കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം

0

കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ

കേന്ദ്രനിയമം പിൻവലിക്കണം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

 

2002-ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 2009ൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം പാർലിമെന്‍റിൽ അംഗീകരിച്ചു. ഇതിന്‍റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരെയും തോൽപ്പിക്കാത്ത നയം) നിലവിൽ വന്നത്.

   2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം പത്തുവർഷത്തിനുശേഷവും ഇന്ത്യയിൽ സ്കൂൾപ്രായത്തിലുള്ള 3.22 കോടി കുട്ടികൾ സ്കൂളിനു പുറത്താണ്. സ്കൂൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്, പ്രത്യേകിച്ച് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലേത്, ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ വലിയ പ്രതിസന്ധിയാണ്.

 എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുകയും നിലനിർത്തുകയും ചെയ്യാൻ പാകത്തിൽ സ്കൂളിലും ക്ലാസ്മുറിയിലും കുട്ടികളുടെ പക്ഷത്തുനിന്നു ചിന്തിച്ചുകൊണ്ട് പുരോഗമനപരമായ പരിവർത്തനങ്ങൾ വരുത്തുന്നതിനുപകരം, 2020-ൽ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസനയം (NEP 2020) പരോക്ഷമായി ഇതിനു വിരുദ്ധമായ സമീപനങ്ങളാണ് മുന്നോട്ടുവെച്ചത്. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിനുപകരം പരീക്ഷാകേന്ദ്രിതമായ വിദ്യാഭ്യാസത്തിന് ഈ നയം പ്രാധാന്യം നൽകി. ഇതിനു മുന്നോടിയായി നോ ഡീറ്റൻഷൻ പോളിസി സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പുനഃപരിശോധിക്കാമെന്ന ഭേദഗതി 2019-ൽ കൊണ്ടുവന്നു. അതുവഴി കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ വെള്ളം ചേർക്കുകയാണു ചെയ്തത്. അറിവിനെ സ്വകാര്യവൽക്കരിക്കുകയും കച്ചവടച്ചരക്കാക്കി മാറ്റുകയും ലാഭകേന്ദ്രീകൃതമാക്കുകയും ചെയ്യുന്നതാണ് ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ ആന്തരികസത്ത. ഇത് തീർത്തും ഭരണഘടനാ വിരുദ്ധമാണ്. അതിനുള്ള ഏറ്റവും ശക്തമായ ദൃഷ്ടാന്തമാണ് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും വാർഷികപ്പരീക്ഷയിൽ നിശ്ചിതനിലവാരം നേടാൻ കഴിയാത്ത കുട്ടികളെ പരാജയപ്പെടുത്തുമെന്നുള്ള കേന്ദ്രഗവൺമെന്‍റ് നിയമം. ഒരു വിഭാഗം കുട്ടികൾ ഇതിനപ്പുറം പഠിക്കേണ്ടതില്ലെന്ന ദുഷ്ടലാക്കാണ് ഇതിനു പിന്നിലുള്ളതെന്ന് ആർക്കും എളുപ്പം തിരിച്ചറിയാവുന്നതേയുള്ളൂ. വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റണമെന്ന ആശയത്തിൽ നിന്നുള്ള തിരിച്ചുപോക്കാണത്. 

 കുട്ടികളെ തോൽപ്പിക്കുന്നതുവഴി ഗുണനിലവാരം ഉയർത്താൻ കഴിയുകയില്ലെന്ന് വിദ്യാഭ്യാസത്തിന്‍റെ ചരിത്രം പരിശോധിച്ചാൽത്തന്നെ മനസ്സിലാക്കാൻ കഴിയും. കുട്ടികൾ തോൽക്കുന്നത് അവരുടെ കുറ്റംകൊണ്ടല്ല. അവർ ജീവിക്കുന്ന സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക ചുറ്റുപാടിന്‍റെയടക്കം സ്വാധീനഫലമായാണ് പലർക്കും വേണ്ട രൂപത്തിൽ മികവിലേക്കെത്താൻ കഴിയാതെ പോകുന്നത്. ഇത്തരം ദുർബല – വിപരീത സാഹചര്യങ്ങളുണ്ടാക്കുന്ന പരിമിതികളെക്കൂടി മറികടക്കുന്ന തരത്തിൽ വിദ്യാലയത്തിൽ പിന്തുണയും പ്രോത്സാഹനവും ഉറപ്പാക്കി എല്ലാ കുട്ടികളെയും മുഖ്യധാരയിലെത്തിക്കുകയാണു വേണ്ടത്. ഓരോ ക്ലാസിലും നേടേണ്ട പഠനലക്ഷ്യങ്ങൾ നേടിയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും പ്രവർത്തനങ്ങളും വിദ്യാഭ്യാസ സംവിധാനത്തിന്‍റെ ബാധ്യതയായി ഏറ്റെടുക്കണം.

