ഔഷധവില വർധന – പ്രതിഷേധ ജാഥ
തിരുവനന്തപുരം:
ഔഷധ വില വൻ തോതിൽ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിന് മരുന്നു കമ്പനികൾക്ക് കൂട്ടു നിൽക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജാഥ ആയുർവേദ കോളേജ് ജംക്ഷനിൽ നിന്നും ആരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിച്ചു
തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്, കെ.എം. എസ് . ആർ. എ സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണാനന്ദ് തുടങ്ങിയവർ സംസാരിച്ചു.
രാജ്യത്ത് ഉൽപാദനച്ചെലവിന് ആനുപാതികമായാണ് സാധാരണയായി ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. എന്നാൽ ഔഷധ കമ്പനികൾ മരുന്നു വില നിശ്ചയിക്കുന്നത് കൊള്ള ലാഭം മാത്രം ലക്ഷ്യമാക്കിയാണ്. ഉത്പാദന ചെലവിന്റെ പല മടങ്ങായിട്ടാണ് മരുന്നുകളുടെ പരമാവധി വില നിശ്ചയിക്കപ്പെടുന്നത്
കേന്ദ്ര സർക്കാരും ഇതിനു കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തെ ആദ്യത്തെ ഔഷധ നിർമ്മാണ യൂണിറ്റ് ആരംഭിച്ചത് പൊതുമേഖലയിലാണ് .എന്നാൽ വളരെ ഭംഗിയായി പ്രവർത്തിച്ചിരുന്ന ഇത്തരം പൊതുമേഖല സ്ഥാപനങ്ങൾ തെറ്റായ കേന്ദ്ര നയങ്ങൾ കൊണ്ട് പ്രവർത്തനം അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ജെ. ശശാങ്കൻ അധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തിൽ ജില്ലാ സെക്രട്ടറി ഷിംജി.ജി സ്വാഗതവും ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ വി. ജിനു കുമാർ നന്ദിയും പറഞ്ഞു.