വജ്ര ജൂബിലി പ്രവർത്തക സംഗമം മയ്യിൽ പുഴയാത്രയിലൂടെ
കടലിനോടടുക്കുന്നതിൻ്റെ ആവേശത്തിൽ നിറഞ്ഞൊഴുകുന്ന പുഴ. ഓളങ്ങൾതാളത്തിലിളകിയാടുമ്പോൾ അസ്തമന സൂര്യനതിൽ വർണവിസ്മയം തീർക്കുന്നുണ്ട്. അങ്ങിങ്ങു കാണുന്ന പച്ചത്തുരുത്തുകൾ. തീരങ്ങളിൽ ജനസംസ്കൃതിയുടെ പുരാതനവും നൂതനവുമായ മുദ്രകൾ….വളപട്ടണം പുഴയുടെ മനം കവരുന്ന മനോഹാരിതയെ കൺപാർത്തും പുഴ തഴുകി വരുന്ന അനർഗളമായ കുളിർകാറ്റേറ്റും ഒരു യാത്ര.ഗൗരവമായ സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്തും കൂട്ടപ്പാട്ടുകൾ പാടിയും കൊച്ചു കുട്ടികളും അമ്മമാരും മുതിർന്ന പൗരൻമാരുമടക്കം എഴുപതിലധികം പേർ.വജ്രജൂബിലിയിലെത്തിയ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മയ്യിൽ മേഖലാ പ്രവർത്തക സംഗമമാണ് പുഴയാത്രയായി സംഘടിപ്പിച്ചത്.പറശ്ശിനിക്കടവ് മുതൽ നണിച്ചേരിക്കടവ് വരെയും തിരിച്ച് പാമ്പുരുത്തിയും ഭഗത് സിംഗ് ഐലൻറ് വരെയുമുള്ള മൂന്ന് മണിക്കൂറുകൾ. എ.വി.ജയരാജൻ, മിനി, ശ്രീശൻ,ഗിരിജ എന്നിവർ ചേർന്നു പാടിയ ‘ എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ’ എന്നു തുടങ്ങുന്ന ബ്രെഹ്തിൻ്റെ വിഖ്യാതമായ ഗാനത്തോടെയാണ് സംഗമം ആരംഭിച്ചത്. മേഖലാ സെക്രട്ടരി പി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.പ്രസിഡൻറ് എ.ഗോവിന്ദൻ അധ്യക്ഷനായി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.റജി ഉദ്ഘാടനം ചെയ്തു.പരിഷത്ത് മുൻ പ്രസിഡൻറും കേന്ദ്ര നിർവാഹക സമിതി അംഗവുമായ ടി.ഗംഗാധരൻ സമകാലിക കടമകളെക്കുറിച്ചും കേന്ദ്ര നിർവാഹക സമിതി അംഗം വി.വി.ശ്രീനിവാസൻ പരിഷത്ത് പിന്നിട്ട പാതകളെക്കുറിച്ചും വിശദീകരിച്ചു. ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങളിൽ അംഗീകാരം നേടിയ ലക്ഷ്മി, ശ്രീനിധി എന്നീ കുട്ടികളെ വടകര ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ, ചട്ടുകപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എ.വി.ജയരാജൻ എന്നിവർ അനുമോദിച്ചു.ടി.രാജൻ, കൃഷ്ണൻ മയ്യിൽ സംസാരിച്ചു.എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ കൂടിയായ രമേശൻ കടൂർ പ്രീ പ്രൈമറി രംഗത്തെ ഇടപെടലുകളെക്കുറിച്ച് സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡൻറ് കെ.സി.പത്മനാഭൻ ഭാവി പരിപാടികൾ വിശദീകരിച്ചു. മേഖലാ സെക്രട്ടരി ക്രോഡീകരിച്ചു.സി.മുരളീധരൻ നന്ദി പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം സി.കെ.അനൂപ് ലാൽ, മേഖലാ കമ്മറ്റി അംഗങ്ങളായ സി.വിനോദ്, പി.സൈലേഷ്കുമാർ, ടി.വി.ബിജുകുമാർ തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകി.’പടയൊരുക്കുക നാളെയാവുകിലേറെ വൈകീടും ‘ എന്ന പടപ്പാട്ട് എം.സുധീർബാബുവിൻ്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്നു പാടിയപ്പോൾ പുഴയോളങ്ങളുമതേറ്റു പാടി. അതീവ ഹൃദ്യമായ സംഗമം പെട്ടെന്ന് തീർന്നു പോയ തോന്നലാണ് പങ്കെടുത്തവർക്കെല്ലാമുണ്ടായത്.തുടർന്നുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക് ഈ വേറിട്ട ഒത്തുചേരൽ കരുത്ത് പകരുമെന്നതിൽ സംശയമില്ല.