               സർക്കാർ വിദ്യാലയങ്ങളിൽ പത്തുലക്ഷം അധ്യാപക ഒഴിവുകൾ ഉണ്ടെന്നാണ് ദേശീയതലത്തിലുള്ള കണക്കുകൾതന്നെ വ്യക്തമാക്കുന്നത്. കുട്ടികൾക്ക് ലഭിക്കേണ്ട അക്കാദമികപിന്തുണയൊരുക്കുന്നതിൽ എത്ര വലിയ അലംഭാവമാണ് സർക്കാർ കാണിക്കുന്നതെന്ന് ഈയൊരു ഉദാഹരണത്തിൽനിന്നുതന്നെ വ്യക്തമാകും. കുട്ടികൾക്ക് വേണ്ട ഭൗതിക-അക്കാദമിക-സാമൂഹ്യ പിന്തുണകൾ ഒരുക്കാതെ കുട്ടികളെ തോൽപിച്ചു പുറത്താക്കാനുള്ള സർക്കാർനീക്കം നീതീകരിക്കാവുന്നതല്ല. ഇതിൽത്തന്നെ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളാണ് ഏറ്റവും കൂടുതൽ അരിച്ചുമാറ്റപ്പെടുകയെന്നും കണക്കുകൾ വെളിവാക്കുന്നു. പട്ടികവർഗ, പട്ടികജാതിയടക്കം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമായവരെ അറിവിന്‍റെയും അധികാരത്തിന്‍റെയും മേഖലകളിൽനിന്ന് ആട്ടിപ്പായിക്കാനുള്ള നീക്കമാണ് ഈ നിയമത്തിനു പിന്നിലുള്ളത്.

              മികച്ച വിദ്യാഭ്യാസം നിലനിൽക്കുന്ന രാഷ്ട്രങ്ങളിലെല്ലാം മത്സരാധിഷ്ഠിതമായ പരീക്ഷാസമ്പ്രദായങ്ങൾ ഉപേക്ഷിക്കുകയും ക്ലാസ്മുറിയിൽ കുട്ടികൾക്ക് തൽസമയപിന്തുണയും പ്രോത്സാഹനവും നൽകുന്ന നിരന്തരവിലയിരുത്തൽ സമ്പ്രദായം വ്യാപകമായി പ്രയോഗിക്കുകയും ചെയ്തു വരുമ്പോഴാണ് ഇവിടെ അത്യന്തം ശിശുവിരുദ്ധവും അമാനവികവുമായ നിലപാടുകൾ കൈക്കൊള്ളുന്നത്.

  സവർണ-കമ്പോള -മുതലാളിത്ത താൽപര്യങ്ങൾ മുൻനിർത്തി രൂപീകരിക്കുന്ന വിദ്യാഭ്യാസ നയ-സമീപനങ്ങളെയും പരീക്ഷാസമ്പ്രദായങ്ങളെയും എതിർത്തു തോൽപ്പിച്ചുകൊണ്ട് ജനാധിപത്യപരമായ ഒരു വിദ്യാഭ്യാസക്രമത്തിനുവേണ്ടി നിലകൊള്ളുകയാണ് ജനാധിപത്യവിശ്വാസികളായ പൗരന്മാരുടെയും പ്രസ്ഥാനങ്ങളുടെയും ഇപ്പോഴത്തെ അനിവാര്യമായ കടമ. കുട്ടികളെ തോൽപ്പിക്കലുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതും ഇനി തിരിച്ചറിയാൻ പോകുന്നതുമായ, ദേശീയ വിദ്യാഭ്യാസനയത്തിലെ ചതിക്കുഴികൾക്കെതിരായി ശക്തമായ ജനകീയ ഐക്യനിര രൂപപ്പെടേണ്ടതുണ്ട്.

    തീർത്തും ജനാധിപത്യവിരുദ്ധവും ഭരണഘടനയ്ക്കു നിരക്കാത്തതുമായ തോൽപിക്കൽ നിയമം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര ഗവൺമെന്‍റിനോട് ആവശ്യപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *