കുന്നംകുളം മേഖല വിദ്യാഭ്യാസ സെമിനാർ

0
12/09/24 തൃശ്ശൂർ  
കേരളത്തിലെ എസ്എസ്എൽസി പരീക്ഷാഫലത്തിന്റെ ഉയർന്ന വിജയശതമാനത്തിൽ ആശങ്കപ്പെടുന്ന ചിലരുടെ വികാരം കണക്കിലെടുത്ത് ഹൈസ്കൂൾ തലത്തിൽ മിനിമം മാർക്ക് കൊണ്ടുവരാനുള്ള നീക്കവുമായി ബന്ധപ്പെട്ട് *തോൽപ്പിച്ചാൽ നിലവാരം കൂടുമോ* എന്ന വിഷയത്തെ ആസ്പദമാക്കി കുന്നംകുളം മേഖല സെമിനാർ നടത്തി.
പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതിയംഗം ടി.എസ്. സജീവൻ, തൃശൂർ ജില്ല വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷൻ സി.ജെ. ബിന്നറ്റ് എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് കെ.എ. ശക്തിധരൻ (റിട്ട. ഡി.ഇ.ഒ), എം.കെ. സോമൻ (ഹെഡ് മാസ്റർ ഗവ. ഹൈസ്കൂൾ എളവള്ളി), പി.കെ. സത്യപാലൻ (റിട്ട അധ്യാപകൻ) റസിയ (പ്രിൻസിപ്പാൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുന്നംകുളം) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്ന ഓരോ പരിഷ്കാരത്തേയും നിക്ഷിപ്ത താൽപര്യക്കാർ എന്നും എതിർത്തിട്ടുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും പിന്നിൽ നിൽക്കുന്നത് പട്ടികജാതി വർഗ്ഗ വിദ്യാർത്ഥികളാണെന്നും, അവരുടെ കുടുംബപരവും സാമൂഹികവുമായ പരിമിതികൾ അതിന് കാരണമാകുന്നുണ്ടെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. ദരിദ്ര പശ്ചാത്തലമുള്ള കുട്ടികളെ പ്രത്യേകം കണ്ടെത്തി അവർക്ക് പ്രഭാതഭക്ഷണം ഉൾപ്പെടെ നൽകാൻ തുടങ്ങി യപ്പോൾ വിജയശതമാനം മെച്ചപ്പെട്ടതും ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ഭൂതകാലത്തെ ക്കുറിച്ചുള്ള പാഠഭാഗങ്ങളെ സവർണ സമുദായ സംഘടനകൾ എതിർക്കുകയുണ്ടായി. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗത്തിനെതിരെ മതസാമുദായിക സംഘടനകൾ രംഗത്തു വന്നു. പരിശീലകനായ ഒരധ്യാപകന്റെ കൊലപാതകത്തിലാണ് അത് അവസാനിച്ചത്. തുടർന്ന്, പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം വി. മനോജ്കുമാർ, വിദ്യാഭ്യാസ ഗുണമേന്മക്കായികുന്നംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ വിവരിച്ചു.
വിദ്യാഭ്യാസരംഗത്തെ പ്രശ്നത്തിന് ഒരു ഒറ്റമൂലി എന്ന നിലയിലല്ല പരിഹാരം തേടേണ്ടത്. സമസ്ത പ്രശ്നങ്ങളേയും അപഗ്രഥിച്ച് സമഗ്രമായ പരിഹാര പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെന്ന പരിഷത്ത് കാഴ്ചപ്പാട് വ്യാപകമായി പ്രചരിപ്പിക്കണമെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. ചർച്ച ക്രോഡീകരിച്ച്
 ഈ സംവാദം തുടർന്ന് കൊണ്ടുപോകേണ്ടതാണെന്ന് സജീവൻ മാഷ് അഭിപ്രായപ്പെട്ടു.
മേഖല പ്രസിഡന്റ് എ. ജയകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. മേഖല വിദ്യാഭ്യാസ സമിതി ചെയർമാൻ എം.കെ. സോമൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *