ഡോ.എ.അച്യുതന് കോഴിക്കോടിന്‍റെ ആദരം

0

അച്യുതൻ മാഷ്
പരിസ്ഥിതി പ്രവർത്തകൻ
മുൻ സംസ്ഥാന പ്രസിഡണ്ട്

ഡോ.എ.അച്യുതന് കോഴിക്കോടിന്‍റെ ആദരം

കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ.എ.അച്യുതന് കോഴിക്കോട് പൗരാവലി ആദരങ്ങളർപ്പിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം ആറു പതിറ്റാണ്ടായി തന്‍റെ കർമ്മ മണ്ഡലമായി കോഴിക്കോടിനെ തെരഞ്ഞെടുക്കുകയായിരുന്നു. നഗരാസൂത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നിരവധി സമരങ്ങളിലും നേതൃത്വം വഹിച്ച അദ്ദേഹത്തിന് സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ ആദരമർപ്പിച്ചു.  കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷയായ ചടങ്ങിൽ കെ.ടി.രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ.എ.അച്യുതന് കോഴിക്കോട് പൗരാവലിയുടെ ആദരങ്ങളർപ്പിച്ച് കെ.ടി.രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിക്കുന്നു.

അനുശോചന പ്രമേയത്തിന്‍റെ പൂര്‍ണ്ണരൂപം : കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രസഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ഡോ: എ അച്യുതൻ 2022 ഒക്ടോബർ 10 നു അന്തരിച്ച വിവരം വളരെയേറെ വ്യസനത്തോടെയാണ് നാമെല്ലാം അറിഞ്ഞത്.

സൈലന്റ് വാലി സംരക്ഷണ സമരം, ചാലിയാർ മലിനീകരണ വിരുദ്ധ സമരം , ജീരകപ്പാറ വന സംരക്ഷണ സമരം എന്നിങ്ങനെ ഒട്ടേറെ പ്രക്ഷോഭസമരങ്ങളിൽ അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു. പൊതുമരാമത്ത് വകുപ്പിൽ കുറച്ചു കാലം എഞ്ചിനീയറായിരുണ്ടെങ്കിലും കൂടുതൽ കാലവും കേരളത്തിലെ എഞ്ചിനീയറിംഗ് അദ്ധ്യാപകനായാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന്. 16 വർഷക്കാലം ഡോ: അച്യുതൻ കോഴിക്കോട് REC യിലെ അദ്ധ്യാപകനായിരുന്നു. പിന്നീട് കാലിക്കറ്റ് സർവ്വകലാശാലയിലെ ഉന്നതമായ പല പദവികളിലും അദ്ദേഹം ജോലി ചെയ്തു. 16 ഗ്രന്ഥങ്ങൾ രചിച്ചു പലതും പുരസ്കാരങ്ങൾക്കർഹമായി.

പഠനം , അദ്ധ്യാപനം, അനീതികൾക്കെതിരായ പോരാട്ടങ്ങൾ, ശാസ്ത്രബോധത്തിന്‍റെയും യുക്തി ചിന്തയുടെയും  പ്രചാരണം, പരിസ്ഥിതി സംരക്ഷണം , നാടിനു ചേർന്ന സാങ്കേതിക വിദ്യകളുടെ അവിഷ്കാരങ്ങളും വികസനവും, വന സംരക്ഷണം എന്നിങ്ങനെ പ്രകൃതിയും മനുഷ്യനും വേദന നേരിടുന്ന ഇടങ്ങളിലെല്ലാം നിലയുറപ്പിച്ച സത്യത്തിന്‍റെ പ്രതീകമായിരുന്നു അച്യുതൻ മാഷ്. പഠിച്ചകാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിച് കാണിക്കുന്നതിലായിരുന്നു മാഷ് ഊന്നൽ നൽകിയിരുന്നത്. വാക്കും പ്രവൃത്തിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ലളിതമായ അദ്ദേഹത്തിന്‍റെ ജീവിതരീതികളും പെരുമാറ്റ വൈശിഷ്യങ്ങളും ഡോ: അച്യുതനെ നമ്മുടെയെല്ലാം ഗുരുനാഥനായ അച്യുതൻ മാഷാക്കി മാറ്റി.

