അന്ധവിശ്വാസനിർമാർജ്ജനനിയമം നടപ്പിലാക്കുക.
Mulanturuthy Mekhala Patishedhayogam
മുളന്തുരുത്തി :
നരബലി തുടങ്ങിയ അന്ധവിശ്വാസങ്ങൾക്കെതിരെ കേരളശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തിമേഖല പ്രതിഷേധജാഥയും സംഗമവും നടത്തി. കരവട്ടെ കുരിശിങ്കൽ നിന്നു തുടങ്ങി പള്ളിത്താഴത്ത് അവസാനിച്ച ജാഥയ്ക്കു ശേഷം ചേർന്ന യോഗം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിയമനിർമാണം നടത്താൻ കേരളസർക്കാറിനോടാവശ്യപ്പെട്ടു.
2014ൽ പരിഷത്ത് കേരളസർക്കാരിനു സമർപ്പിച്ച *അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള ബില്ല് – കരട് * പരിഗണിച്ചുകൊണ്ട് എത്രയും വേഗം നിയമം നിർമ്മിക്കണമെന്നും, അന്ധവിശ്വാസം വളർത്തുന്ന തരത്തിൽ വാർത്താമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ നിയന്ത്രിക്കണമെന്നും, ജനങ്ങളിൽ യുക്തിചിന്തയും ശാസ്ത്രബോധവും ഉൽപതിഷ്ണുത്വവും ഉറപ്പാക്കാൻ ഉതകുന്ന എല്ലാവിധ പ്രവർത്തനവും സംഘാടനവും പ്രോത്സാഹിപ്പിക്കണമെന്നും, വിദ്യാഭ്യാസപാഠ്യപദ്ധതിയിൽ ഈ നിയമസംബന്ധമായ ബോധനശകലങ്ങൾ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് പ്രൊഫ. എം വി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പി. കെ . രഞ്ചൻ സെക്രട്ടറി ബി. വി. മുരളി എന്നിവർ സംസാരിച്ചു.