് എന്നറിയിച്ചപ്പോള്‍ മാഷ് അത്ഭുതമൊന്നും പ്രകടിപ്പിക്കാതെ, അംഗമായാല്‍ പോരാ പ്രവര്‍ത്തിക്കണം എന്ന് ഉപദേശിച്ചു.
ജോലിയില്‍ ചേര്‍ വളപട്ടണം ശാഖയില്‍ നിന്ന് ചെങ്ങന്നൂരില്‍ ട്രാന്‍സ്ഫര്‍ ആയി എത്തിയപ്പോള്‍ അവിടെ പരിഷത് യൂണീറ്റുണ്ടോ എന്ന് തദ്ദേശ നാട്ടുകാരില്‍ പലരോടും തിരക്കി. സംഘടനയെ തന്നെ ആര്‍ക്കും കേട്ട് പരിചയമില്ല.ഒടുവില്‍ ജില്ലാ പ്രസിഡണ്ട് ചുനക്കരക്കും സെക്രട്ടറി പ്രൊ.ലക്ഷ്മണനും യൂണീറ്റ് ആംരംഭിക്കണമെന്ന് പറഞ്ഞു കത്തിട്ടു. ഏറെ വൈകാതെ സെക്രട്ടറിയുടെ മറുപടികിട്ടി. നിലവില്‍ യൂണീറ്റുണ്ട്. യൂണീറ്റ് സെക്രട്ടറിയുടെ വിലാസവും ലഭിച്ചു. പക്ഷേ പരിചയപ്പെട്ടപ്പോള്‍ നിരാശ. യുറീക്ക വിജ്ഞാനപരീക്ഷയുടെ ട്യൂഷന്‍ നല്കുന്നതും കുറച്ചു യുറീക്ക അതിനായി വില്ക്കുന്നതുമാണ് അദ്ദേഹത്തിന്റെ പരിഷത് ബന്ധം. വീണ്ടും ചുനക്കരക്കെഴുതി. അദ്ദേഹം ബാങ്കിലെത്തി ശാസ്ത്ര കലാജാഥാ സ്വീകരണം ചെങ്ങന്നൂരില്‍ ഒരുക്കാമെന്നേറ്രു. പരിഷത് യൂണീറ്ര് പുനസംഘടിപ്പിച്ചു. സെക്രട്ടറിയായി ചുമതല. ഛായാ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരായ എ എം റോഷന്‍, ബാബുജോസഫ് തുടങ്ങിയവരും പ്രദേശത്തുള്ള ചിലരും സഹായത്തിനെത്തിയതോടെ 83 ലെ ശാസ്ത്ര കലാജാഥക്ക് സ്വീകരണം നല്കാനായി . പരിപാടിക്ക് കാഴ്ചക്കാര്‍ കുറവായിരുന്നെങ്കിലും ജില്ലയില്‍ ഏറ്റവും കൂടുതല്‍ പുസ്തകം പ്രചരിപ്പിച്ച യൂണീറ്റെന്ന ഖ്യാതി ചെങ്ങന്നൂര്‍ നേടി. വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് പുസ്തകത്തിന്റെ പ്രചണം,പുലിയൂര്‍ ഗ്രാമശാസ്ത്രസമിതി രൂപീകരണം, പി ആര്‍ മാധവപണിക്കരെ പങ്കെടുപ്പിച്ചുള്ല പ്രപഞ്ചം ക്ലാസ്സ്, ജനകീയാരോഗ്യം പോസ്റ്റര്‍-ലഘുലേഖാ പ്രചരണം. അക്കാലത്തെ ആവേശതള്ളിച്ചയില്‍ യുറീക്കയുടെ ഏജന്‍സി എടുത്ത് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് എന്നെ കടക്കെണിയിലാക്കി. വലിയ പിന്തുണ നല്കിയിരുന്ന സുഹൃത്തുക്കള്‍ ട്രാന്‍സ്ഫറായി . പ്രാദേശിക പ്രവര്‍ത്തകരെ കണ്ടെത്താനുമായില്ല. ബാങ്കില്‍ ബെഫിയുടെ പ്രവര്‍ത്തനവും അതിനിടയില്‍ ആരംഭിക്കയും അതിന്റെ പ്രധാന ചുമതലക്കാരിലൊരാളായും മാറിയതോടെ പരിഷത് പ്രവര്‍ത്തനം പിന്നിലായി.