വിവിധ സർവ്വകലാശാലകളിലെ അക്കാദമിക സമിതികളിലും ബോർഡ് ഓഫ് സ്റ്റഡീസുകളിലും അദ്ദേഹം അംഗമായിരുന്നു.  സംസ്ഥാന പ്ലാനിംഗ് ബോർഡിലെ ഊർജ്ജ , പാർപ്പിട ടാസ്ക് ഫോഴ്‌സ് ചെയർമാനായും ഇ എം എസ് പാർപ്പിട പദ്ധതി ഉപദേശകനായും, എൻഡോസൾഫാൻ അന്വേഷണ കമ്മീഷൻ, പ്ലാച്ചിമട ജനകീയ കമ്മീഷൻ എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.

1962 മുതൽ 2022 വരെയുളള 60 വർഷക്കാലം അദ്ദേഹം കോഴിക്കോട്ടാണ് ജീവിച്ചത്. കോഴിക്കോട് നഗരം എന്‍റെ ഭാവനയിൽ എന്ന അദ്ദേഹമെഴുതിയ ലേഖനത്തിൽ ഇപ്രകാരം പറയുന്നു.” എന്‍റെ ജന്മനാട് ഇരിങ്ങാലക്കുടയാണെങ്കിലും എന്‍റെ നാടായി ഞാൻ കണക്കാക്കുന്നത് കോഴിക്കോട് നഗരത്തെയാണ്. അതുകൊണ്ട് തന്നെ എന്‍റെ കോഴിക്കോടിനെപ്പറ്റി ഞാൻ സ്വപ്നം കാണാറുണ്ട്. ശുദ്ധമായ കുടിവെള്ളവും ശുദ്ധവായുവും ലഭിക്കുന്ന, ഗതാഗത തടസ്സങ്ങളും ട്രാഫിക്കപകടങ്ങളുമില്ലാത്ത, കൊതുക കടി ശല്യപ്പെടുത്താത്ത , ആരോഗ്യവാന്മാരും സാംസ്കാരസമ്പന്നരുമായ  പൗരന്മാർ അധിവസിക്കുന്ന ഒരു നല്ല നഗരം. പുരാതനകാലം മുതൽ  നേരിനും നെറിക്കും പേരു കേട്ടതും വലിയ നഗരമായി വളർന്നിട്ടും  ഗ്രാമീണ സാരസ്യവും സൗഹൃദ ബന്ധങളും കൈവിടാതെ നിലനിർത്തുന്ന കോഴിക്കോടിന് ഇങ്ങനെയാകാൻ കഴിയും. ലാഭ – ലോഭ മോഹങ്ങളും സങ്കുചിത താല്പര്യങ്ങളും മാറ്റി വെച്ച് എല്ലാവരും ഒത്തുചേർന്ന് മനസസ്സു വെച്ചാൽ “

എല്ലാ അർത്ഥത്തിലും മാതൃകയായ മഹാനായ ഒരു മനുഷ്യ സ്നേഹിയേയും സാമൂഹ്യ പ്രവർത്തകനേയും ശാസ്ത്ര പ്രചാരകനേയുമാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഈ വിയോഗം ഉണ്ടാക്കിയ  ദുഖ: ത്തിൽ അദ്ദേഹത്തിന്‍റെ കുടുംബാഗങ്ങളോടൊപ്പം ഈ യോഗവും പങ്കു ചേരുന്നു. അച്യുതൻ മാഷുടെ വേർപാടിൽ കോഴിക്കോട്ടെ പൗരാവലി അനുശോചനം രേഖപ്പെടുത്തുന്നു.

കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., പുരുഷൻ കടലുണ്ടി, പി.മോഹനൻ, ടി. വി.ബാലൻ, യു.കെ.കുമാരൻ, ഡോ.കെ.കെ.ദിനേശൻ, ഡോ.കെ.പി.മോഹനൻ, ഡോ.കെ.സുഗതൻ, ഫാദർ മണ്ണാറത്തറ, തായാട്ട് ബാലൻ, കെ.കെ.സി.പിള്ള, സുധാകരൻ പി.പി., കെ.കെ.വിജയൻ, കെ.ഷാജു, അഡ്വ.എം.രാജൻ, ഡോ.ബി.എസ്.ഹരികുമാർ, പ്രൊഫ. ശോഭീന്ദ്രൻ, കെ.കെ.ജനാർദ്ധനൻ, ഡോ.യു.ഹേമന്ദ് കുമാർ, ഡോ.ജെ.പ്രസാദ്, പ്രൊഫ.കെ.ശ്രീധരൻ, പ്രൊഫ.കെ.എം.മുഹമ്മദ്, രേണുകാദേവി എന്നിവർ ഡോ.എ.അച്യുതന് ആദരംഅര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിൽ പി.എം.ഗീത സ്വാഗതവും പി.എം.വിനോദ് കുമാർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *