മരുന്ന് കൊള്ളവിലയ്ക്ക് വിൽക്കുന്നതിന് കേന്ദ്രസർക്കാർ ഒത്താശ ചെയ്യരുത്.
അവശ്യ മരുന്നുകളുടെ വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി കുന്നംകുളം ഗവ. താലൂക്ക് ആസ്പത്രിക്കു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം
കേന്ദ്ര നിർവാഹക സമിതിയംഗം പി. മുരളീധരൻ ഉൽഘാടനം ചെയ്തു.
ക്ഷയം, ആസ്ത്മ, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില 50% വരെ വർദ്ധിപ്പിക്കാനുള്ള അനുമതി നൽകിയത് സാധാരണ ജനങ്ങളുടെ ചികിത്സാചെലവ് വർദ്ധിക്കുമെന്നും അത് പൊതുജനാരോഗ്യരംഗത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ചികിത്സയെ ഗൗരവത്തോടെ കാണുന്ന, ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ പത്ത് ശതമാനവും വിൽക്കപ്പെടുന്ന കേരളത്തിലെ ജനങ്ങൾക്കാണ് ഏറ്റവും വലിയ ആഘാതം ഉണ്ടാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനാൽ ഇതിനെതിരെയുള്ള പ്രതിഷേധം സമൂഹം മൊത്തം ഏറ്റെടുക്കേണ്ടതാണ്
പരിഷത്ത് മേഖല ആരോഗ്യ വിഷയസമിതി ചെയർമാൻ ടി. രാജഗോപാൽ ആധ്യക്ഷം വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി ടി.എ. പ്രേമരാജൻ സ്വാഗതവും കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് ജോബ്സൻ അബ്രഹാം നന്ദിയും പറഞ്ഞു.