86 ല്‍ കണ്ണൂരെത്തിയ ഉടനെ തന്നെ പരിഷത് ഓഫീസ് സെക്രട്ടറി ലക്ഷ്മണന്‍ ഇങ്ങോട്ട് വിളിച്ചു ബന്ധപ്പെട്ടു.ഏതാനും ദിവസം താമസിച്ചത് അന്ന് പരിഷത് ഓഫീസില്‍. അതായത് പ്രധാന പ്രവര്‍ത്തകനായിരുന്ന എംഎംജിയുടെ വീടിന്റെ മുകളിലത്തെ നില. തുടര്‍ന്ന് രഘുനാഥന്‍മാസ്റ്റര്‍,ടിജി, ഓഎംഎസ്, പികെജി, വിജയകുമാര്‍ …ഏറെ വൈകാതെ ടൊണ്‍യൂണീറ്റ് സെക്രട്ടറി- ഒപ്പം ബാങ്കിംഗ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും.ആ പരിചയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രീപബ്ലിക്കേഷന്‍ – പുസ്തകം മാസികാ പ്രചരണങ്ങളില്‍ വലിയതോതില്‍ സഹായിക്കാനായി. രജതജൂബിലി പ്രവര്‍ത്തനത്തിന്റെ ഗംഭീര അനുഭവങ്ങള്‍- പാവനാടകം, അരവിന്ദഗുപ്ത പരിപാടി, വാനനിരീക്ഷണം. അടുത്തവര്‍ഷം യൂണിയന്റെ പ്രധാന ചുമതല ഏറ്റെടുത്തതോടെ വീണ്ടും പരിഷത്തില്‍ നിന്ന് പിറകോട്ട്. അംഗത്വം കൂടാതെ മാസികാ-പുസ്കക പ്രചരണം മാത്രം. തളിപ്പറമ്പ് കുറ്റിക്കോലില്‍ താമസം തുടങ്ങിയതോടെ യൂണീറ്റംഗത്വം അങ്ങോട്ടാക്കി. പക്ഷേ അക്കാലത്ത് പരിഷത് മുന്‍കയ്യിലുള്ള വലിയ കാമ്പയിനായ സാക്ഷരതാ പ്രവര്‍ത്തനത്തില്‍ കാഴ്ചക്കാരനായി നില്‍ക്കേണ്ടി വന്നു എന്നതാണ് പരിഷത് പ്രവര്‍ത്തനത്തിലെ പ്രധാന നഷ്ടം. വിണ്ടും 92ല്‍ സ്വാശ്രയസമിതി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ബെഫി പ്രതിനിധിയായി നിയോഗിക്കപ്പെട്ടത് എന്നെ. സാമ്പത്തിക നയം ക്ലാസ്സുകളും എടുക്കാന്‍ ആരംഭിച്ചതോടെ പരിഷത്തിലൂടെയായി മുഖ്യ സാമൂഹ്യ പ്രവര്‍ത്തനം. അതിനുശേഷം മൂന്ന് ദശകങ്ങള്‍ കഴിഞ്ഞു. വിവിധങ്ങളായ ചുമതലകള്‍- ജനറല്‍ സെക്രട്ടറി വരെ. അതെ പരിഷത്തിനവകാശപ്പെട്ടതായിരുന്നു ഇക്കാലയളവിലെ എന്റെ പൊതുജീവിതമാകെ. അത് എന്നെ എങ്ങിനെ മാറ്റിതീര്‍ത്തുവെന്നും പറയാം.